പത്തനാപുരം/കൊല്ലം: പത്തനാപുരം റബർ പാർക്കിന്റെ മുടങ്ങി കിടന്ന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അടുത്ത വർഷം പ്രവർത്തനം തുടങ്ങാനാകുമെന്ന് ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. പത്തനാപുരം പിറവന്തൂരിലെ മുക്കടയിലാണ് റബർ പാർക്ക് ആരംഭിക്കുന്നത്. യു.പി.എ സർക്കാരിന്റെ കാലത്താണ് പാർക്കിന് കേന്ദ്ര അനുമതി ലഭിച്ചത്. 2013ൽ അന്നത്തെ കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശർമ്മയാണ് നിർമ്മാണ ഉദ്ഘാടനം നടത്തിയത്.
പക്ഷേ, കസ്‌തൂരി രംഗൻ റിപ്പോർട്ടിൽ പരാമർശിച്ചിരുന്ന പരിസ്ഥിതി ലോല പ്രദേശമാണെന്ന കാരണത്താൽ പ്രവർത്തനം നിറുത്തി. 40 ഏക്കർ ഭൂമിയാണ് കണ്ടെത്തിയിരുന്നത്. വിവിധ വകുപ്പുകൾ നടത്തിയ പരിശോധനയിൽ നിർമ്മാണ യോഗ്യമെന്ന് കണ്ടെത്തിയ 20 ഏക്കർ ഭൂമിയിലാണ് ഇപ്പോൾ നിർമ്മാണം.
റബർ പാർക്ക് എം.ഡി. ജെ.കൃഷ്ണകുമാർ, മാനേജർ ബിജു പൗലോസ്, കിൻഫ്ര മാനേജർ അമ്പിളി, പഞ്ചായത്ത് അംഗങ്ങളായ സി.ആർ.റജികുമാർ, ജെസി തോമസ്, കോൺഗ്രസ് നേതാക്കളായ എ.നജീബ് ഖാൻ, കറവൂർ സുരേഷ്, ഡാനിയേൽ കുട്ടി, കെ.ജോസ്, രാജേന്ദ്രൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
20 ഏക്കർ; 23 കോടി
400 പേർക്ക് നേരിട്ടും 600 പേർക്ക് പരോക്ഷമായും തൊഴിൽ
23 കോടിയോളം രൂപ ചെലവഴിച്ചാണ് 20 ഏക്കർ സ്ഥലത്തെ അടിസ്ഥാന സൗകര്യ വികസനം.
പുനലൂർ പേപ്പർ മിൽ (ട്രാവൻകൂർ പ്ലൈവുഡ് ഫാക്‌ടറി) പ്രവർത്തിച്ചിരുന്ന പ്രദേശത്താണ് റബർ പാർക്ക്.
20 വ്യവസായ സംരംഭകർ സഹകരിക്കാൻ തയ്യാറായിട്ടുണ്ട്. ഇവർക്ക് പ്ലോട്ട് തിരിച്ച് സ്ഥലം കൈമാറും.
20 ഏക്കർ കൂടി ലഭ്യമാക്കി ഭാവിയിൽ പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാക്കാനാണ് ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |