ന്യൂഡൽഹി: ഇന്ത്യയിൽ വിവിധ സ്ഫോടനങ്ങൾക്ക് ചുക്കാൻ പിടിച്ച കൊടുംഭീകരൻ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. സെയ്ഫുള്ള ഖാലിദ് എന്ന ലഷ്കർ ഭീകരനാണ് മരിച്ചത്. സിന്ധ് പ്രവിശ്യയിൽ അജ്ഞാതരായ ആളുകൾ ആക്രമിക്കുകയായിരുന്നു.
2005ൽ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് കോൺഗ്രസിലുണ്ടായ ആക്രമണം, 2006ൽ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തിനുനേരെ നടന്ന ആക്രമണം, 2008ൽ റാംപൂരിലെ സി.ആർ.പി.എഫ് ക്യാമ്പിനു നേരെയുണ്ടായ ആക്രമണം എന്നിവയുടെ സൂത്രധാരനാണിയാൾ. വിനോദ് കുമാർ എന്ന പേരിൽ നേപ്പാളിൽ കഴിഞ്ഞിരുന്നു. നഗ്മ ബാനു എന്ന സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. നേപ്പാളിൽ വച്ചാണ് ഇന്ത്യയിലെ ആക്രമണങ്ങൾ ആസൂത്രണം ചെയ്തത്. ലഷ്കറെ ത്വയ്ബയ്ക്കായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. റിക്രൂട്ട്മെന്റുകൾ നടത്തി. ഇവിടെ നിന്ന് പാകിസ്ഥാനിലേക്ക് കടന്നശേഷം വിവിധ സ്ഥലങ്ങളിൽ മാറിമാറി കഴിയുകയായിരുന്നു.
അടുത്തിടെയാണ് സിന്ധിലെ ബാദിൻ ജില്ലയിലേക്ക് താമസം മാറിയത്. കഴിഞ്ഞയാഴ്ച കാശ്മീരിലെ ഷോപിയാൻ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 'ഓപ്പറേഷൻസ് കമാൻഡർ' ഷാഹിദ് കുട്ടായ് ഉൾപ്പെടെ മൂന്ന് ലഷ്കർ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |