കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുമ്പോൾ വേണ്ടത് അതീവശ്രദ്ധ. പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ അപകടങ്ങൾക്കുള്ള സാദ്ധ്യത വർദ്ധിച്ച സാഹചര്യത്തിലാണ് കരുതലോടെ വാഹനമോടിക്കണമെന്ന് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ മുന്നറിയിപ്പ് നൽകുന്നത്.
പ്രധാന റോഡുകളിൽ ഉൾപ്പെടെ പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. അപകടകരമായ കുഴികളും പലയിടത്തും രൂപപ്പെട്ടു. മഴയിൽ വെള്ളം നിറഞ്ഞ് കുഴികൾ മിക്കപ്പോഴും തിരിച്ചറിയില്ലെന്നതും അപകടസാദ്ധ്യത കൂട്ടുന്നു. തെക്കി ബസാർ ജോൺ മില്ലിന് സമീപം രൂപപ്പെട്ട കുഴിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഇരുചക്രവാഹനയാത്രക്കാർ വീണിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവർ ദുരന്തത്തിനിരയാകാതെ രക്ഷപ്പെട്ടത്. ഈ കുഴിയിൽ വ്യാപാരികൾ തെങ്ങിൻ തൈ സ്ഥാപിച്ച് പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ ദിവസം കാസർകോട് കനത്ത മഴയിൽ ബ്രേക്ക് നഷ്ടപ്പെട്ടുണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശിയായ സ്ത്രീ മരിച്ചിരുന്നു. ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന പലയിടങ്ങളിലും റോഡിലേക്ക് ചെളി ഇറങ്ങി അപകടസാദ്ധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്.
അറ്റൻഷൻ പ്ളീസ്
വെള്ളക്കെട്ടുകളിൽ വാഹനങ്ങൾ ഇറക്കുമ്പോൾ ശ്രദ്ധിക്കണം
വെള്ളക്കെട്ടിൽ വേഗത പരമാവധി കുറയ്ക്കണം
മഴയത്ത് പതിവിലും വേഗത കുറച്ച് വാഹനമോടിക്കണം
റോഡിൽ നിശ്ചിത അകലം പാലിക്കണം
കാഴ്ച മറക്കും വിധം മഴയുള്ളപ്പോൾ വാഹനങ്ങൾ നിർത്തിയിടണം
വാഹനത്തിൽ നിന്ന് പുറത്തേക്കും വാഹനത്തെ മറ്റുള്ളവരും കാണുന്നുണ്ടെന്ന് ഉറപ്പാക്കണം.
വാഹനത്തിൽ ശ്രദ്ധിക്കാം.
കാലവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ മെക്കാനിക്കൽ ഭാഗങ്ങളിൽ ശ്രദ്ധ വേണമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കാലത്തിന് മുന്നേ വാഹനങ്ങളുടെ ടയറുകളും ബ്രേക്കുകളും വൈപ്പറുകളും ലൈറ്റുകളും ഉൾപ്പെടെ പ്രവർത്തനക്ഷമമാണോ എന്ന് ഉറപ്പ് വരുത്തണം.
മഴക്കാലത്ത് കൃത്യമായ ശ്രദ്ധയോടെ മാത്രം വാഹനങ്ങൾ ഓടിക്കുക. വേഗത കുറയ്ക്കുക. വെള്ളക്കെട്ടുകളിൽ ഉൾപ്പെടെ ശ്രദ്ധ വേണം. കൃത്യമായ അകലം പാലിച്ചും റോഡ് നിയമങ്ങൾ പാലിച്ചും വാഹനം ഓടിക്കുക. -ജില്ല മോട്ടോർ വാഹന വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |