41 വർഷത്തോളം അങ്കണവാടി ഹെൽപ്പറായി ജോലി ചെയ്തിരുന്ന അമ്മയെ കുറിച്ച് ഹൃദ്യമായ കുറിപ്പുമായി നടൻ വിജിലേഷ്.
നാൽപത്തിയൊന്ന് വർഷത്തെ സർവീസിന് ശേഷം അമ്മ അങ്കണവാടി ഹെൽപ്പർ ജോലിയിൽ നിന്ന് വിരമിച്ചു. നാല് പതിറ്റാണ്ടായി തുടരുന്ന അമ്മയുടെ ദിനചര്യയിൽ നിന്ന് ഇനി വിശ്രമജീവിതത്തിലേക്ക്.അമ്പതു രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലിയാണ്. പിരിയുമ്പോൾ ഒമ്പതിനായിരം രൂപയായി അത് മാറി. പണ്ട്, ആരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നു. കുഞ്ഞുങ്ങളെ നോക്കുക എന്ന ഉത്തരവാദിത്വം നിറഞ്ഞ ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്. പുലർച്ചെ 4.30 ന് എഴുന്നേറ്റ് വീട്ട് ജോലികളൊക്കെ തീർത്ത് തിരക്ക് പിടിച്ചു അങ്കണവാടിയിലേക്കു ഓടുന്ന അമ്മയെ കണ്ടാണ് ഞാൻ വളര്‍ന്നത്. കുഞ്ഞുങ്ങൾക്കരികിലേക്കുള്ള ആ ഓട്ടത്തിന്റെ നേരത്ത് അമ്മയുടെ മുഖത്ത് നിറയുന്ന ഗൗരവം ഞാൻ കണ്ടിട്ടുണ്ട്.
ഡിഗ്രി പഠനം ഞാൻ തിരഞ്ഞെടുത്തത് സംസ്‌കൃതമായിരുന്നു. തുടർന്ന് പിജിക്ക് തിയേറ്ററും. തിയേറ്റർ പഠിച്ചിട്ട് എന്ത് ചെയ്യാനാണ് എന്ന് എല്ലാവരും ചോദിച്ചപ്പോഴും എന്റെ ഇഷ്ടം അതാണെന്ന് മനസ്സിലാക്കി എല്ലാ പിന്തുണയും നൽകി അമ്മ കൂടെ നിന്നു. വളരെ തുച്ഛമായ വരുമാനത്തിലാണ് അമ്മ ജോലിയാരംഭിച്ചത്. കിട്ടിയ പ്രതിഫലത്തേക്കാൾ, നൂറുക്കണക്കിന് കുഞ്ഞുങ്ങളുടെ ചിരിയും സ്‌നേഹവും കുസൃതിയുമൊക്കെ അമ്മയിൽ നിറച്ചത് മനുഷ്യത്വത്തിന്റെ തീരാത്ത തുളുമ്പലുകളാണ്. അതിൽ നിന്ന് ഞങ്ങൾ മക്കൾക്കും കിട്ടിയിട്ടുണ്ട് അലിവിന്റെ ഒരിക്കലും മങ്ങാത്ത വെളിച്ചം. അമ്മ എനിക്കെന്നും ആശ്ചര്യവും പ്രചോദനവുമാണ് . പൂക്കൾക്കിടയിൽ നിന്ന് അമ്മ വീടണഞ്ഞെങ്കിലും ഓർത്തെടുക്കാൻ ഒരു വസന്തമത്രയും അമ്മയ്‌ക്കൊപ്പമുണ്ട്. വിജിലേഷിന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |