തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഇന്നലെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ദിരാഭവനിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് ശില്പശാലയും നടത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എം.എൽ.എ, മുൻ പ്രസിഡന്റ് കെ.സുധാകരൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ് എം.എൽ.എ, ഷാഫി പറമ്പിൽ എം.പി, എ.പി.അനിൽകുമാർ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു. ഡി.സി.സികളുടെ നേതൃത്വത്തിലും പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും അനുസ്മരണസമ്മേളനം നടത്തി. ഭീകരവിരുദ്ധ പ്രതിജ്ഞ എടുക്കുകയും വിമുക്ത ഭടന്മാരെ ആദരിക്കുകയും ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജംഗ്ഷനുകളിൽ പുഷ്പാർച്ചന നടന്നു.
പിണറായി സർക്കാരിന്
തുടരാൻ അവകാശമില്ല: ദീപാദാസ് മുൻഷി
പിണറായി സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു. നിർമ്മാണത്തിലിരിക്കുന്ന റോഡുകൾ തകരുമ്പോൾ എന്തു വിശ്വസിച്ചാണ് ജനം റോഡുകളിലൂടെ യാത്ര ചെയ്യുക. ആരോഗ്യ മേഖലയുടെ അവസ്ഥ ശോചനീയമാണെന്നും പറഞ്ഞു. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഇന്ദിരാഭവനിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പഞ്ചായത്ത് രാജിനെ ദുർബലപ്പെടുത്താനാണ് പിണറായി സർക്കാരും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. രാജീവ് ഗാന്ധിയുടെ പഞ്ചായത്തീരാജ് നഗരപാലിക ബില്ലിനെ രാജ്യസഭയിൽ പരാജയപ്പെടുത്താൻ വോട്ടുചെയ്ത സി.പി.എമ്മിന്റെ നിഷേധാത്മക മനോഭാവത്തിന് ഇന്നും മാറ്റം വന്നിട്ടില്ലെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |