പാരീസ്: ഒൻപത് വയസുകാരിയെ വ്യാജ കല്യാണം കഴിക്കാൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ. പാരീസിലെ പ്രശസ്‌തമായ ഡിസ്‌നീലാന്റ് തീംപാർക്കിലാണ് സംഭവം. 22കാരനായ ബ്രിട്ടീഷുകാരനാണ് വരൻ. ഒൻപത് വയസ് മാത്രമുള്ള യുക്രെയിനിയൻ പെൺകുട്ടിയായിരുന്നു വധു. ശനിയാഴ്‌ച രാവിലെ തീംപാർക്കിലെ ഹാൾ ഈ വ്യാജ വിവാഹം സ്വകാര്യമായി നടത്താനായി 22കാരൻ ബുക്ക് ചെയ്‌തിരുന്നു. തീംപാർക്ക് അധികൃതർ വധു ഒരു കൊച്ചുകുട്ടിയാണെന്ന് മനസിലാക്കിയതോടെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
വരനുപുറമേ വധുവായി നിശ്ചയിച്ച ഒൻപത് വയസുകാരിയുടെ 41 വയസുകാരിയായ അമ്മ, 24,55 വയസുകളുള്ള രണ്ട് ലാത്വിയൻ പൗരന്മാർ എന്നിവർ കൂടി അറസ്റ്റിലായി. സംഭവം കള്ളപ്പണം വെളുപ്പിക്കലും വഞ്ചനയുമാണോയെന്നറിയാൻ പൊലീസ് ഇവരെ ചോദ്യംചെയ്‌തു.
സംഭവത്തിന് പിന്നാലെ പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയെന്നും കുട്ടിക്ക് പ്രശ്‌നങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും നിയമവൃത്തങ്ങൾ അറിയിച്ചു. വിവാഹത്തിനുള്ള റിഹേഴ്‌സൽ എന്ന രീതിയിൽ പരസ്യം നൽകിയാണ് ഈ വ്യാജ വിവാഹം സംഘടിപ്പിച്ചത്. 200 മുതിർന്ന അഭിനേതാക്കളെയും അഞ്ചിനും 15നുമിടയിലുള്ള 100 കുട്ടികളെയും കണ്ടെത്താനായിരുന്നു ഇത്. സംഭവത്തിൽ പിടിയിലായ കുട്ടിയുടെ അമ്മയെയും 55കാരനെയും മോചിപ്പിച്ചു. വരനും 24കാരനായ ലാത്വിയൻ യുവാവുമാണ് കള്ളപ്പണം വെളുപ്പിക്കൽ സംശയത്തെ തുടർന്ന് ഇപ്പോഴും കസ്റ്റഡിയിലുള്ളത്.
ഡിസ്‌നിലാന്റ് അധികൃതരെയും വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരെയും ഇതൊരു വിവാഹമാണെന്ന് അറിയിച്ചിരുന്നില്ല എന്നാണ് വിവരം. പലരും കുട്ടി വധുവിന്റെ വേഷത്തിലെത്തിയപ്പോൾ ഞെട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |