കാസർകോട്: കനത്ത മഴയിൽ ഭീതി വിതച്ച് ദേശീയപാതയ്ക്കായി മണ്ണിടിച്ച ചെറുവത്തൂർ മട്ടലായി., വീരമല കുന്നുകൾ. ഉത്തര കന്നടയിലെ അങ്കോളയ്ക്ക് സമീപത്തുണ്ടായ മാരകമായ മണ്ണിടിച്ചിലിനെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ദേശീയപാത വഴി വാഹനത്തിൽ കടന്നുപോകുന്നവരെയും നാട്ടുകാരെയും പെരുംഭീതിയിലാഴ്ത്തിയാണ് ഇവയുടെ നിൽപ്പ്. എട്ടുദിവസം മുമ്പ് പശ്ചിമ ബംഗാൾ സ്വദേശി മിൻഹാജുൽ അലി മിർ(18) കൊല്ലപ്പെട്ടതിന് കാരണമായ മട്ടിലായി കുന്ന് ഇന്നലെ മഴയിൽ വീണ്ടും ഇടിഞ്ഞു.
ദുരന്തത്തെ തുടർന്ന് ഈ ഭാഗത്ത് സർവീസ് റോഡ് നിർമ്മാണം നിർത്തിവച്ചതിനാൽ ഇന്നലത്തെ മണ്ണിടിച്ചലിൽ ആളപായം ഒഴിവായി. കഴിഞ്ഞ 12ന് ഉണ്ടായ അപകടത്തിന് ശേഷമാണ് ഇവിടെ നിർമ്മാണം നിർത്തിയത്. എന്നാൽ ഇവിടെ ജെ.സി.ബി ഉപയോഗിച്ച് കുന്നിടിക്കുന്ന പണി ഇപ്പോഴും തകൃതിയാണ്. മട്ടിലായി കുന്നിന്റെ മുകളിലുള്ള 'കുളിയൻ പാറയും ' ഇടിഞ്ഞു വരുമെന്ന് നേരത്തെ 'കേരള കൗമുദി' മുന്നറിയിപ്പ് നൽകിയതാണ്. യാതൊരു നിയന്ത്രണവും ഇല്ലാതെ അശാസ്ത്രീയമായ മണ്ണെടുപ്പ് കാരണമാണ് ഈ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
മട്ടലായി, വീരമല കുന്നുകൾ കുത്തനെ നിർത്തിയതാണ് കനത്ത മണ്ണിടിച്ചിലിന് കാരണമാകുന്നത്. കഴിഞ്ഞ മഴ ക്കാലത്ത് ചങ്കിടിപ്പോടെയാണ് ചെറുവത്തൂർ വീരമലയുടെയും മട്ടലായി കുന്നിനരികിലൂടെയും വാഹനങ്ങൾ കടന്നുപോയത്. മഴ കനത്താൽ വിരമലയുടെ താഴ്വാരത്തും മട്ടലായിയിലും സ്ഥിതി എന്തായിരിക്കുമെന്ന സൂചനയാണ് ഇന്നലെ ഉണ്ടായത്. നാട്ടുകാരുടെയും യാത്രക്കാ രുടെയും തൊഴിലാളികളുടെയും ജീവൻ വച്ചാണ് ഇപ്പോൾ ദേശീയപാത 66-ന്റെ വികസനപ്രവൃത്തി നടക്കുന്നത്. കഴിഞ്ഞ ജൂണിൽ വീരമലക്കുന്നിൽ സുരക്ഷാഭിത്തിയുടെ പ്രവൃത്തിക്കിടെ മലയിടിഞ്ഞ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടിരുന്നു. സഹതൊഴിലാളികളുടെയും ഓടിയെത്തിയ നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് ഇരുവരേയും പുറത്തെടുത്ത് ജീവൻ രക്ഷിച്ചത്.
വീരമലയുടെ ഉയരം നൂറുമീറ്ററിന് മുകളിൽ
സുരക്ഷാഭിത്തി അഞ്ച് മീറ്റർ
നൂറുമീറ്ററിലധികം ഉയരമുള്ള വീരമലയുടെ താഴ്വാരത്ത് അഞ്ചു മീറ്റർ ഉയരത്തിലും 450 മീറ്റർ നീളത്തിലുമാണ് ദേശീയപാതയെ കാക്കാനുള്ള സുരക്ഷാഭിത്തി നിർമ്മിച്ചിരിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 50 മുതൽ 100 മീറ്റർ വരെ ഉയരത്തിൽ 52 ഏക്കർ വിസ്തൃതിയിലാണ് ഈ മല. പ്രദേശത്തിന്റെ ജലസംഭരണികൂടിയാണ് വീരമല ക്കുന്ന്. കൊടുംവേനലിലും വീരമലയ്ക്ക് അരികിൽ തെളിനീറുവകളുണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |