കൊച്ചി: കൊച്ചിയിലെ അസിസ്റ്റന്റ് ഡയറക്‌ടർ ശേഖർകുമാറിനെതിരായ കേസിന്റെ വിശദാംശങ്ങൾ വിജിലൻസിനോട് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ആവശ്യപ്പെട്ടു. 24.73 കോടിയുടെ കള്ളപ്പണക്കേസിൽ പ്രതിയായ കൊട്ടാരക്കര സ്വദേശി അനീഷ് ബാബു അടിസ്ഥാനരഹിതമായ പ്രചാരണമാണ് നടത്തുന്നതെന്നും ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.
കേസെടുക്കാനുള്ള സാഹചര്യങ്ങൾ, പ്രാഥമിക വിവരങ്ങൾ എന്നിവയാണ് ഇ.ഡി ഡൽഹി ആസ്ഥാനത്ത് നിന്ന് അയച്ച ഇ-മെയിലിൽ വിജിലൻസിനോട് ആവശ്യപ്പെട്ടത്. സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അഴിമതിയോട് വിട്ടുവീഴ്‌ചയില്ലെന്നും ഇ.ഡി വ്യക്തമാക്കി.
വിജിലൻസിൽ പരാതി നൽകിയ അനീഷ് ബാബുവിന്റെ ആരോപണങ്ങൾ പരസ്‌പരവിരുദ്ധമാണ്. കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനും നിയമനടപടികൾ തടസപ്പെടുത്താനുമാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
ക്രൈംബ്രാഞ്ചും പൊലീസും രജിസ്റ്റർ ചെയ്‌ത അഞ്ചു കേസുകളുടെ തുടർച്ചയായാണ് ഇ.ഡി കേസെടുത്തത്. അനീഷിന്റെ പിതാവ് ബാബു ജോർജ്, മാതാവ് അനിത ബാബു എന്നിവരും പ്രതികളാണ്. കുറഞ്ഞ വിലയിൽ വാഴവിള കാഷ്യൂസ് എന്ന സ്ഥാപനം വഴി കശുഅണ്ടി ഇറക്കുമതി ചെയ്‌തുനൽകാമെന്ന് വാഗ്ദാനം നൽകി നിരവധിപേരിൽ നിന്ന് 24.73 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.
ഇ.ഡി ഓഫീസിൽ നിന്ന് മുങ്ങിയെന്ന്
2021 മാർച്ചിലാണ് ഇ.ഡി കൊച്ചി ഓഫീസ് കേസെടുത്തത്. അനീഷ് ബാബുവും മാതാപിതാക്കളും സമർപ്പിച്ച ബാങ്ക് രേഖകളുൾപ്പെടെ പരിശോധിച്ചു. 2021 ഒക്ടോബറിൽ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും അനീഷ് എത്തിയില്ല. 2024 ഒക്ടോബർ 28ന് ഹാജരായെങ്കിലും ഉച്ചഭക്ഷണം കഴിക്കാൻ പോയ ശേഷം തിരിച്ചുവന്നില്ല. പിന്നീട് സഹകരിച്ചിട്ടില്ല.കേസിനെതിരെയും മുൻകൂർജാമ്യം തേടിയും ഹൈക്കോടതിയെ അനീഷ് ബാബു സമീപിച്ചെങ്കിലും ഹർജി തള്ളി. സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ കഴിഞ്ഞ മാർച്ച് 17ന് തള്ളി. തുടർന്നാണ് വിജിലൻസിനെ സമീപിച്ചതെന്ന് ഇ.ഡി പറഞ്ഞു.
ഉന്നതരറിയാതെ സമൻസ് നൽകില്ല
സമൻസ് അയച്ചശേഷം ഇടനിലക്കാർ വഴി വിളിപ്പിച്ചെന്ന ആരോപണവും ഇ.ഡി തള്ളി. ഉന്നത ഉദ്യോഗസ്ഥരുടെ അംഗീകാരമില്ലാതെ അന്വേഷണ ഉദ്യോഗസ്ഥർക്ക് സമൻസ് അയയ്‌ക്കാൻ കഴിയില്ല. അഡിഷണൽ ഡയറക്‌ടറിൽ നിന്ന് അംഗീകാരം ലഭിക്കുന്ന സമൻസ് ക്യൂ.ആർ കോഡ് പതിപ്പിച്ചശേഷമാണ് നൽകുന്നത്. ഒത്തുതീർപ്പ് ചർച്ചയ്‌ക്കുശേഷം ഇ.ഡി വിളിപ്പിച്ചില്ലെന്നത് അനീഷിന്റെ തോന്നലാണ്. മാർച്ച് 25ന് നൽകിയ സമൻസിൽ ഹാജരായിട്ടില്ല. മാർച്ച് 31നകം 13 കേസുകളുടെ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുന്ന തിരക്കിലായിരുന്നു ഉദ്യോഗസ്ഥരെന്നും ഇ.ഡി അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |