റിലയൻസ് ഗ്രൂപ്പ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്ന മുംബയിലെ ആഡംബര വസതിയായ ആന്റിലിയ മിക്കപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. 15,000 കോടി രൂപ ചെലവഴിച്ചാണ് ഈ വസതി നിർമിച്ചത്. 27 നിലകളുള്ള ആഡംബര വസതിയുടെ ഏറ്റവും മുകളിലെ നിലയിലാണ് അംബാനിയും കുടുംബവും താമസിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളുളള ആന്റിലിയ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ഒരു കെട്ടിടം കൂടിയാണ്.
ഇപ്പോഴിതാ അംബാനി കുടുംബം എന്തിനാണ് അവരുടെ വസതിക്ക് ആന്റിലിയ എന്ന് പേരിട്ടതെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു പുരാണ ദ്വീപിന്റെ പേരിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് അംബാനി കുടുംബം വസതിക്ക് ആന്റിലിയ എന്ന് പേരിട്ടത്. ആന്റിലിയ എന്ന ദ്വീപ് പതിനഞ്ചാം നൂറ്റാണ്ടിൽ ഉണ്ടായിരുന്നുവെന്നാണ് വിശ്വാസം, ഈ ദ്വീപിൽ സങ്കൽപ്പിക്കാനാകാത്ത സമ്പത്തുണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്. ആ സങ്കൽപ്പമാണ് അംബാനി കുടുംബം വർഷങ്ങൾക്ക് മുമ്പ് വസതിയിലും കണ്ടതെന്നാണ് റിപ്പോർട്ടുകൾ. സ്വന്തം വസതിയിൽ നിന്നുതന്നെ സമ്പൽസമൃദ്ധി ഉണ്ടാകുമെന്നാണ് അംബാനി കുടുംബത്തിന്റെ വിശ്വാസം.
നാല് ലക്ഷം ചതുരശ്ര അടിയിലാണ് ആന്റിലിയ നിർമിച്ചിരിക്കുന്നത്. പെർകിൻസ് ആന്റ് വിൽ, ഹിച്ച് ബെദ്‌നാർ അസോസിയേറ്റ്‌സ് എന്നീ അമേരിക്കൻ കമ്പനികളാണ് ആന്റിലിയ ഡിസൈൻ ചെയ്തതും നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചതും. 2008ൽ നിർമാണം ആരംഭിച്ച് വെറും രണ്ട് വർഷങ്ങൾകൊണ്ടാണ് കെട്ടിടം പൂർത്തിയായത്.173 മീറ്ററാണ് ആന്റിലിയയുടെ ഉയരം. മൂന്ന് ഹെലിപാഡുകൾ, മൾട്ടി സ്റ്റോറി കാർ പാർക്കിംഗ്, മൂന്ന് ഹൈസ്‌പീഡ് എലിവേറ്ററുകൾ എന്നിവ ആന്റിലിയയുടെ സവിശേഷതകളിൽ ചിലത് മാത്രമാണ്. റിക്ടർ സ്‌കെയിലിൽ 8.0 തീവ്രതയുള്ള ഭൂകമ്പത്തെവരെ ആന്റിലിയയ്ക്ക് അതിജീവിക്കാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |