
തൃശൂർ: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഇതുവരെ ആറുപേർ മഴക്കെടുതിയിൽ മരിച്ചു എന്നാണ് റിപ്പോർട്ടുകൾ. മരങ്ങൾ കടപുഴകിയും മണ്ണിടിഞ്ഞും വ്യാപകനാശനഷ്‌ടം ഉണ്ടായി. കനത്ത മഴവെള്ളപാച്ചിലിൽ പാലങ്ങളും ജനവാസ മേഖലകളും വെള്ളത്തിലായി. മലബാർ മേഖലയിൽ ശക്തമായ മഴയാണ് പുലർച്ചെ മുതൽ ലഭിക്കുന്നത്.
തൃശൂർ-ഗുരുവായൂർ റെയിൽപാതയിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു. തൃശൂർ അമല ആശുപത്രി പരിസരത്ത് നിന്ന മരം റെയിൽവേ ട്രാക്കിലെ വൈദ്യുതിലൈനിലേക്കാണ് വീണത്. മരം നീക്കാൻ ശ്രമം ആരംഭിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം.
ഇതിനിടെ വെള്ളക്കെട്ട് കണ്ട് ബ്രേക്ക് ചെയ്‌ത വാഹനത്തിന് പിന്നാലെ വന്ന കാർ തലകീഴായി മറിഞ്ഞ് കോട്ടയം സ്വദേശിക്ക് പരിക്കേറ്റു. കളമശ്ശേരിയിൽ അപ്പോളോ ജംഗ്‌ഷനടുത്തുള്ള മേൽപ്പാലത്തിലാണ് സംഭവം. വെള്ളക്കെട്ടിൽ വാഹനം വീഴാതിരിക്കാൻ ബ്രേക്ക് ചെയ്‌തപ്പോൾ പിന്നാലെ കാറിൽ വരികയായിരുന്ന കോട്ടയം സ്വദേശി ജയിംസ് കാർ വെട്ടിച്ചു. ഇതോടെ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. രാവിലെ 5.15നായിരുന്നു സംഭവം. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്നു കാർ.
എറണാകുളം മൂവാറ്റുപുഴയിൽ വടക്കേകടവിൽ ഒരാളെ ഒഴുക്കിൽ പെട്ട് കാണാതായി. വള്ളിക്കട സ്വദേശി ജോബിനെയാണ് (42) ഇന്നലെ രാത്രി കാണാതായത്. കണ്ണൂരിലും വയനാട്ടിലും രാവിലെ ശക്തമായ മഴയാണ് പെയ്യുന്നത്. മുത്തങ്ങ മന്മഥമൂലയിൽ റോഡിൽ വെള്ളം കയറി. കല്ലൂർപുഴയാണ് ഇവിടെ കരകവിഞ്ഞത്.
കണ്ണൂരിൽ കുപ്പം പുഴ കരകവിഞ്ഞൊഴുകി. മണിക്കടവ്, ചപ്പാത്ത്, വയത്തൂർ എന്നിവിടങ്ങളിൽ പുഴ കരകവിഞ്ഞ് പാലങ്ങൾ മുങ്ങി. സമീപത്തെ കെട്ടിടങ്ങളിലും വെള്ളംകയറുന്ന സ്ഥിതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |