കണ്ണൂർ: പ്രകൃതിയെ വകവയ്ക്കാതെ പടുത്തുയർത്തുന്ന ദേശീയ പാത പലിടത്തും നിലംപൊത്തുമ്പോൾ, കീഴാറ്റൂർ വയൽക്കിളി സമരനായകൻ സുരേഷ് കീഴാറ്റൂർ പക്ഷാഘാതം സംഭവിച്ച്, സംസാരിക്കാനാകാതെ വീട്ടിൽ കഴിയുകയാണ്.
ദേശീയ പാത നിർമ്മാണം അശാസ്ത്രീയമാണെന്നും വയലുകളും മറ്റും ഒഴിവാക്കിയുള്ള പദ്ധതിയാണ് വേണ്ടതെന്നുമായിരുന്നു ഇവരുടെ വാദം.സമരം പരാജയപ്പെട്ടെങ്കിലും ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയത നിർമ്മാണ കമ്പനികൾ തന്നെ ഇപ്പോൾ സമ്മതിച്ചുകഴിഞ്ഞു.
അധികാര കേന്ദ്രങ്ങളെ ഞെട്ടിച്ച് മണ്ണെണ്ണ കുപ്പിയുമായി ആത്മാഹൂതിക്കൊരുങ്ങി സമരമുദ്രാവാക്യം മുഴക്കിയ ആ പഴയ സുരേഷ് ഇന്നലെ കുപ്പത്തെ മണ്ണിടിച്ചിൽ സംബന്ധിച്ച വാർത്തകൾ കുറെ നേരം നോക്കി.
2018 സെപ്തംബറിൽ സുരേഷ്‌കീഴാറ്റൂർ നടത്തിയ അനിശ്ചിതകാല നിരാഹാര സമരത്തിലൂടെയാണ് കീഴാറ്റൂർ വയൽക്കിളി സമരം സജീവ ചർച്ചാവിഷയമായത്. രാഷ്ട്രീയ നേതൃത്വത്തോട് പിടിച്ചുനിൽക്കാനാവാതെ സമരത്തിൽനിന്ന് പിൻമാറേണ്ടിവന്നു.
കുന്നിടിഞ്ഞു;റോഡ് മുങ്ങി
കീഴാറ്റൂരിന് സമീപത്തുള്ള കുപ്പത്താണ് ഇക്കുറി വലിയ പ്രതിസന്ധിയുണ്ടായത്. പ്രദേശത്തെ മഞ്ചക്കുന്ന് നെടുകെ പിളർന്നാണ് ദേശീയപാത നിർമിക്കുന്നത്. കുന്നിന്റെ കുറച്ചുഭാഗം സോയിൽ നെയിലിംഗിലൂടെ ഉറപ്പിച്ചെങ്കിലും ഒറ്റ മഴയിൽ തന്നെ തകർന്നു വീണു.
കുന്നിൻ മുകളിലെ മണ്ണും ചെളിയും ഒലിച്ചു വന്ന് വീടുകളിൽ നിറഞ്ഞതോടെ കഴിഞ്ഞ ദിവസം കുപ്പം പ്രദേശവാസികൾ ദേശീയപാത ഉപരോധിച്ചു.
കീഴാറ്റൂരിലെ വയലിലും ആദ്യ മഴയ്ക്ക് തന്നെ വെള്ളം കയറി. വയലിലെ റോഡ് നിർമ്മാണം ഏറെക്കുറെ പൂർത്തിയായി. പക്ഷേ മഴ പെയ്താൽ ദേശീയപാത മുങ്ങുമെന്ന് ഉറപ്പാണ്. ഈ പ്രദേശത്ത് ദേശീയപാത നിർമാണത്തിന്റെ ഡി.പി.ആറിൽ അപാകതകൾ ഉണ്ടെന്നായിരുന്നു വയൽക്കിളികൾ പറഞ്ഞിരുന്നത്.
ദേശീയപാത ജില്ലയിലെ പ്രധാന നഗരമായ തളിപ്പറമ്പിലൂടെ കടന്നുപോകുമ്പോഴുണ്ടാവുന്ന നഷ്ടങ്ങളും എതിർപ്പും ഒഴിവാക്കാനായിരുന്നു കുപ്പം കീഴാറ്റൂർ കൂവോട് കുറ്റിക്കോൽ ബൈപ്പാസ് എന്ന നിർദ്ദേശമുയർന്നത്.
വയൽ ഒഴിവാക്കിയായിരുന്നു ആദ്യ രണ്ട് നോട്ടിഫിക്കേഷനും. പിന്നീട് അത് അട്ടിമറിച്ച് പൂർണമായും വയലിലൂടെ റോഡ് നിർമ്മിക്കുകയുമായിരുന്നു.
വയൽക്കിളി സമരം
സി.പി.എം. പ്രാദേശിക നേതൃത്വമാണ് ആദ്യം സമരത്തിനിറങ്ങിയത്. എന്നാൽ പാർട്ടി അധികാരത്തിലെത്തിയപ്പോൾ സമരത്തിൽ നിന്ന് സി.പി.എം പിൻവാങ്ങി. ഇതോടെയാണ് വയൽക്കിളികൾ എന്ന പേരിൽ ഒരു വിഭാഗം സി.പി.എം പ്രവർത്തകർ സംഘടനയ്ക്കു രൂപം നൽകിയത്.സമര നായകൻ സുരേഷ് കീഴാറ്റൂർ അടക്കമുള്ള വയൽക്കിളികൾ സി.പി.എമ്മിലേക്ക് പിന്നീട് തിരിച്ചെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |