കൊച്ചി: ഡോ. സിസ തോമസിന്റെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ തടഞ്ഞുവച്ചതിൽ ഹൈക്കോടതി ഡിവിഷൻബെഞ്ച് സർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികളുടെ വിശദീകരണം തേടി. 21ന് മറുപടി സമർപ്പിക്കാനാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ജോൺസൺ ജോണും ഉൾപ്പെട്ട ബെഞ്ചിന്റെ നിർദ്ദേശം. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടും ആനുകൂല്യങ്ങൾ അനുവദിക്കുന്നില്ലെന്നാരോപിച്ച് ഡോ. സിസ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിക്കാരിക്കെതിരെ അച്ചടക്കനടപടി നിലനിൽക്കുന്നുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ പദവിയിലിരിക്കേയാണ് സിസ തോമസ് വിരമിച്ചത്. അതിന് ശേഷമാണ് ചാൻസലറുടെ നിർദ്ദേശപ്രകാരം ഡിജിറ്റൽ സർവകലാശാലയിൽ ചുമതലയേറ്റത്.
സാങ്കേതിക യൂണിവേഴ്സിറ്റി വി.സി:....
ഡോ. ശിവപ്രസാദിന്റെ
നിയമനം നിയമപരമല്ല
കൊച്ചി: എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാലയുടെ താത്കാലിക വൈസ് ചാൻസലറായ ഡോ. കെ. ശിവപ്രസാദിന്റെ നിയമിച്ച ചാൻസലർ കൂടിയായ ഗവർണറുടെ നടപടി നിയമപരമല്ലെന്ന് ഹൈക്കോടതി. എന്നാൽ ശിവപ്രസാദിന്റെ കാലാവധി 27ന് പൂർത്തിയാകുമെന്നതിനാൽ അതുവരെ തുടരാം. അടിക്കടി വി.സിയെ മാറ്റുന്നത് സർവകലാശാലക്കും വിദ്യാർത്ഥികൾക്കും ദോഷമാകുമെന്ന് വിലയിരുത്തിയാണ് തുടരാൻ അനുവദിച്ചത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരുന്നപ്പോഴായിരുന്നു നിയമനം.
സർക്കാരിന്റെ ശുപാർശയില്ലാത്ത നിയമനം തെറ്റാണെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് വ്യക്തമാക്കി. സർക്കാർ നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്. സർക്കാർ ശുപാർശ ചെയ്യുന്ന യു.ജി.സി യോഗ്യതയുള്ള ആളെയാണ് താത്കാലിക വി.സിയായി നിയമിക്കേണ്ടതെന്ന് സാങ്കേതിക സർകലാശാല നിയമത്തിലെ വകുപ്പ് 13 (7) വ്യക്തമാക്കുന്നുണ്ട്. ചാൻസലറുടെ 2024 നവംബർ 27ലെ വിജ്ഞാപനം ഇതിന് വിരുദ്ധമാണെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. സർക്കാർ ശുപാർശയുടെ അടിസ്ഥാനത്തിലാണ് താത്കാലിക വി.സിയെ നിയമിക്കേണ്ടതെന്നത് ഡിവിഷൻബെഞ്ച് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിരം വി.സിയെ നിയമിക്കാനുള്ള നടപടി തുടങ്ങാനും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |