മാങ്ങയുള്ള മാവിലേ കല്ലെറിയാറുള്ളൂ എന്നു പറയുന്നതുപോലെ വിമർശനങ്ങളും ആക്ഷേപങ്ങളും നേരിടുമ്പോഴും പ്രവർത്തനക്ഷമമായ ഒരു സർക്കാരിനെ സജീവവും സുധീരവുമായി നയിക്കുന്നുവെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും അദ്ദേഹം നേതൃത്വം നൽകുന്ന എൽ.ഡി.എഫ് സർക്കാരിന്റെയും പ്രധാന സവിശേഷത. തുടർഭരണം നേടിയ പിണറായി സർക്കാർ ഐക്യകേരളം സപ്തതിയിലേക്കു കടക്കുന്ന 2026 ആകുമ്പോൾ പത്തുവർഷം പൂർത്തിയാക്കും. രണ്ടു ടേമുകളിലായി ഒമ്പതുവർഷം തികച്ചതിന്റെ ഒരു മാസം നീണ്ടുനിന്ന വൈവിദ്ധ്യമാർന്ന ആഘോഷ പരിപാടികൾക്കാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മഹാറാലിയോടെ പരിസമാപ്തി കുറിച്ചത്. ഈ വേളയിൽ തന്നെയാണ് മന്ത്രിസഭയുടെ ക്യാപ്ടനായ പിണറായി വിജയൻ എൺപത് വയസിലെത്തിയത്. എൽ.ഡി.എഫ് സർക്കാരിന് തുടർഭരണം സമ്മാനിച്ച് ചരിത്രം സൃഷ്ടിച്ചുകൊണ്ട് പത്താം വർഷത്തിലേക്ക് കടക്കുന്ന പിണറായി വിജയന് പിറന്നാൾ ആശംസകൾ നേരുന്നതിനൊപ്പം മുഴുവൻ മന്ത്രിസഭാംഗങ്ങളെയും അഭിനന്ദിക്കാനും ഞങ്ങൾ ഈ അവസരം വിനിയോഗിക്കുന്നു.
മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേരാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ക്ളിഫ് ഹൗസിലെത്തിയതും ശ്രദ്ധേയമായി. വിമർശനങ്ങളും വിയോജിപ്പുകളും ഉണ്ടെങ്കിലും പിണറായി വിജയൻ എന്ന നേതാവിനെ ചുറ്റിപ്പറ്റിയാണ് കഴിഞ്ഞ കാൽനൂറ്റാണ്ടോളമായി കേരള രാഷ്ട്രീയം മുന്നോട്ടുപോകുന്നത്. എന്തൊക്കെ ആരോപണങ്ങൾ ഉന്നയിച്ചാലും കേരള ജനത മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ വാക്കുകളെ വിശ്വസിക്കുന്നുവെന്ന് പറയാതിരിക്കാൻ ആവില്ല. പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴാണ് ഒരു നേതാവിന്റെ കാര്യപ്രാപ്തി ജനങ്ങൾക്കു നേരിട്ടു ബോദ്ധ്യമാകുന്നത്. ഒന്നാം ടേമിൽ നിപയും ഓഖിയും കൊവിഡും മഹാപ്രളയവും ഒക്കെയുണ്ടായപ്പോൾ ഏതൊരു സർക്കാരും ആടിയുലയേണ്ടതായിരുന്നു. എന്നാൽ സംസ്ഥാനത്തെ ജനങ്ങളെ മുഴുവൻ ചേർത്തുപിടിച്ച് ആ പ്രതിസന്ധിയെ മറികടന്നുവെന്നതാണ് പിണറായി വിജയനിൽ വിശ്വാസവും പ്രതീക്ഷയുമർപ്പിച്ച് തുടർഭരണത്തിനുള്ള ജനസമ്മതി കേരളം അദ്ദേഹത്തിനു നൽകാൻ കാരണമായത്. രണ്ടാം ടേമിൽ വയനാട്ടിലെ ചൂരൽമലയിലും മറ്റും ദുരന്തമുണ്ടായപ്പോഴും കേരളത്തെ ഒറ്റക്കെട്ടായി അണിനിരത്താനും ഈ സർക്കാരിനു കഴിഞ്ഞു.
നയതന്ത്ര സ്വർണക്കടത്ത് അടക്കം പ്രതിപക്ഷം ഉയർത്തിയ വലിയ വിവാദങ്ങളോടെയാണ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ 91ൽ നിന്ന് വർദ്ധിച്ച് 99 സീറ്റിന്റെ പ്രൗഢിയോടെയാണ് പിണറായി വിജയൻ എൽ.ഡി.എഫിന്റെ തുടർഭരണമെന്ന വിലോഭനീയ ചരിത്രം സൃഷ്ടിച്ചത്. ഇപ്പോഴും ആരോപണങ്ങൾക്കു കുറവൊന്നുമില്ല. എന്നാൽ ഈ ഒമ്പതു വർഷക്കാലം കേരളത്തിൽ നടന്ന വികസന പ്രവർത്തനങ്ങൾ വിസ്മയകരമായിരുന്നു. അവയിൽ ചിലതൊക്കെ യു.ഡി.എഫ് സർക്കാർ തുടങ്ങിവച്ചതും കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയുമുള്ള പദ്ധതികളായിരുന്നു. എന്നാൽ അവ പ്രാവർത്തികമാക്കാനുള്ള ഇച്ഛാശക്തിയും നേതൃപാടവവും പ്രകടമാക്കിയെന്നതാണ് പിണറായി സർക്കാരിനെ വേറിട്ടതാക്കുന്നത്.
പിണറായി വിജയൻ എന്ന നേതാവ് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് ആദ്യമായി ചൂണ്ടിക്കാട്ടിയത് കേരളകൗമുദിയായിരുന്നു. ലാവ്ലിൻ കേസിൽ വിചാരണ കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന്റെ അടുത്ത ദിവസം കൃത്യമായി പറഞ്ഞാൽ 2013 നവംബർ ആറിന് ഞങ്ങൾ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിന്റെ തലവാചകം 'ഇനി മുഖ്യമന്ത്രി" സ്ഥാനാർത്ഥി എന്നായിരുന്നു. കേരളത്തിന്റെ വികസനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കെല്പുള്ള നേതാവെന്നും ഞങ്ങൾ നിരീക്ഷിച്ചിരുന്നു. വിഴിഞ്ഞം പദ്ധതി ഉൾപ്പെടെ എണ്ണിയെണ്ണിപ്പറയാവുന്ന വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ ഈ സർക്കാരിനു കഴിഞ്ഞു. ദേശീയപാത വികസിപ്പിക്കുന്നതിനായി സ്ഥലം ഏറ്റെടുത്തു നൽകുന്നതിലും വേഗം കാട്ടി. ഇപ്പോൾ ദേശീയപാത അതോറിട്ടിയുടെ വീഴ്ച മൂലമുണ്ടായ സംഭവങ്ങൾ വിവാദമാക്കുന്നവർ സ്ഥലമെടുത്തു നൽകുന്നതിൽ എന്തുചെയ്തുവെന്ന് സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും. തുടർഭരണം എന്ന ഒരു അജൻഡ കേരള രാഷ്ട്രീയത്തിൽ സെറ്റ് ചെയ്തുകൊണ്ടാണ് പിണറായി സർക്കാർ സാർത്ഥകമായ പത്താം വർഷത്തിലേക്കു കടക്കുന്നത്. 2026-ൽ ഹാട്രിക് വിജയത്തിന്റെ അസുലഭ കിരീടം ശിരസ്സിലേറ്റാൻ പിണറായി വിജയനു കഴിയുമോ എന്ന ചർച്ചയാണ് ഇപ്പോൾ സജീവമായിട്ടുള്ളത്. അത് ദിവാസ്വപ്നമാണെന്ന് പ്രതിപക്ഷവും പറയുന്നുണ്ട്. എല്ലാം പൂർണമായി തീരുമാനിക്കപ്പെടുക ഇനിയുള്ള പന്ത്രണ്ടു മാസത്തെ എൽ.ഡി.എഫ് ഭരണത്തെ ആശ്രയിച്ചായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |