ബോളിവുഡിലെ ഇപ്പോഴത്തെ മുൻനിര നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. കരൺ ജോഹർ സംവിധാനം ചെയ്ത 'സ്റ്റുഡന്റ് ഓഫ് ദ ഇയർ' എന്ന ചിത്രത്തിലാണ് ആദ്യമായി ആലിയ നായികാ വേഷത്തിലെത്തുന്നത്. ചിത്രവും ആലിയയും അന്ന് വളരെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ശേഷം ഒരുപിടി മികച്ച കഥാപാത്രങ്ങൾ താരം ആരാധകർക്ക് സമ്മാനിച്ചു.
'ഗംഗുഭായ്' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആലിയ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുള്ള മലയാളി നടനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. നടൻ ഫഹദ് ഫാസിലിന്റെ പേരാണ് ആലിയ പറഞ്ഞത്. കാൻ ഫിലിം ഫെസ്റ്റിവലിനെത്തിയ ആലിയ ബ്രൂട്ടിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഫഹദ് ഒരു നല്ല നടനാണെന്നും ആവേശം സിനിമ കണ്ടപ്പോൾ മുതൽ അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്ന് തോന്നിയെന്നും നടി വ്യക്തമാക്കി.
'ഒപ്പം വർക്ക് ചെയ്യണമെന്ന് തോന്നിയിട്ടുള്ള നടന്മാർ കുറച്ച് അധികമുണ്ട്. അതിലൊരാളാണ് ഫഹദ് ഫാസിൽ. എനിക്ക് ഒരുപാട് ബഹുമാനം തോന്നിയ നടനാണ് അദ്ദേഹം. ഗംഭീര പെർഫോമറാണ്. ഫഹദിന്റെ കൂടെ വർക്ക് ചെയ്യാൻ ആഗ്രഹമുണ്ട്. അദ്ദേഹം നായകനായി എത്തിയ ആവേശം സിനിമ നല്ല രസകരമായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് അത്. ആ സിനിമയിലെ ഫഹദിന്റെ അഭിനയം വളരെ മനോഹരമായിരുന്നു'- ആലിയ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |