തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആധാറിനായി അപേക്ഷിച്ച കുട്ടികളിൽ പലർക്കും അതു ലഭിക്കാത്തതിനാൽ അദ്ധ്യയനവർഷാരംഭത്തിലെ ആറാം പ്രവൃത്തിദിനത്തിലുള്ള കണക്കെടുപ്പ് ആശങ്കയിൽ.
അദ്ധ്യാപകരുടെ തസ്തികനിർണയത്തിന്റെ ഭാഗമായി ആധാർ ഉള്ള കുട്ടികളെ മാത്രം കണക്കെടുപ്പിൽ പരിഗണിച്ചാൽ മതിയെന്നാണ് സർക്കാർ നിർദേശം. ആധാറിന് അപേക്ഷിച്ചതിന്റെ രേഖയോ പ്രഥമാധ്യാപകരുടെ സാക്ഷ്യപത്രമോ ഇപ്പോൾ സ്വീകരിക്കുന്നില്ല. എന്നാൽ, പലയിടത്തും രണ്ടുമാസം മുമ്പ് അപേക്ഷിച്ചവർക്കു പോലും ഇതുവരെ ആധാർ ലഭിച്ചിട്ടില്ലെന്ന് പ്രഥമാദ്ധ്യാപകർ പറയുന്നു. ഈ സ്ഥിതി തുടർന്നാൽ, ആറാം പ്രവൃത്തിദിനമായ ജൂൺ പത്തിന് എല്ലാവർക്കും ആധാർ ലഭിക്കണമെന്നില്ല.
സ്‌കൂൾ തുറക്കാൻ എട്ടുദിവസം മാത്രം ബാക്കി നിൽക്കെ കുട്ടികൾക്ക് ആധാർ ലഭിക്കുന്നത് വൈകിയാൽ തസ്തികയെ ബാധിക്കുമെന്ന ആശങ്കയിലാണ് അദ്ധ്യാപകർ. കുട്ടികളുടെ കണക്കെടുപ്പ് ജൂലായ് 31 വരെ നീട്ടണമെന്ന് പ്രഥമാദ്ധ്യാപകരുടെ സംഘടനയായ കെ.പി.പി.എച്ച്.എ ആവശ്യപ്പെട്ടു.
ആറാം പ്രവൃത്തിദിനത്തിനു മുമ്പ് ആധാർ ലഭിച്ചില്ലെങ്കിൽ പല സ്‌കൂളുകളിലും വ്യാപകമായ തസ്തികനഷ്ടം സംഭവിക്കുമെന്ന് കെ.പി.പി.എച്ച്.എ ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ പറഞ്ഞു.
ആറാം പ്രവൃത്തിദിനത്തിൽത്തന്നെ ആധാറിൽ നിർബന്ധം പിടിക്കുന്നവർ പ്രായോഗികപ്രശ്നങ്ങൾ കണക്കിലെടുക്കില്ലെന്ന് അദ്ധ്യാപകർ കുറ്റപ്പെടുത്തി.
കണക്കെടുപ്പ് സുതാര്യമാക്കാനും തസ്തികനിർണയത്തിനായുള്ള തട്ടിപ്പ് തടയാനുമാണ് ആധാർ നിർബന്ധമാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |