തിരുവനന്തപുരം: ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ വര്‍ക്കലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് റിസോര്‍ട്ട് എടുത്ത് നല്‍കിയിരുന്ന വെറും ഇടനിലക്കാരന്‍. ഉത്തരേന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും സീസണ്‍ സമയത്ത് വര്‍ക്കലയിലെത്തുന്ന സഞ്ചാരികള്‍ക്ക് താമസസൗകര്യം ഏര്‍പ്പാടാക്കി കൊടുക്കുമ്പോള്‍ ലഭിച്ചിരുന്ന തുച്ഛമായ വരുമാനം മാത്രമായിരുന്നു കല്ലമ്പലം സ്വദേശി സൈജുവിന് ഉണ്ടായിരുന്നത്. കളം മാറ്റിചവിട്ടി വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിച്ചത് ആരേയും അമ്പരപ്പിക്കുന്ന മാറ്റങ്ങളായിരുന്നു.
മൂന്ന് കോടിയുടെ എംഡിഎംഎ കടത്തുന്നതിനിടെ കഴിഞ്ഞ ദിവസമാണ് കല്ലമ്പലത്ത് നിന്ന് സൈജു പിടിയിലായത്. ചെറിയതോതില്‍ ലഹരി ഇടുപാടുകള്‍ നടത്തിയുള്ള തുടക്കം അന്താരാഷ്ട്ര ബന്ധങ്ങളിലേക്ക് വരെ വളരുകയായിരുന്നു. ഓരോ മാസവും നിരവധി തവണയാണ് ഇയാള്‍ വിദേശയാത്രകള്‍ ഉള്‍പ്പെടെ നടത്തിയിരുന്നത്. പെട്ടെന്നുണ്ടായ സാമ്പത്തിക വളര്‍ച്ചയും അടിക്കടിയുള്ള വിദേശ യാത്രകളും പൊലീസിന്റെ സംശയം ബലപ്പെടുത്തി.
സംശയം തോന്നിയതോടെ കഴിഞ്ഞ രണ്ട് മാസമായി ജില്ലാ റൂറല്‍ ഡാന്‍സാഫ് സംഘം സൈജുവിന് പിന്നാലെയുണ്ടായിരുന്നു. 2022ല്‍ ചെറിയതോതില്‍ ലഹരി ഇടപാടുകള്‍ നടത്തിയതിന് ഇയാള്‍ പിടിയിലായിരുന്നു. ടൂറിസം മേഖലയില്‍നിന്നു ലഭിച്ച വിദേശബന്ധങ്ങളാണ് സൈജുവിനെ അന്താരാഷ്ട്ര മയക്കുമരുന്നു കടത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് കരുതുന്നത്. പിന്നീട് ഇയാള്‍ വാടകയ്ക്ക് വീടെടുത്ത് ലഹരി ഇടപാടുകള്‍ നടത്തിയിരുന്നു. പത്തോളം നായ്ക്കളുടെ കാവലിലാണ് കച്ചവടം നടത്തിയിരുന്നത്.
ഭാര്യയുടെ പേരില്‍ ആഢംബര ഭവനം, ബന്ധുക്കള്‍ക്കും സ്വത്തില്‍ വളര്‍ച്ച
ഭാര്യയുടെ പേരില്‍ സൈജു നിര്‍മ്മിക്കുന്ന ആഢംബര വീടിന്റെ ചെലവ് രണ്ട് കോടി രൂപയാണ്. ഇയാളുടെ ചില ബന്ധുക്കളും വലിയ അളവില്‍ ഭൂമി ഇടപാട് നടത്തിയിട്ടുണ്ട്. ഇതും പൊലീസ് പരിശോധിക്കുകയാണ്. ജൂണ്‍ അവസാനം സൈജു കുടുംബസമേതം വിദേശത്തേക്ക് പോയിരുന്നു. മടങ്ങിയെത്തിയപ്പോള്‍ കുട്ടികളുടെ പേരില്‍ വരെ വിദേശമദ്യം കൊണ്ടുവന്നിരുന്നു. വിദേശയാത്രയ്ക്ക് സൈജു തയ്യാറെടുക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഇയാളെ കുടുക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു.
മാസത്തില്‍ രണ്ടും മൂന്നും തവണ വിദേശത്തേക്ക് പോകുന്ന സൈജു സാധാരണ നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ തിരിച്ചെത്തും. വര്‍ക്കല മേഖലയിലെ എംഡിഎംഎ ചില്ലറ വിതരണക്കാരെ പിടികൂടിയതോടെയാണ് സൈജുവിന്റെ എംഡിഎംഎ കച്ചവടത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഡാന്‍സാഫിന് ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |