സമൂഹത്തിൽ, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമാസക്തിയെപ്പറ്റിയും അക്രമ സംഭവങ്ങളെപ്പറ്റിയും അതിനുള്ള കാരണങ്ങളെക്കുറിച്ചും പരിഹാര മാർഗങ്ങളെക്കുറിച്ചുമൊക്കെ ചർച്ചകൾ നടന്നുവരികയാണ്. ഇത്തരം അക്രമസംഭവങ്ങളുടെ മുഖ്യ കാരണങ്ങളിൽ ഒന്നായ മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ദുരുപയോഗത്തെപ്പറ്റിയും പലതട്ടിൽ ബോധവത്കരണ പരിപാടികളും നിയമ നടപടികളും തുടങ്ങിക്കഴിഞ്ഞു എന്നത് ആശ്വാസം തന്നെ.
ഒരു വ്യക്തിയിലെ അക്രമാസക്തിയുടെ കാരണങ്ങളിൽ ജനിതകവും സാമൂഹികവുമായ ഘടകങ്ങൾക്ക് തുല്യ പ്രാധാന്യമാണുള്ളത്. ജനിതകവും ജീവശാസ്‌ത്രപരവുമായ ഘടകങ്ങളെ Nature എന്നും സാമൂഹിക ചുറ്റുപാടുകളെ Nurture എന്നും വിശേഷിപ്പിച്ചു വരുന്നു. ജനിതകവും ജീവശാസ്ത്രപരവുമായ കാരണങ്ങളാൽ ഒരാൾക്ക് ജന്മനാ തന്നെ അക്രമവാസന ഉണ്ടെങ്കിൽപ്പോലും ആ വ്യക്തിയുടെ സാമൂഹിക ഘടകങ്ങൾ മെച്ചപ്പെടുത്തുകവഴി അക്രമാസക്തിയുടെ ആഘാതം കുറയ്ക്കാൻ കഴിയുമെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്. ജനിതക ഘടകങ്ങളും (Genetic Factors) ജീവശാസ്ത്രപരമായ ഘടകങ്ങളും (Biological Factors) ജന്മനാ തന്നെ ഒരു വ്യക്തിക്ക് സിദ്ധിക്കുന്നതാണ്. ഇത് ഓരോ വ്യക്തിയിലും വ്യത്യസ്തമായതിനാലാണ് ഒരാൾ മറ്റൊരാളിൽ നിന്ന് വ്യത്യസ്തനാകുന്നത്.
വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ജനിതക ഘടകങ്ങളെല്ലാം തന്നെ അവരുടെ സ്വഭാവരീതിയിൽ പ്രതിഫലിക്കണമെന്നില്ല. അന്തർലീനമായി കിടക്കുന്ന ജനിതക ഘടകങ്ങൾ ആവിഷ്കരിക്കപ്പെടുമ്പോഴാണ് ആ ഘടകങ്ങളുടെ സ്വാധീനം വ്യക്തികളിൽ പ്രകടമാകുന്നത്. ഈ ആവിഷ്കാര പ്രക്രിയയെ സ്വാധീനിക്കുവാനും അതിലൂടെ അവരുടെ സ്വഭാവ, പെരുമാറ്റ വിശേഷങ്ങളെ മാറ്റിയെടുക്കുവാനും പരിസ്ഥിതി ഘടകങ്ങൾക്കു കഴിയും. വ്യക്തിയുടെ ബാല്യകാലാനുഭവങ്ങൾ, ജീവിത സാഹചര്യ- പോഷകാഹാര ലഭ്യത, ജീവിതശൈലി തുടങ്ങിയവയെല്ലാം പരിസ്ഥിതി ഘടകങ്ങളിൽ ഉൾപ്പെടും. കുട്ടികളോടുള്ള അവരുടെ മാതാപിതാക്കളുടെ പെരുമാറ്റരീതിയെ അടിസ്ഥാനമാക്കിയാണ് കുട്ടികളുടെ സ്വഭാവവും പെരുമാറ്റവും രൂപീകരിക്കപ്പെടുന്നത്. അതിനാൽ കുട്ടികൾക്ക് ഒരു നല്ല മാതൃക രക്ഷിതാക്കളിൽനിന്ന് ശൈശവകാലം മുതൽ കിട്ടേണ്ടതുണ്ട്. അതിനുള്ള പരിശീലനം മാതാപിതാക്കൾക്ക് നേരത്തെ തന്നെ നൽകേണ്ടതുമാണ്.
കാട്ടുചെടിയല്ല കുട്ടികൾ
സ്വന്തം കുട്ടികളെ എങ്ങനെ നല്ല പൗരന്മാരായി വളർത്തിയെടുക്കാം എന്നതിനെപ്പറ്റിയുള്ള ശരിയായ ധാരണ നിർഭാഗ്യവശാൽ മിക്ക മാതാപിതാക്കൾക്കും ഇന്ന് ഇല്ലെന്നത് ആശങ്കജനകമാണ്. 'കുട്ടികളല്ലേ, അവർ അങ്ങ് വളർന്നുകൊള്ളും" എന്ന ചിന്താഗതിയുള്ള രക്ഷാകർത്താക്കൾ കൂടുതലാണ്. ഈ ധാരണ ശരിയല്ല. അങ്ങനെ വളരുവാൻ കുട്ടികൾ കാട്ടുചെടികളല്ല എന്ന തിരിച്ചറിവ് രക്ഷിതാക്കൾക്ക് ഉണ്ടാകണം. എത്ര ബുദ്ധിമുട്ടിയാലും തങ്ങളുടെ കുട്ടികളുടെ ഏത് ആഗ്രഹവും യാതൊരു കുറവും വരുത്താതെ എത്രയും പെട്ടെന്ന് സാധിച്ചുകൊടുക്കുകയാണ് രക്ഷകർത്താവിന്റെ കടമയെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ഈ ധാരണയും തിരുത്തപ്പെടേണ്ടതാണ്.
രക്ഷാകർതൃത്വം എന്നത് ഒരു ജൈവബന്ധത്തിനൊപ്പം ഒരു കുട്ടിയെ വളർത്തുന്നതിലെ സങ്കീർണതകളെക്കൂടിയാണ് സൂചിപ്പിക്കുന്നത്. ബാല്യം മുതൽ പ്രായപൂർത്തിയെത്തുന്നതു വരെയുള്ള കുട്ടികളുടെ ശാരീരികവും ബുദ്ധിപരവും സാമൂഹികവും വൈകാരികവും വിദ്യാഭ്യാസപരവുമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് മാതാപിതാക്കളുടെ കടമയാണ്. ഇതിനുള്ള പരിശീലനം മാതാപിതാക്കളാകാൻ തയ്യാറെടുക്കുന്നവർക്ക് മുൻകൂട്ടി നൽകേണ്ടതുണ്ട്. രക്ഷാകർതൃത്വം പ്രധാനമായും നാലു തരത്തിലുണ്ട്:
സ്വേച്ഛാധിപത്യ രക്ഷാർതൃത്വം
സ്വേച്ഛാധിപത്യ രക്ഷാകർതൃത്വത്തെ ഇംഗ്ളീഷിൽ അതോറിട്ടേറിയൻ പേരന്റിംഗ് എന്നു വിളിക്കാം. കുട്ടികൾക്കു മേൽ അമിത അധികാരം അടിച്ചേൽപ്പിക്കുന്ന കർശന രീതിയാണിത്. കുട്ടികളുടെ അഭിപ്രായങ്ങൾക്ക് ഇത്തരം മാതാപിതാക്കൾ ഒരു വിലയും നല്കില്ല. കുട്ടികൾ സ്വന്തമായി അഭിപ്രായം പറയുവാനും പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ ശ്രമിക്കുവാനും ഇത്തരം രക്ഷാകർത്താക്കൾ അവസരം നൽകില്ല. കുട്ടികൾക്ക് രക്ഷകർത്താവിനോട് വെറുപ്പ് തോന്നുവാനും അവർ ലഹരിവസ്തുക്കൾക്ക് അടിമപ്പെടാനുമുള്ള സാദ്ധ്യതയും ഇവിടെ കൂടുതലാണ്.
ആധികാരിക മാതൃക
അതോറിട്ടേറ്റീവ് പേരന്റിംഗ്: കുട്ടികളുടെ അഭിപ്രായങ്ങൾക്കും ഇഷ്ടങ്ങൾക്കും അർഹിക്കുന്ന പ്രാധാന്യം നൽകി, അവരുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തുന്ന രീതിയാണിത്. കുട്ടികളെ ഏതെങ്കിലും കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുമ്പോൾ അതിനുള്ള കാരണം കൂടി പറഞ്ഞുകൊടുക്കുന്ന ഈ രീതിയിലൂടെ കുട്ടികളുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുവാൻ രക്ഷാകർത്താവിന് കഴിയും.
നിഷ്‌ക്രിയ രക്ഷാകർതൃത്വം
അൺ ഇൻവോൾവ്ഡ് പേരന്റിംഗ്: കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങളോടു പോലും മുഖംതിരിക്കുന്ന രീതി. ഇത്തരം കുട്ടികളിൽ ലഹരി ഉപയോഗത്തിനും കുറ്റകൃത്യങ്ങൾക്കുമുള്ള സാദ്ധ്യത കൂടുതലാണ്.
ഉത്തരാവാദിത്വ രഹിതം
നിയന്ത്രണങ്ങളും അച്ചടക്കവുമില്ലാത്ത ഉത്തരവാദിത്വരഹിത രക്ഷാകർതൃത്വം (പെർമസീവ് പേരന്റിംഗ്) യാതൊരു നിയന്ത്രണമില്ലാതെ കുട്ടികൾക്ക് എല്ലാ സ്വാതന്ത്ര്യവും നൽകുന്നു. രക്ഷാകർത്താവ് എന്നതിലുപരി ഒരു സുഹൃത്തിനെപ്പോലെ കുട്ടികളോട് പെരുമാറുന്ന രീതിയാണിത്. തങ്ങളുടെ കുട്ടികൾ തെറ്റ് ചെയ്യില്ലെന്ന അമിതമായ വിശ്വാസത്തിൽ അവരുടെ തെറ്റുകൾ തിരുത്തുവാൻ പോലും ഇവർ മുതിരാറില്ല. കുട്ടികൾ ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാനും ലഹരി ഉപയോഗത്തിലേക്കും, തെറ്റുകളിലേക്കും പോകാനുമുള്ള സാദ്ധ്യതയും ഇവിടെ കൂടുതലാണ്.
മതസംഘടനകൾ ഉൾപ്പെടെയുള്ള പല സംഘടനകളും വിവാഹപൂർവ കൗൺസലിംഗ് നൽകിവരുന്നുണ്ട്. ഫലപ്രദമായ രക്ഷാകർതൃത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും എങ്ങനെ ഒരു നല്ല രക്ഷകർത്താവാകാമെന്നതിനെക്കുറിച്ചുള്ള ബോധവത്‌കരണം ഈ പരിപാടിയിൽ ഉൾപ്പെടുത്താവുന്നതാണ്. കൗൺസലിംഗ് നൽകുന്നതിന് യോഗ്യത നേടിയ മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനം കൂടി ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. തങ്ങൾക്ക് പിറക്കാനിരിക്കുന്ന കുട്ടികളെ ആരോഗ്യപരമായി വളർത്തിയെടുക്കാനും അവരുടെ ക്ഷേമം ഉറപ്പുവരുത്താനും, അതിലൂടെ അവരെ ഉത്തരവാദിത്വബോധവും, ആത്മവിശ്വാസവും കഴിവുമുള്ള പൗരന്മാരായി മാറുവാനും അതിനാവശ്യമായ പിന്തുണ നൽകുവാനും ഈ പരിശീലനം ലഭിക്കുന്നതിലൂടെ അവർക്ക് സാധിക്കും.
ശാസ്‌ത്രീയ രീതിയിൽ കൗൺസലിംഗ് നൽകുവാൻ പരിശീലനം ലഭിക്കാത്തവർ കൗൺസലിംഗ് നൽകുന്നത് ഗുണത്തെക്കാൾ ദോഷം ചെയ്യുമെന്നുള്ള വസ്തുതയും തിരിച്ചറിയണം. കുടുംബത്തിൽ നിന്ന് എന്നതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന മാതൃകകളും കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ നിർണായകമാണ്. ഇതിന് ആവശ്യമായ പരിശീലനം അദ്ധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നൽകേണ്ടതുണ്ട്. അനാഥരായ കുട്ടികൾക്ക് അഭയം നൽകുന്ന പല കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ കുട്ടികളുടെ പരിചാരകരാണ് രക്ഷാകർത്താക്കളുടെ പങ്കു വഹിക്കുന്നത്. അതിനാൽ ഇത്തരം പരിചാരകർക്കും ശരിയായ രക്ഷാകർതൃത്വം സംബന്ധിച്ച പരിശീലനം ആവശ്യമാണ്.
എങ്ങനെ നല്ല രക്ഷാകർത്താവാകാം എന്നതിനെക്കുറിച്ച് പാഠ്യഭാഗങ്ങളിൽ ഉൾപ്പെടുത്തുക എന്നതും പ്രധാനമാണ്. പല കുട്ടികളും എസ്.എസ്.എൽ.സി, പ്ളസ് ടു തലത്തിൽ വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ എസ്.എസ്.എൽ.സി തലത്തിൽത്തന്നെ ഈ വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതാണ് അഭികാമ്യം. ഡിഗ്രി തലത്തിലുള്ള കോളേജ് വിദ്യാഭ്യാസം അവസാനിക്കുന്നതിന് തൊട്ടുമുമ്പായി വിദ്യാർത്ഥികൾക്ക് ഇത്തരം പരിശീലന പരിപാടികൾ മാനസികാരോഗ്യവിദഗ്ദ്ധരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നതും പ്രയോജനം ചെയ്യും.
(തിരുവനന്തപുരം ശ്രീകാര്യം, ഐ.എം.ബി ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യനും സൈക്യാട്രിസ്റ്റുമാണ് ലേഖകൻ ഫോൺ: 90204 20925)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |