കാസർകോട്: മുന്തിയ ഇനം ചെറുപയറിനമായ 'ഗുൽബർഗ' നമ്മുടെ പാടങ്ങളിലും നന്നായി വിളയുമെന്ന് തെളിയിച്ച് കൊടക്കാട്ടെ രവീന്ദ്രൻ. നാട്ടിൽ അഞ്ച് ഏക്കർ വരുന്ന വിശാലമായ പാടത്ത് ഇടവിളയായി കൃഷി ചെയ്താണ് ഇദ്ദേഹം നാലു ടൺ 'ഗുൽബർഗ' ചെറുപയർ വിളയിച്ചത്.
മഴ വിചാരിച്ചതിലും നേരത്തെ എത്തിയതിനാൽ മൂപ്പെത്തിയ ചെറുപയർ മഴക്ക് മുമ്പേ പറിച്ചു തീർക്കുന്നതിനായി തൊഴിലാളികളെ വച്ച് അത്യദ്ധ്വാനം ചെയ്യുകയായിരുന്നു. ഗുൽബർഗയിൽ നിന്ന് കൊണ്ടുവന്ന ചെറുപയർ, ഉഴുന്ന്, വൻപയർ എന്നിവയ്ക്കൊപ്പം കണ്ണൂർ തില്ലങ്കേരിയിൽ നിന്നെത്തിച്ച എള്ളും ഇദ്ദേഹം കൃഷി ചെയ്തിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ നെല്ലിന്റെ രണ്ടാംവിള കൊയ്ത ശേഷം ഉഴുത് മറിച്ച് മാർച്ചിലാണ് പയർ കൃഷിക്ക് വിത്തിട്ടത്. എൺപതു ദിവസം കൊണ്ട് പയർ വിളഞ്ഞു.
ബി.എസ്.എൻ.എല്ലിൽ നിന്ന് വിരമിച്ചതിനു ശേഷമാണ് രവീന്ദ്രൻ കാർഷിക മേഖലയിലേക്ക് തിരിഞ്ഞത്. ഇദ്ദേഹത്തിന്റെ കൊടക്കാടുള്ള പത്തേക്കർ പാടം ജൈവകൃഷിക്കായി മാത്രം നീക്കിവയ്ക്കുകയായിരുന്നു.
വിത്തുതേടി അലഞ്ഞു, വരുമാനം 5ലക്ഷം
വിഷരഹിത പയറുകൃഷി ചെയ്യാൻ നല്ല ജൈവകൃഷിയുടെ വിത്തുകൾ തേടിയുള്ള രവീന്ദ്രന്റെ അന്വേഷണമാണ് ഗുൽബർഗയിൽ എത്തിച്ചത്. വയനാട് അടക്കം കേരളത്തിലെ പല ജില്ലകളിലും തിരഞ്ഞെങ്കിലും അടുക്കാനാകാത്ത വിലയായിരുന്നു. കിലോഗ്രാമിന് 250 രൂപയാണ് പലരും ആവശ്യപ്പെട്ടത്. നെൽകൃഷിക്കാരുടെ 'ടീം ഞാറ്റടി' വാട്സ്ആപ് ഗ്രൂപ്പിൽ വിഷയം പറഞ്ഞപ്പോൾ 82കാരനായ ഫാദർ സാധു ജോസഫാണ് കർണ്ണാടകയിലെ പയറിന്റെയും പരിപ്പിന്റെയും നാടായ ഗുൽബർഗയിലേക്ക് ക്ഷണിച്ചത്. കിലോയ്ക്ക് 120 രൂപയായിരുന്നു ഇവിടെ ചെറുപയർ വിത്തിന്റെ വില. നാല് ക്വിന്റൽ വിത്ത് വാങ്ങി. വിളവെടുത്ത പയർ കിലോവിന് 150 രൂപ തോതിൽ കണക്കാക്കിയാൽ അഞ്ച് ലക്ഷം രൂപയുടെ വരുമാനം ലഭിക്കുമെന്ന് രവീന്ദ്രൻ പറഞ്ഞു. വിത്തിന് പുറമെ അധികച്ചിലവൊന്നുമില്ല.
പയർ കൃഷി മണ്ണിനെ ഫലഭൂയിഷ്ടമാക്കും. മികച്ച ജൈവവളമാണ് പയർചെടിയുടെ ഇലകൾ. കാലാവസ്ഥ പ്രതികൂലമായി പയർ കിട്ടിയില്ലെങ്കിലും നെൽകൃഷിക്ക് വലിയതോതിൽ ഗുണം ചെയ്യും.
രവീന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |