SignIn
Kerala Kaumudi Online
Monday, 07 July 2025 6.45 AM IST

ഈ ദേശീയപാതയിൽ ഇപ്പോഴും തുടരുന്നു മലയിടിച്ചിൽ

Increase Font Size Decrease Font Size Print Page
gyap-road

രണ്ട് വർഷം മുമ്പ് ചിന്നക്കനാലിൽ നിന്ന് പിടികൂടിയ അരിക്കൊമ്പനെയും കയറ്റി പോയ വാഹനവ്യൂഹത്തിന്റെ യാത്ര ചാനലുകളിൽ തത്സമയം കണ്ടവർ തേയിലക്കാടുകൾക്കിടയിലെ ഹെയർ പിൻവളവുകളുള്ള മനോഹരമായ റോഡ് ശ്രദ്ധിച്ചിട്ടുണ്ടാകും. കാെച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ റോഡാണിത്. ഈ റോഡിൽ മൂന്നാറിൽ നിന്ന് 13 കിലോമീറ്റർ അകലെ ദേവികുളത്തിനും പെരിയകനാലിനും ഇടയിലാണ് കാഴ്ചകൾക്ക് ഒരു ഗ്യാപ്പും നൽകാത്ത ഗ്യാപ് റോഡ് ഭാഗം. മലയെടുത്തു മടിയിൽ വച്ച മേഘങ്ങളാണ് മുഖ്യ ആകർഷണം. മേഘത്തുണ്ടുകൾക്കിടയിലൂടെയുള്ള മുട്ടുകാട് പാടശേഖരത്തിന്റെ വിദൂര ദൃശ്യം പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയാണ്. തെളിഞ്ഞ ആകാശമാണെങ്കിൽ ഹൈറേഞ്ചിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇവിടെ നിന്നാൽ കാണാം. ചാെക്രമുടി മലയുടെ കീഴിലാണ് ഗ്യാപ് റോഡ്.

ചരിത്രപാത

1924ലെ പ്രളയത്തിൽ മൂന്നാർ ടോപ്പ് സ്റ്റേഷനിലെ മോണോ റെയിൽ സംവിധാനം തകർന്നതിനെ തുടർന്ന് തമിഴ്നാട്ടിലേക്കും കേരളത്തിലേക്കുമുള്ള ചരക്ക് ഗതാഗതം പൂർണമായും നിലച്ചപ്പോൾ റെയിലിന് ബദലായി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് ദേവികുളം ഗ്യാപ്പ് റോഡ്. അതീവ പരിസ്ഥിതി ദുർബലമായ പ്രദേശത്ത് തീർത്തും പ്രകൃതി സൗഹൃദമായിട്ടായിരുന്നു നിർമ്മാണം. ലോക്ഹാർട്ട് ഗ്യാപ്പെന്നും ഇവിടം അറിയപ്പെടുന്നു. ഇത് പിന്നീട് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായി. മൂന്നാറിൽ നിന്ന് 14 കിലോമീറ്ററാണ് ഗ്യാപ്പിലേക്കുള്ള ദൂരം. ഇവിടെ ചില ഭാഗത്ത് റോഡിന് വീതി തീരെ കുറവായിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം 2017 ആഗസ്റ്റിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ റോഡ് വീതി കൂട്ടാൻ ആരംഭിച്ചു. ഇതിനായി 381 കോടിയാണ് ഉപരിതല ഗതാഗതവകുപ്പ് അനുവദിച്ചത്. രണ്ടു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കൊച്ചി കേന്ദ്രമായ റോഡ് നിർമ്മാണ കമ്പനിയ്ക്ക് റോഡ് നിർമ്മിക്കുന്നതിലല്ല, പാറ പൊട്ടിച്ച് കടത്തുന്നതിൽ മാത്രമായിരുന്നു താത്പര്യം. മുകൾമണ്ണിന്റെ ബലം നോക്കാതെ മലകൾക്കുള്ളിൽ പോലും അമിത സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഖനനം നടത്തി. അശാസ്ത്രീയവും ഭൂപ്രകൃതിക്ക് ചേരാത്തതുമായ നിർമ്മാണത്തെ തുടർന്ന് പത്തോളം തവണ വൻതോതിൽ മലയിടിച്ചിലുകളുണ്ടായി. 2019 ഒക്ടോബർ എട്ടിനും 11നുമുണ്ടായ ഇടിച്ചിലുകളായിരുന്നു ഇവയിൽ ഭീകരം. 11നുണ്ടായ മലയിടിച്ചിലിൽ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി മണ്ണിനടിയിൽപ്പെട്ട് മരിക്കുകയും മറ്റൊരാളെ കാണാതാകുകയും ചെയ്തിരുന്നു. മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറികളുമടക്കം നിരവധി വാഹനങ്ങൾ അന്ന് തകർന്നു. മലയടിവാരത്ത് ഏക്കറുകണക്കിന് കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തു. ചെറിയ ഇടിച്ചിലുകളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിനുശേഷം രണ്ട് മാസത്തോളം നിർമ്മാണം നിറുത്തിവച്ചു. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ റോഡ് നിർമിച്ചതും വൻപാറക്കെട്ടുകൾ അനധികൃതമായി പൊട്ടിച്ചുനീക്കിയതും മൂലമാണ് മലയിടിഞ്ഞതെന്ന് ദേവികുളം സബ് കളക്ടറായിരുന്ന രേണുരാജ് അന്ന് റിപ്പോർട്ട് നൽകിയിരുന്നു. അത് അവഗണിച്ച് പാറപൊട്ടിക്കലും നിർമാണ പ്രവർത്തനങ്ങളും തുടർന്നു. ഇതിന്റെ പരിണിതഫലമായി ജൂൺ 17ന് രാത്രിയുണ്ടായ വൻ മലയിടിച്ചിലിൽ അരകിലോമീറ്ററോളം റോഡാണ് തകർന്നത്. മലഞ്ചെരിവിൽ 25 ഏക്കറിലധികം സ്ഥലത്ത് വൻ കൃഷിനാശവും സംഭവിച്ചു. അടിവാരത്ത് നിർമ്മിച്ചിരുന്ന രണ്ട് കെട്ടിടങ്ങൾ പൂർണമായും ഒരെണ്ണം ഭാഗികമായും തകർന്നു. റോഡരികിൽ നിറുത്തിയിട്ടിരുന്ന ഒരു വാഹനത്തിന് കേടുപാടുകളുണ്ടായി. മഴക്കാലത്ത് ദുരന്ത സാദ്ധ്യത കണക്കിലെടുത്ത് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നത് വൻദുരന്തമൊഴിവാക്കി. ഏറ്റവുമൊടുവിൽ കഴിഞ്ഞ 12ന് വൈകിട്ടും ഗ്യാപ് റോഡിൽ മലയിടിച്ചിലുണ്ടായി. ഉയരത്തിൽ നിന്ന് പാറക്കല്ലുകളും മണ്ണും റോഡിലേക്ക് വീഴുകയായിരുന്നു. തുടർന്ന് വിനോദസഞ്ചാരികളടക്കം വഴിയിൽ കുടുങ്ങി. ഒരു ദിവസത്തിലേറെ ഗ്യാപ്പ് റോഡിലെ ഗതാഗതം തടസപ്പെട്ടു. അപകടസമയത്ത് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാക്കി. കഴിഞ്ഞ വർഷവും ഇതേ റോഡിൽ വലിയ തോതിൽ മലയിടിഞ്ഞിരുന്നു. അനിയന്ത്രിതമായ പാറ ഖനനമാണ് നിരന്തര മലയിടിച്ചിലുകൾക്ക് കാരണമെന്ന് കാട്ടി നാല് വർഷം മുമ്പ് കോഴിക്കോട് എൻ.ഐ.ടി സംഘം സർക്കാരിന് പഠന റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

പൊട്ടിച്ചെടുത്തത്

കോടികളുടെ പാറ

ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മൂന്നാർ ഗ്യാപ്പ് റോഡിൽ നിന്ന് കരാറുകാരന്റെ നേതൃത്വത്തിൽ അനധികൃതമായി പൊട്ടിച്ച് കടത്തിയത് 2.5 ലക്ഷത്തിലധികം ക്യുബിക് മീറ്റർ പാറ. പൊതുവിപണിയിലെ വിലയനുസരിച്ച് ഒരു ക്യുബിക് മീറ്റർ പാറയ്ക്ക് 1250 രൂപ കണക്കുകൂട്ടിയാൽ തന്നെ 31.25 കോടി രൂപ മൂല്യമുണ്ട്. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം 4.52 കോടി രൂപ മാത്രമാണ് നഷ്ടം. ദേവികുളം ഭാഗത്ത് നിന്ന് 93,000 ക്യുബിക് മീറ്ററും ഉടുമ്പൻചോല ഭാഗത്ത് നിന്ന് 1,57,960 ക്യുബിക് മീറ്ററും പാറ അനധികൃതമായി പൊട്ടിച്ചതായി കണ്ടെത്തി. വിവിധ ഭാഗങ്ങളായി തിരിച്ച് പാറയുടെ ആഴം കണക്ക് കൂട്ടിയാണ് പരിശോധന നടത്തിയത്. അലൈന്റ്‌മെന്റ് പ്രകാരം അനുവദിച്ചിരിക്കുന്ന പാറയുടെ ഉള്ളിലേക്ക് കയറി പൊട്ടിച്ചെടുത്തതാണ് ഇവയെല്ലാം. ഒരു ഡസണിലധികം സ്ഥലത്ത് വലിയ തോതിൽ പാറയിടിഞ്ഞ് പോയതിനാൽ ഇതിന്റെ അനുവദനീയമായ അതിർത്തി നിർണ്ണയിക്കാനായിരുന്നില്ല. തുടർന്ന് ഗൂഗിൾ ഇമേജിന്റെ സഹായത്തോടെയാണ് ഇത് കണക്കാക്കി നഷ്ടപ്പെട്ട പാറയുടെ അളവെടുത്തത്. ഏഴ് മീറ്റർ ദൂരത്തിൽ രണ്ടര കിലോമീറ്ററോളം വരുന്ന ഭാഗത്തെ പാറയാണ് പൊട്ടിക്കാൻ ഗ്യാപ്പ് റോഡിൽ മാത്രം അനുവദിച്ചിരുന്നത്. റോഡ് നിർമാണത്തിന് ആകെ 5,30,676 ക്യുബിക് മീറ്റർ പാറ ഖനനത്തിന് അനുമതിയുണ്ടായിരുന്നു. റോഡ് കടന്നുപോകാത്ത ഭാഗത്തെ വരെ പാറ പൊട്ടിച്ചുനീക്കിയതായി 2020ൽ ജില്ലാ കളക്ടർക്ക് സ്‌പെഷ്യൽ തഹസിൽദാർ നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. കരിങ്കൽ ഖനനത്തിനായി റോഡ് അലൈൻമെന്റ് മാറ്റിയെന്ന ആരോപണവും കരാറെടുത്ത കമ്പനിക്കെതിരെയുണ്ട്. റിപ്പോർട്ട് നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നതാണ് ശ്രദ്ധേയം.

TAGS: IDUKKI, NH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.