തിരുവനന്തപുരം: നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ നായാടുന്നതിനും വെടിവച്ചു കൊല്ലുന്നതിനുമുള്ള സാദ്ധ്യതകൾ തേടുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ചർച്ചയായിരിക്കേ, ഇക്കാര്യത്തിൽ അനുമതി നൽകണമെന്ന ആവശ്യം കേന്ദ്രം നേരത്തെതന്നെ നിഷേധിച്ചതാണെന്ന് രേഖകൾ. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും അതിനായി നിയമ ഭേദഗതി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിനും അനുമതി നൽകാനാവില്ലെന്ന് മറുപടി നൽകിയിരുന്നു.
വന്യജീവി സംരക്ഷണ നിയമത്തിലെ 62-ാം വകുപ്പ് പ്രകാരം കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമായതിനാൽ ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേക നിയമ നിർമ്മാണം അസാദ്ധ്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, നിയന്ത്രിത നായാട്ട് സാദ്ധ്യമാകുമോയെന്ന കാര്യം പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. മനുഷ്യജീവനും കൃഷിക്കും വലിയഭീഷണിയായി മാറിയ കാട്ടുപന്നികളെ നിയന്ത്രിതമായെങ്കിലും ഇല്ലാതാക്കണമെന്ന പൊതു ആവശ്യമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, വന്യജീവി സംഘർഷം സംസ്ഥാനത്തിന്റെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഉപാധികളോടെ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും കൈമാറി സംസ്ഥാനം ഉത്തരവിറക്കിയിരുന്നു. ഇതിനായി പ്രത്യേക സ്റ്രാൻഡേർഡ് ഒഫ് പ്രൊസിജ്യറും (എസ്.ഒ.പി)പുറത്തിറക്കി. ഇതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് തയ്യാറാക്കിയ പാനലിലെ ലൈസൻസുള്ള ഷൂട്ടർമാർക്കേ വെടിവയ്ക്കാനാകൂ.
നിയന്ത്രിത അധികാരം മാത്രം
അപകടകാരികളായ വന്യജീവികളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് അധികാരം. ഇതാണ് കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിനായി തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും കൈമാറിയത്. കാട്ടുപന്നി അപകടകാരിയാണെന്ന് വ്യക്തമാക്കുന്ന ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോർട്ടും ലഭ്യമാക്കണം. ഇത്തരം നടപടികളുടെ കാലതാമസമാണ് പ്രധാന പ്രശ്നം. കൊല്ലപ്പെടുന്നവ ജനവാസമേഖലയിലാണോ സംരക്ഷിത മേഖലയിലാണോ എന്നത് സംബന്ധിച്ച വാദങ്ങളുണ്ടായാൽ നിയമ പ്രശ്നങ്ങൾക്ക് ഇടയാക്കും. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് നടപടികളെങ്കിൽ വനംസംരക്ഷണ നിയമ പ്രകാരമുള്ള ശിക്ഷാനടപടികളും നേരിടേണ്ടിവരും.
കൊന്നാലും തിന്നാനാവില്ല
വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ 2ൽ ഉൾപ്പെട്ടവയാണ് കാട്ടുപന്നികൾ. തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റ്/ സെക്രട്ടറി എന്നിവരുടെ ഉത്തരവ് പ്രകാരം വെടിവച്ചുകൊന്നാലും ഇറച്ചിയോ ശരീരഭാഗങ്ങളോ മറ്റൊരു കാര്യത്തിനും ഉപയോഗിക്കാനാവില്ല. കൊന്നവിവരം വനംവകുപ്പിനെ അറിയിക്കുകയും മൃതശരീരം മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |