തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പരിക്കേറ്റ് ചികിത്സയിലാകുന്ന വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് മുഴുവൻ ശമ്പളത്തോടെയുള്ള അവധി അനുവദിക്കാൻ സർക്കാർ ഉത്തരവ്. പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് അനുവദിച്ചിരുന്ന ആനുകൂല്യം വനംവകുപ്പിലെ റേഞ്ച് ഓഫീസർ മുതൽ വാച്ചർ വരെയുള്ളവർക്ക് ലഭ്യമാക്കാനാണ് നടപടി. കേരള സർവീസ് റൂൾസ് ഭാഗം-1, ചട്ടം 104എയിൽ ഉൾപ്പെടുത്തി സംസ്ഥാന ധനവകുപ്പാണ് ഉത്തരവിറക്കിയത്.
ആശുപത്രിയിൽ കഴിയുന്ന കാലയളവിലെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പരിഗണന നൽകി പരമാവധി 120 ദിവസത്തേക്ക് മുഴുവൻ ശമ്പളവും ലഭ്യമാക്കും. അപകടകരമായ അവസ്ഥയിൽ ജോലി ചെയ്യുന്നെന്ന സാഹചര്യം പരിഗണിച്ച് പൊലീസ്, ഫയർഫോഴ്സ്, എക്സൈസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇതുവരെ മുഴുവൻ ശമ്പളത്തോടെയുള്ള അവധി അനുവദിച്ചിരുന്നത്.
ഉത്തരവ് പുറത്തിറക്കിയ മേയ് 23 മുതൽ ആനുകൂല്യത്തിന് പ്രാബല്യം നൽകിയിട്ടുണ്ട്. ഇതിനായി കേരള സർവീസ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുമെന്നും ധനവകുപ്പ് അഡിഷണൽ സെക്രട്ടറി ലക്ഷ്മി രഘുനാഥൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |