SignIn
Kerala Kaumudi Online
Monday, 07 July 2025 12.29 AM IST

സ്കൂൾ ക്ളാസുകളിൽ ഐ.ടി യുഗം, എ.ഐ എൻജിൻ ഈ വർഷം,​ ഐ.ടി ജനകീയമാക്കി 'കൈറ്റ്'

Increase Font Size Decrease Font Size Print Page

k-anwar-sadhath

കെ. അൻവർ സാദത്ത്

സി.ഇ.ഒ,​ 'കൈറ്റ്"

അടിസ്ഥാനസൗകര്യങ്ങൾ സ്കൂളുകളിൽ എത്തിക്കുന്നതിനെക്കുറിച്ച് മറ്റു സംസ്ഥാനങ്ങൾ അഞ്ചാറു വർഷം മുമ്പ് ചിന്തിച്ചുതുടങ്ങുമ്പോൾ കേരളം ഐ.ടി ആവാസവ്യവസ്ഥയുടെ ജാലകം തുറന്നിരുന്നു! 'ഐ.ടി അറ്റ് സ്കൂൾ" എന്ന പദ്ധതി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) എന്ന സ്ഥാപനത്തിന്റെ രൂപീകരണത്തിലേക്കു നയിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഐ.ടിക്കായി പ്രത്യേകം സ്ഥാപനമുള്ള ഒരേയൊരു സംസ്ഥാനവും കേരളമാണ്. സൈബർ ആക്രമണങ്ങളുടെയും വ്യാജവാർത്തകളുടെയും കാലത്ത് ഐ.ടി പരിശീലനത്തിനും അപ്പുറമുള്ള ലക്ഷ്യങ്ങളെക്കുറിച്ച് 'കൈറ്റ്" സി.ഇ.ഒ: കെ. അൻവർ സാദത്ത് 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.

?​ കൈറ്റിന്റെ 'ഹൈടെക്" യാത്ര.

2003-ൽ എട്ടാംക്ലാസിലും 2005-ൽ എസ്.എസ്.എൽ.സിയിലും ഐ.ടി വിഷയം പാഠപുസ്തകത്തിന്റെ ഭാഗമായി. 2009 മുതൽ ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസവും ആരംഭിച്ചു. അന്നു മുതൽ 'കൈറ്റി"ന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ബ്രോഡ്ബാൻഡ് സംവിധാനം കൊണ്ടുവന്നു. 2016-ൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ക്ലാസ്‌മുറികളും ഹൈടെക് ആക്കാൻ തീരുമാനിച്ചു. 2019- ൽ എട്ടു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ 4752- ഓളം സ്കൂളുകളിലെ 45,000 ക്ലാസുകൾ ഹൈടെക്കാക്കി. 2020-ഓടെ എല്ലാ ക്ലാസ്‌മുറികളും ഡിജിറ്റലൈസ് ചെയ്തു. 2018- ൽ ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി നെറ്റ്‌വർക്കായ 'ലിറ്റിൽ കൈറ്റ്സ് ക്ലബ്" ആവിഷ്കരിച്ചു.

?​ പണ്ട് ഐ.ടി എന്നാൽ കംപ്യൂട്ടർ പരിശീലനം മാത്രമായിരുന്നല്ലോ...

 ഇപ്പോഴത്തെ കുട്ടികൾ ഒരുപാട് അപ്ഡേറ്രഡ് ആണ്. അതിനനുസരിച്ച് പാഠപുസ്തകങ്ങളിലും മാറ്റം വരുത്തുന്നുണ്ട്. 2023-ൽ എ.ഐ പരിചിതമായിത്തുടങ്ങുന്നതിനു മുൻപേ 80,000 അദ്ധ്യാപകർക്ക് വിദ്യാഭ്യാസവകുപ്പ് എ.ഐ പരിശീലനം നൽകി. ഇപ്പോൾ പൊതുജനങ്ങൾക്കും കോഴ്സ് പ്രയോജനപ്പെടുത്താം. എം.എൽ.എമാർ, ഡോക്ടർമാർ ഉൾപ്പെടെ 1700 പേർ കോഴ്സിന്റെ ഭാഗമാണ്.

?​ രാജ്യത്ത് വിദ്യാഭ്യാസത്തിനായുള്ള ആദ്യ ചാനൽ കൈറ്റിന്റെ വിക്ടേഴ്സ് ആണല്ലോ.

2006-ലാണ് വിക്ടേഴ്സ് ചാനൽ തുടങ്ങിയത്. 2011-ൽ വിക്ടേഴ്സ് സംപ്രേഷണം ചെയ്ത ഹരിതവിദ്യാലയം എന്ന റിയാലിറ്റി ഷോ വലിയ വിജയമായി. കൊവിഡിനു ശേഷം ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസ്‌റൂം ആരംഭിച്ചതോടെ വിക്ടേഴ്സിന്റെ സ്വീകാര്യതയും വർദ്ധിച്ചു. പ്രസാർ ഭാരതിയുമായി സഹകരിച്ചാണ് പ്രവർത്തനം. ഇപ്പോൾ എല്ലാ കേബിൾ നെറ്റ്‌വർക്കിലുമുണ്ട്. ഇനി ഡി.ടി.എച്ചിലേയ്ക്ക് വരുന്ന സമ്പൂർണ വിദ്യാഭ്യാസ ചാനലായി മാറ്റും.


?​ അദ്ധ്യാപകർക്കും പരിശീലനം.

കേവലം ഐ.ടി പരിശീലനത്തിനല്ല,​ ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസത്തിനാണ് മുൻതൂക്കം. എല്ലാ വിഷയങ്ങൾക്കും ഐ.ടി ഉപയോഗിക്കണം. അതിന് അതത് വിഷയങ്ങളെടുക്കുന്ന അദ്ധ്യാപകർ ഐ.ടി അറിഞ്ഞിരിക്കണം. പല സംസ്ഥാനങ്ങളിലും കരാറിൽ ആളുകളെ എടുത്താണ് ഇതു ചെയ്യുന്നത്. അവർക്ക് അക്കാഡമിക് പരിജ്ഞാനം ഉണ്ടാകണമെന്നില്ല. എന്നാൽ, കേരളത്തിൽ വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപക‌ർക്കും പരിശീലനം നൽകും. അഭിമുഖം വഴി തിരഞ്ഞെടുത്ത 200 മാസ്റ്റർ ട്രെയിനർമാരാണ് 'കൈറ്റി"ന്റെ നട്ടെല്ല്.

? സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണം.

സ്വന്തന്ത്രമായി ഉപയോഗിക്കാനും ഡൗൺലോഡ് ചെയ്യാനും മാറ്റം വരുത്താനും സാധിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ (ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ)ആണ് 2007 മുതൽ കൈറ്റ് പ്രയോജനപ്പെടുത്തുന്നത്. ആനിമേഷൻ, വീ‌ഡിയോ എഡിറ്റിംഗ്, അക്കൗണ്ടിംഗ്, ജി.ഐ.എസ് മുതലായ സേവനങ്ങൾക്ക് ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറാണെങ്കിൽ ഒരു മെഷീനു തന്നെ ലക്ഷങ്ങൾ വേണ്ടിവരും. എല്ലാ സ്കൂളുകൾക്കുമായി കോടികൾ ചെലവാകും. രണ്ടുലക്ഷം കംപ്യൂട്ടറുകളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുകൊണ്ട് മൂവായിരം കോടിയുടെ ലാഭമാണ് സംസ്ഥാനം ഉണ്ടാക്കുന്നത്. സൈബർ ആക്രമണങ്ങളും കുറവാണ്.


? എ.ഐ എൻജിൻ എന്ന ആശയം.

ചാറ്റ് ജി.പി.ടിയും ജെമിനിയുമൊക്കെ കുട്ടികൾക്ക് നേരിട്ടു നൽകാനാവില്ല. സാങ്കേതിക പിശകുകൾ വരാം. ഇത് ഒഴിവാക്കാനാണ് എ.ഐ അധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നത്. ഏഴാംക്ലാസിൽ കഴിഞ്ഞവർഷം കംപ്യൂട്ടർ വിഷൻ എന്ന ചാപ്റ്ററിൽ ഇത് അവതരിപ്പിച്ചു. കുട്ടികളിലെ യുക്തിചിന്ത, വിശകലനശേഷി, പ്രായോഗികബുദ്ധി എന്നിവ വർദ്ധിപ്പിക്കാനാവും. എ.ഐ ഉപയോഗിച്ച് പാഠങ്ങൾ ചുരുക്കുന്നതിനും ചിത്രങ്ങൾ നിർമ്മിക്കുന്നതിനും അദ്ധ്യാപകർക്ക് പരിശീലനം നൽകി. അക്കാഡമിക്ക് ചട്ടക്കൂടിനകത്തുള്ള വിവരങ്ങൾ നൽകി, ചോദ്യങ്ങൾ തയ്യാറാക്കാനും തെറ്റുകൾ കുറയ്ക്കാനുമുള്ള സഹായിയാണ് എ.ഐ എൻജിൻ. ഒൻപത്, പത്ത് ക്ലാസുകളിൽ ഈ അക്കാഡമിക്ക് വർഷം കൊണ്ടുവരും.

? കുട്ടികളിലെ ഡിജിറ്റൽ അന്തരം ഒഴിവാക്കാൻ...

 സ്കൂളുകളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുന്ന പദ്ധതി 2009-ൽ ആരംഭിച്ചു. എങ്കിലും ഇന്റർനെറ്റിന്റെ ഉപയോഗം പരമാവധി കുറച്ചാണ് പ്രവർത്തിക്കുന്നത്. എല്ലാ കുട്ടികൾക്കും സ്മാർട്ട്ഫോൺ ഉണ്ടാവണമെന്നില്ലല്ലോ. ഓഫ്‌ലൈൻ സംവിധാനമായ സമഗ്ര പോർട്ടലും ഉപയോഗിക്കുന്നു. ഒരിക്കൽ ഡൗൺലോഡ് ചെയ്താൽ പെൻഡ്രൈവിലും ഇന്റർനെറ്റ് ഇല്ലാതെയും ക്ലാസുകൾ ഉപയോഗിക്കാം. കൊവിഡ് കാലത്ത് പഠനം പൂർണമായി ഓൺലൈനാക്കാതെ ടി.വിയിലൂടെ ആക്കിയതും ഡിജിറ്റൽ അന്തരം ഒഴിവാക്കാനാണ്.

? സ്വകാര്യത പ്രധാനമാണല്ലോ.

 വ്യക്തിവിവരങ്ങൾ ശേഖരിക്കാതെയാണ് പഠനസംവിധാനം രൂപകല്പന ചെയ്തിട്ടുള്ളത്. കൊവിഡിനു ശേഷം ആവിഷ്കരിച്ച 'ജിസ്യൂട്ട്" പ്ലാറ്റ്ഫോമിൽ കുട്ടികൾ പേരോ ഇ-മെയിൽ ഐഡിയോ നൽകേണ്ട. അഡ്മിഷൻ നമ്പർ അനുസരിച്ച് ഓരോരുത്തർക്കും ഇ-മെയിൽ ഐഡി നൽകി.

?​ ഭിന്നശേഷി കുട്ടികൾക്കുള്ള പദ്ധതികൾ.

വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളുണ്ട്. ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ എഡ്യുടെയിൻമെന്റ് പ്ലാറ്റ്ഫോം ആയ 'കളിപ്പെട്ടി"യിലും സേവനങ്ങളുണ്ട്. സംഖ്യകൾ ഓർക്കാൻ, നിറങ്ങൾ തിരിച്ചറിയാൻ എന്നിങ്ങനെ ഓരോ വിദ്യാർത്ഥിയും നേരിടുന്ന പ്രശ്നങ്ങൾ വ്യത്യസ്തമാണ്. ഇതൊക്കെ കളിയിലൂടെ പഠിക്കാൻ പ്ലാറ്റ്ഫോമുകളുണ്ട്. കാഴ്ചപരിമിതരായ അദ്ധ്യാപകർക്ക് സ്ക്രീൻ റീഡിംഗ് സോഫ്റ്റ്‌വെയർ, കേൾവി പരിമിതർക്ക് സൈൻ ലാംഗ്വേജ് സംവിധാനം എന്നിവയുമുണ്ട്.


?​ പുതിയ പദ്ധതികൾ.

എ.ഐയ്ക്കും റോബോട്ടിക്സിനുമൊപ്പം എ.ആർ, വി.ആർ തുടങ്ങിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. 'ലിറ്റിൽ കൈറ്റ്സ്" കുട്ടികളെ ഉപയോഗിച്ച് പ്രാദേശിക ചരിത്രരചനയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇ- ഗവേണൻസ് പ്രോഗ്രാമുകൾ സജീവമാക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഡിജിറ്റലാക്കും. ഡിജിറ്റൽ ഉപയോഗത്തിനൊപ്പം അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകും.

?​ സ്വന്തം അനുഭവം സഹായകമായോ.

1998-ൽ സി.ഇ.ടിയിൽ നിന്ന് എം.സി.എ പൂർത്തിയാക്കി. ഇ.ആർ ആൻഡ് ഡി.സി.ഐയിൽ (ഇന്നത്തെ സി- ഡാക്ക്) രണ്ടുവർഷം ശാസ്ത്രജ്ഞനായിരുന്നു. പിന്നീട് ഇൻഫർമേഷൻ കേരള മിഷനിൽ ഇംപ്ലിമെന്റേഷൻ ഹെഡ് ആയി. ഐ.ടി മിഷനിൽ ഇ- ഗവേണൻസ് മാനേജർ, അക്ഷയ ഡയറക്ടർ എന്നീ ചുമതലകളും വഹിച്ചു. 2016 മുതൽ കൈറ്റ് സി.ഇ.ഒ ആണ്. സാങ്കേതികവിദ്യയും പൊതുജനങ്ങളുമായുള്ള അന്തരം കുറയ്ക്കുന്നതിന് അനുഭവങ്ങൾ സഹായിച്ചു.

TAGS: VICTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.