വന്യമൃഗങ്ങൾ കാട് വിട്ട് നാട്ടിലേക്കിറങ്ങുന്നത് പുതിയ കാര്യമല്ല. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങൾ മനുഷ്യരെ ഉപദ്രവിക്കുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്യുന്നതാണ് മലയോര നാടിന്റെ പ്രതിസന്ധി. പ്രശ്നം സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് വലിയ ചോദ്യമാണ്. വന്യമൃഗങ്ങളെ തടയാൻ നടപടി എടുക്കേണ്ടത് വനംവകുപ്പാണ്. മനുഷ്യർക്കും കൃഷിക്കും വന്യമൃഗങ്ങൾ നാശമുണ്ടാക്കാതിരിക്കാൻ പ്രതിരോധ നടപടികളാണ് ആവശ്യം. ഇക്കാര്യത്തിൽ വനംവകുപ്പിന്റെ നടപടികൾ ഫലപ്രദമാകുന്നില്ലെന്നാണ് ഓരോ സംഭവങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നത്. വയനാട്ടിലും മലപ്പുറത്തും കണ്ണൂരും പാലക്കാടും പത്തനംതിട്ടയിലും ഇടുക്കിയിലുമെല്ലാം വന്യമൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്. ചില കാര്യങ്ങളിൽ സർക്കാർ നടപടികൾ എടുത്തില്ലെങ്കിൽ പൊതുജനം ചില തീരുമാനങ്ങളെടുക്കും. അത്തരം ജനതീരുമാനങ്ങൾ കൂടുതലും നടപ്പാകുന്നത് വനാതിർത്തികളിലാണ്. അടുത്തിടെ കോന്നി കുളത്തുമണ്ണിൽ കാട്ടാന സോളാർ വേലിയിൽ തട്ടി വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തിൽ സമീപത്തെ തോട്ടം ഉടമയുടെ തൊഴിലാളിയായി തമിഴ്നാട് സ്വദേശി റാസുവിനെ വനപാലകർ കസ്റ്റഡിയിലെടുത്തു. പാടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഇയാളുടെ മൊഴി എടുത്തപ്പോൾ കുറ്റം ചുമത്താവുന്ന ചില വിവരങ്ങൾ വനപാലകർക്ക് ലഭിച്ചു.
പിന്തുണയുമായി
എം.എൽ.എ
റാസുവിനും കൈതത്തോട്ടം ഉടമയ്ക്കുമെതിരെ വനംവകുപ്പ് കേസെടുക്കുമെന്ന ഘട്ടത്തിലാണ് മലയോര മേഖലയായ കോന്നിയുടെ എം.എൽ.എ കെ.യു. ജനീഷ് കുമാറിന്റെ രംഗപ്രവേശം. അദ്ദേഹം ജനപ്രതിനിധി എന്നതിലുപരി ജനങ്ങൾക്കിടയിൽ ജീവിച്ച് നാടിന്റെ വികാരം മാനിച്ച് പ്രവർത്തിക്കുന്നയാളാണ്. വന്യമൃഗ ശല്യത്താൽ പൊറുതിമുട്ടിയ ജനങ്ങൾ പലതവണ പരാതിപ്പെട്ടിട്ടും ഫലുപ്രദമായ നടപടികൾ വനംവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായില്ല.
ജില്ലയിൽ കോന്നി, റാന്നി എന്നിങ്ങനെ രണ്ടു വനം ഡിവിഷനുകളാണുള്ളത്. കാട്ടാന, പുലി, കടുവ, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ മൃഗങ്ങൾ കൃഷി നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുകയാണ്. പ്രശ്നങ്ങൾ രൂക്ഷമായി തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം റാസുവിനെ പാടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. അറസ്റ്റ് ചെയ്യുമെന്ന ഘട്ടമെത്തിയപ്പോഴാണ് ജനീഷ് കുമാർ എം.എൽ.എ സ്റ്റേഷനിലെത്തിയത്. നിരപരാധികളെ വനം നിയമങ്ങളുപയോഗിച്ച് പീഡിപ്പിക്കുന്നതിനെതിരെ എം.എൽ.എ നടത്തിയ രോഷപ്രകടനത്തിലെ ചില വാക്കുകൾ അതിരുവിട്ടുപോയി. അതിൽ കയറിപ്പിടിച്ചാണ് എം.എൽ.എയ്ക്കെതിരെ കടന്നാക്രമണം നടത്തുന്നത്.
കസ്റ്റഡിയിലെടുത്ത ആളിനെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു എം.എൽ.എ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ക്ഷുഭിതനായത്. എന്തു തോന്ന്യാസമാണ് കാട്ടുന്നതെന്ന് എം.എൽ.എ വനപാലകരോട് ചോദിച്ചു. മനുഷ്യന് സഹിക്കാവുന്നതിന് പരിധിയുണ്ട്. ഇവിടെ മനുഷ്യൻ ചാകാൻ പോവുകയാണ്. ജനങ്ങൾ അവിടെ പ്രതിഷേധിച്ചു നിൽക്കുകയാണ്. ആന ചത്തെങ്കിൽ ഇലക്ട്രിസിറ്റിക്കാർ റിപ്പോർട്ട് തരും. കള്ളക്കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയാണോ എന്നിങ്ങനെയായിരുന്നു എം.എൽ.എയുടെ വാക്കുകൾ. ഇതിന്റെ ദൃശ്യങ്ങൾ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് പുറത്തായി. കസ്റ്റഡിയിലുണ്ടായിരുന്ന ആളെ എം.എൽ.എ ബലമായി മോചിപ്പിച്ചു കൊണ്ടുപോവുകയും ചെയ്തു. കോന്നി ഡിവൈ. എസ്.പി രാജപ്പൻ റാവുത്തറെയും കൂട്ടിയാണ് എം.എൽ.എ ഫോറസ്റ്റ് സ്റ്റേഷനിലെത്തിയത്. അവിടെയുണ്ടായ രംഗങ്ങൾക്കെല്ലാം അദ്ദേഹം സാക്ഷിയായിരുന്നു. എം.എൽ.എ പ്രകടിപ്പിച്ചത് ജനങ്ങളുടെ രോഷമാണെന്ന് ന്യായീകരിച്ച് പിന്തുണയുമായി സി.പി.എം, ഡി.വൈ.എഫ്. ഐ പോരാളികൾ കളം കൊഴുപ്പിച്ചു. സി.പി.എം. കോന്നി വനം ഡിവിഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.
വന്യമൃഗ ശല്യത്തിനെതിരായ ജനവികാരമാണ് താൻ പ്രകടിപ്പിച്ചതെന്നായിരുന്നു എം.എൽ.എയുടെ വിശദീകരണം. മോശം വാക്കുകൾ പറഞ്ഞതിൽ ഖേദമുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ ജനം ദുരിതം അനുഭവിക്കുകയാണ്. നടപടിക്രമം പാലിച്ചല്ല ആളിനെ കസ്റ്റഡിയിലെടുത്തത്. സാധാരണക്കാരെ വനപാലകർ കസ്റ്റഡിയിലെടുക്കുകയാണെന്നും എം.എൽ.എ ആരോപിച്ചു.
ഫോറസ്റ്റ് സ്റ്റേഷൻ കത്തിക്കുമെന്നും നക്സലുകൾ വരുമെന്നും ഭീഷണിപ്പെടുത്തിയ എം.എൽ.എ കസ്റ്റഡിയിലുണ്ടായിരുന്നയാളെ ബലമായി മോചിപ്പിച്ച കൊണ്ടുപോയതിനെ പരിഹസിച്ച് വനംവകുപ്പ് ജീവനക്കാരുടെ സംഘടനകൾ ഫെയ്സ് ബുക്കിൽ കുറിപ്പിട്ടതും വിവാദമായി. വനംവകുപ്പിന് ആകെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ വനംവകുപ്പ് മന്ത്രി എം.എൽ.എയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചത് വനപാലകരിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.
എത്രനാൾ
ഇങ്ങനെ തുടരും
വന്യമൃഗങ്ങൾ ജനവാസ മേഖലയിലുണ്ടാക്കുന്ന നാശത്തിന് ശാശ്വത പരിഹാരം അകലെയാണ്. എന്തു ചെയ്യണമെന്ന് സർക്കാരിന് ഒരു പിടിയുമില്ല. വന്യമൃഗങ്ങളെ കൊല്ലാൻ വനനിയമം അനുവദിക്കുന്നില്ല. ആക്രമണകാരികളും ശല്യക്കാരുമായ മൃഗങ്ങളെ മറ്റു ഗത്യന്തരങ്ങളൊന്നുമില്ലാതെ മയക്കുവെടി വയ്ക്കുകയാണ് ചെയ്യുന്നത്. ഇത് എത്ര നാൾ തുടരാനാകും. കൃഷിക്കും മനുഷ്യനും നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇക്കാര്യം തദ്ദേശ സ്ഥാപനങ്ങളെ ഏൽപ്പിച്ചിരിക്കുകയാണ്. പക്ഷെ, വെടിവയ്ക്കാൻ എല്ലായിടത്തും ഷൂട്ടർമാരില്ലാത്തതും ഉളളവർക്ക് ശമ്പളം കൊടുക്കാൻ പണമില്ലാത്തതുമാണ് ഗ്രാമ പഞ്ചായത്തുകൾ നേരിടുന്ന പ്രശ്നം. കാട്ടുപന്നികളെ കൈകാര്യം ചെയ്യുന്നത് സങ്കീർണ പ്രശ്നമായി നിലനിൽക്കുമ്പോഴാണ് കാട്ടാനകളും കൃഷി നശിപ്പിക്കാനെത്തുന്നത്. ശല്യക്കാരായ പന്നികളെ വെടിവയ്ക്കാൻ അനുമതിയുള്ള പോലെ ശല്യക്കാരായ കാട്ടാനകളെ കൊല്ലാൻ അനുമതിയില്ല.
വനാതിർത്തികളിൽ കൃഷി ചെയ്യുന്ന കൈതയും കരിമ്പും പ്ളാവിലെ ചക്കയും തിന്നാനാണ് കാട്ടാനകൾ ഇറങ്ങുന്നത്. ഇര തേടിയിറങ്ങുന്ന കടുവയും പുലിയും മനുഷ്യരെ കണ്ടാലും ആക്രമിക്കും. മനുഷ്യ രക്തവും മാംസവും കടുവയ്ക്കും പുലിക്കും ഇഷ്ടമായിട്ടുണ്ട്. അതുകൊണ്ട് ഇവയെ എല്ലാം കൊല്ലാൻ സർക്കാർ അനുമതി നൽകിയിട്ടില്ല. അവ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടേയിരിക്കും. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയും ചെയ്യും. ഇതിനുള്ള പരിഹാരമെന്നോണമാണ് നായാട്ടിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. അതാണ് ജനങ്ങളുടെ ആവശ്യവും. ഇനി കേന്ദ്രം എന്തു പറയുമെന്ന് കാത്തിരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |