നീലേശ്വരം: കരിന്തളം കരിമ്പിൽ തറവാട്ടുകാരുടെ കാര്യസ്ഥനായിരുന്ന ചൂരപ്പടവിലെ പി.വി ചിണ്ടനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ എട്ടു വർഷത്തിനുശേഷം നീലേശ്വരം എസ്.കെ വി.രതീശനും സംഘവും കോയമ്പത്തൂരിൽ വച്ച് സാഹസികമായി അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ എയർപോർട്ടിലെ ടാക്സി ഡ്രൈവറായ തമിഴ്നാട് നീലഗിരി സ്വദേശി പാർത്ഥിപൻ എന്ന രമേശിനെ (26) ആണ് എസ്.ഐ രതീഷനും സിവിൽ പൊലീസ് ഓഫീസർമാരായ അമൽ രാമചന്ദ്രൻ, പി.വി സുഭാഷ്, കാസർകോട് സൈബർ സെല്ലിലെ ശിവൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത് . 2018 ഫെബ്രുവരി 24നാണ് കവർച്ച ചെയ്യുക എന്ന ഉദ്ദേശത്തോടെ കരിമ്പിൽ എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്ന പാർത്ഥിപൻ ചിണ്ടനെ കൊലപ്പെടുത്തിയത്.
അന്നുതന്നെ അറസ്റ്റിലായ പാർത്ഥിപൻ പിന്നീട് ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. എട്ടു വർഷത്തോളമായി ഒളിവിൽ കഴിയുകയായിരുന്ന പാർത്ഥിപൻ കോയമ്പത്തൂർ എയർപോർട്ടിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാസർകോട് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂരിലെത്തിയ പൊലീസ് സംഘം ഏതാനും ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പാർത്ഥിപനെ കുടുക്കിയത്. എസ്റ്റേറ്റിലെ കാര്യസ്ഥനായിരുന്ന ചിണ്ടനായിരുന്നു തൊഴിലാളികൾക്ക് കൂലി നൽകിയിരുന്നത്. ശനിയാഴ്ച ദിവസം നിരവധി തൊഴിലാളികൾക്ക് കൂലിയായി നൽകേണ്ട ലക്ഷക്കണക്കിന് രൂപ ചിണ്ടന്റെ കൈവശം ഉണ്ടാകുമെന്ന് കരുതിയാണ് പാർത്ഥിപൻ ചിണ്ടനെ തലക്കടിച്ച് കൊലപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |