റാപ്പർ വേടനെതിരായുള്ള അധിക്ഷേപ പരാമർശങ്ങളിൽ പ്രതികരിച്ച് സംവിധായിക ഐഷ സുൽത്താന. 'വേടന്റെ പാട്ട് കേട്ടപ്പോൾ മാളത്തിൽ നിന്നും ഏതോ ഒരു പാമ്പ് പുറത്തേക്ക് വന്നെന്ന് കേട്ടല്ലോ. അത് ഏത് ഇനം പാമ്പാണ്? ആർക്കെങ്കിലും അറിയോ?'- എന്നാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ സംവിധായിക ചോദിക്കുന്നത്.
കഴിഞ്ഞദിവസം വേടനെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല രംഗത്തെത്തിയിരുന്നു. ഇതിൽ വേടൻ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായിക ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങൾക്ക് മുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നതെന്നാണ് ശശികല പറഞ്ഞത്. പാലക്കാട് കളക്ടറേറ്റിന് മുന്നിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശികലയുടെ വിമർശനം. 'പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്? റാപ്പ് സംഗീതമാണോ അവരുടെ തനതായ കലാരൂപം? ഗോത്രസംസ്‌കൃതി അതാണോ? അവരുടെ വ്യക്തിത്വം ഉറപ്പിക്കേണ്ടത് അതിലൂടെയാണോ? പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് പാലക്കാട്ട് ഒരു പരിപാടി നടത്തുമ്പോൾ പട്ടികജാതി, പട്ടികവർഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ നടത്തേണ്ടത്? കഞ്ചാവ് ഉപയോഗിക്കുന്നവർ പറയുന്നതേ കേൾക്കൂ എന്ന ഭരണരീതി മാറ്റണം'- എന്നായിരുന്നു ശശികലയുടെ വാക്കുകൾ.
റാപ്പ് സംഗീതവും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുമായി യതൊരു ബന്ധവുമില്ലെന്ന് ശശികല പറഞ്ഞല്ലോ? അപ്പോൾ ജനാധിപത്യവും തീവ്രഹിന്ദുത്വ രാഷ്ട്രീയവും തമ്മിൽ യതൊരു ബന്ധവുമില്ലെന്നായിരുന്നു വിമർശനങ്ങളിൽ വേടന്റെ പ്രതികരണം. താൻ ജനാധിപത്യത്തിന്റെ കൂടെ നിന്ന് ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ആളായിട്ടാണ് തോന്നിയിട്ടുള്ളത്. അതുകൊണ്ടായിരിക്കാം നിരവധി പേർ തനിക്കെതിരെ സംസാരിക്കുന്നത് എന്നും വേടൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |