SignIn
Kerala Kaumudi Online
Monday, 16 June 2025 6.52 PM IST

കേരളകൗമുദി സാമൂഹിക നവീകരണം നിറവേറ്റുന്നു: ഗവർണർ ആർലേക്കർ

Increase Font Size Decrease Font Size Print Page

governor

തിരുവനന്തപുരം:കേരളകൗമുദിപോലുള്ള പത്രത്തെ നൂറ് വർഷത്തിനപ്പുറം സമൂഹം ഏറ്റുവാങ്ങുന്നുണ്ടെങ്കിൽ അത് സാമൂഹിക നവീകരണധർമ്മവും നിറവേറ്റുന്നുണ്ടെന്നാണ് അർത്ഥം. രാജ്യം സ്വാതന്ത്ര്യംനേടുന്നതിന് മുമ്പും അതിനു ശേഷവും നല്ലതും വിഷമമേറിയതുമായ വാർത്തകൾ അറിയുകയും അറിയിക്കുകയും ചെയ്ത കേരളകൗമുദി, അതിന്റെ മൂല്യങ്ങളിലും നിലപാടുകളിലും ഇന്നും ഉറച്ചുനിൽക്കുന്നുണ്ടെന്നത് ചെറിയകാര്യമല്ലെന്നും ഗവർണർ ആർ.വി.ആർലേക്കർ പറഞ്ഞു. കേരളകൗമുദിയുടെ 114ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മാദ്ധ്യമപ്രവർത്തനം സെൻസേഷണലിസത്തിലേക്കും വിനോദത്തിലേക്കും മാറുന്നത് കൊണ്ടാണ് പേരൂർക്കടയിലെ സംഭവങ്ങൾ ഇന്നുമുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇന്ത്യ അഭൂതപൂർവ്വമായ ശക്തിയോടെ ലോകത്തിന് മുന്നിൽ ഉയിർത്തെഴുന്നേൽക്കുമെന്നാണ് ലോകരാജ്യങ്ങൾ കരുതിയത്.അത്രയ്ക്ക് സാംസ്ക്കാരികവും ചരിത്രപരവുമായ ശക്തിയാണ് ഈ രാജ്യത്തിനുള്ളത്. എന്നാൽ റഷ്യയുടേയും ചെെനയുടേയും അമേരിക്കയുടേയുമൊക്കെ പിന്നിൽ അടിമയെപ്പോലെ നിൽക്കുന്ന രാജ്യത്തെയാണ് പിന്നീട് കണ്ടത്. ജനങ്ങളെ അത് നിരാശപ്പെടുത്തി. ഇന്ന് നാം നമ്മുടെ ശക്തി തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇന്ത്യ ഇന്ന് ലോകത്തെ മുന്നിൽ നിന്ന് നയിക്കാൻ പര്യാപ്തമാണ്.

രാജ്യമാണ് വലുത്.ജനങ്ങളെ അതിന് അനുസരിച്ച് നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് ശക്തിപകരുകയാണ് മാദ്ധ്യമങ്ങൾ ചെയ്യേണ്ടത്. ജനങ്ങൾക്കും രാജ്യത്തിനുമൊപ്പം ഉറച്ചുനിൽക്കാൻ കഴിഞ്ഞതാണ് കേരളകൗമുദിയെ ശക്തിയോടെ നിലനിറുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അവസര സമത്വത്തിനായുള്ള
പോരാട്ടം തുടരും:ദീപുരവി

തിരുവനന്തപുരം:കേരളകൗമുദി തുടങ്ങിയപ്പോൾ മുതൽ സത്യത്തിനൊപ്പം നിലകൊള്ളുകയാണെന്നും ദശാബ്ദങ്ങളായി അതിൽ ഉറച്ചുനിൽക്കുകയാണെന്നും ചീഫ് എഡിറ്റർ ദീപുരവി പറഞ്ഞു.

കേരളകൗമുദിയുടെ 114ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്രം തുടങ്ങിയപ്പോഴുള്ള ആശയങ്ങൾക്കും നിലപാടുകൾക്കും ഇന്നും പ്രസക്തിയുണ്ട്. പിന്നാക്കം നിൽക്കുന്നവർക്കും അടിച്ചമർത്തപ്പെട്ടവർക്കും നേരെ കേരളത്തിൽ തുടരുന്ന ആക്രമങ്ങൾ തെളിയിക്കുന്നത് അതാണ്. എല്ലാവർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ലഭ്യമാക്കുന്നതിനുള്ള പോരാട്ടം തുടരും.

രാജ്യനിർമ്മിതിക്കും സാമൂഹ്യനവോത്ഥാനത്തിനുമുള്ള ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളുടെ സാഷാത്ക്കാരത്തിനായി മുതുമുത്തച്ഛൻ സി.വി. കുഞ്ഞുരാമൻ തുടങ്ങിയതാണ് കേരളകൗമുദി. 2011ൽ നൂറാം വാർഷികത്തിന്റെ ഉദ്ഘാടനത്തിനെത്തിയ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിംഗ് പറഞ്ഞത് ഒരുപത്രം നൂറാം വാർഷികം കടക്കുമ്പോൾ അത് ദേശചരിത്രത്തിന്റെ ഭാഗമാകുന്നുവെന്നാണ്. മാദ്ധ്യമരംഗത്ത് രാഷ്ട്രീയ,സാംസ്ക്കാരിക,സാമൂഹ്യ സ്വാധീനങ്ങളിലകപ്പെടാതെ മാദ്ധ്യമപ്രവർത്തനത്തെ പരിവർത്തനത്തിന്റെ ശക്തിയായി കണ്ട് അതിർവരമ്പുകൾ ഭേദിച്ച് മുന്നോട്ട് പോകാനാണ് കേരളകൗമുദി ശ്രമിച്ചത്.അത് തുടരും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ ഇന്ത്യ ആഗോളനേതൃസ്ഥാനത്തേക്ക് കുതിക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യവികസനത്തിനും നിർമ്മാണമേഖലയിലും രാജ്യം വൻപുരോഗതിയിലേക്കാണ് നീങ്ങുന്നത്. ഭൗതിക പുരോഗതിയിൽ രാജ്യം നേടിയെടുത്ത നേട്ടങ്ങളിൽ സ്വകാര്യമേഖലയ്ക്കും നിർണ്ണായക പങ്കുണ്ട്. ഫോർച്ച്യൂൺ 500കമ്പനികൾ ഈ വളർച്ചയിൽ ശക്തികേന്ദ്രമായി പ്രവർത്തിച്ചിട്ടുണ്ട്. ചെറുകിട,ഇടത്തരം സംരംഭങ്ങൾക്കും അതിന്റേതായ പങ്കുണ്ട്.അത് അവഗണിക്കാനാവില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

TAGS: KERALA GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.