ഇടുക്കി: ലൈഫ് ഭവന പദ്ധതിയിൽ വൻ ക്രമക്കേടിൽ നടപടിക്ക് ശുപാർശ. ഇടുക്കി ഉപ്പുതറ ഗ്രാമപഞ്ചായത്തിൽ നൂറ്റിയമ്പതോളം അനർഹർ പണം തട്ടിയെടുത്തു. ഇതിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റും ഉൾപ്പെടുന്നു.
അനർഹരിൽ നിന്ന് പണം തിരികെ ഈടാക്കാനുള്ള നടപടികളിലേക്ക് പഞ്ചായത്ത് കടന്നിട്ടുണ്ട്. ആദ്യഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള 27 പേർക്കെതിരെയാകും നടപടി സ്വീകരിക്കുക. തദ്ദേശ സ്വയംഭരണ വകുപ്പ് വിജിലൻസ് വിഭാഗത്തിന്റെ ശുപാർശ പ്രകാരമാണ് നടപടി. കൂടുതൽ ക്രമക്കേടുണ്ടായോ എന്നും പരിശോധിച്ചുവരികയാണ്.
സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിയെ കമ്മറ്റി ചുമതലപ്പെടുത്തി. എക്കർ കണക്കിന് പട്ടയ ഭൂമിയുള്ളവർ, രണ്ടും മൂന്നും വാഹനങ്ങളും വാസ യോഗ്യമായ വീടുമുള്ളവർ, ലൈഫ് പദ്ധതിയിൽ പണിത വീട് ഒരു വർഷം തികയും മുമ്പ് മൂന്നിരട്ടി വിലയ്ക്ക് വിറ്റവർ തുടങ്ങി വ്യാപകമായ ക്രമക്കേട് ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിൽ നടന്നുവെന്നാണ് ആരോപണം. എൽ.ഡി.എഫ് നേതൃത്തിലുള്ള കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് പണം ദുരുപയോഗം ചെയ്തത്. പദ്ധതിയിൽ അർഹരായവർ പുറത്തു നിൽക്കുമ്പോഴാണ് അനർഹരായവർ ഗുണഭോക്തൃ പട്ടികയിൽ കടന്നു കൂടിയത്.
പദ്ധതിയുടെ ഒന്നാം ഗഡു വാങ്ങിയ ശേഷം ഒരു പണിയും ചെയ്യാതെ രണ്ടും മൂന്നും നാലും ഗഡു കൈപ്പറ്റിയ നിരവധി പേരുണ്ട്. പഴയ വീട് അറ്റകുറ്റപ്പണി നടത്തി പണം തട്ടിയവരും മറ്റുള്ളവരുടെ വീടിന്റെ ഫോട്ടോ നൽകി പണം വാങ്ങിയവരും പട്ടയ ഭൂമിയുടെ രേഖ നൽകി പട്ടയമില്ലാത്ത (ഉപേക്ഷിക്കപ്പെട്ട എസ്റ്റേറ്റ്) ഭൂമിയിൽ വീടു വച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഇതിന് അവസരമുണ്ടാക്കിയതിൽ അന്നത്തെ ഉദ്യോഗസ്ഥർക്കും വാർഡ് മെമ്പർമാർക്കും നിർണായക പങ്കുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
ഒരു വീടിന് നാല് ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയിൽ 25,000 രൂപയുടെ തൊഴിൽ ദിനങ്ങളുമാണ് സർക്കാർ സഹായം നൽകുന്നത്. ക്രമക്കേടിലൂടെ ഇതുവരെയുള്ള കണക്ക് പ്രകാരം സർക്കാരിന് 1,14,75,000 (ഒരു കോടി പതിനാലു ലക്ഷത്തി എഴുപത്തി അയ്യായിരം) രൂപ നഷ്ടമായിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി ഈ തുക18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കാനാണ് ഇന്റേണൽ വിജിലൻസ് വിഭാഗത്തിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |