അവസാന മത്സരത്തിൽ റിഷഭ് പന്ത് സെഞ്ച്വറി(118*) നേടിയിട്ടും ലക്നൗവിന് തോൽവി
ലക്നൗവിനെ ആറുവിക്കറ്റിന് തോൽപ്പിച്ച് ആർ.സി.ബി രണ്ടാം സ്ഥാനത്ത്.
ലക്നൗ : 27.5 കോടി രൂപയെന്ന റെക്കാഡ് തുകയ്ക്ക് വാങ്ങിയ റിഷഭ് പന്ത് (118*)സെഞ്ച്വറിയുമായി മിന്നിത്തിളങ്ങിയിട്ടും അവസാന മത്സരത്തിൽ ആർസിബിക്കെതിരെ ജയിക്കാൻ കഴിയാതെ ലക്നൗ സൂപ്പർ ജയന്റ്സ്. ഇന്നലെ ലക്നൗവിൽ നടന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ ആറുവിക്കറ്റിന് തോൽപ്പിച്ച ആർ.സി.ബി പോയിന്റ് പട്ടികയിൽ രണ്ടാമന്മാരാവുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ 227/3 എന്ന സ്കോറിലെത്തിയപ്പോൾ എട്ടുപന്തുകൾ ബാക്കിനിൽക്കേ ആർ.സി.ബി നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.വിരാട് കൊഹ്‌ലി (30 പന്തുകളിൽ 54), താത്കാലിക നായകൻ ജിതേഷ് ശർമ്മ (33 പന്തുകളിൽ പുറത്താകാതെ 85) എന്നിവരുടെ അർദ്ധസെഞ്ച്വറികളും ഫിൽ സാൾട്ട് (30), മായാങ്ക് അഗർവാൾ (41*) എന്നിവരുടെ പിന്തുണയുമാണ് ആർ.സി.ബിക്ക് തകർപ്പൻ ജയം നൽകിയത്.
നേരത്തേ ഷോൺ മാർഷ് (67) ലക്നൗവിനായി അർദ്ധസെഞ്ച്വറി നേടിയിരുന്നു. മാർഷിനൊപ്പം ഓപ്പണിംഗിനെത്തിയ മാത്യു ബ്രീസ്കെ (14) പുറത്തായ ശേഷം ക്രീസിലെത്തിയ പന്ത് രണ്ടാം വിക്കറ്റിൽ 152 റൺസാണ് കൂട്ടിച്ചേർത്തത്.37 പന്തുകളിൽ നാലുഫോറും അഞ്ച് സിക്സുകളും പായിച്ച മാർഷ് 16-ാം ഓവറിലാണ് മടങ്ങിയത്. 61 പന്തുകൾ നേരിട്ട റിഷഭ് പന്ത് 11 ഫോറുകളും എട്ട് സിക്സുകളും പറത്തി.
ഈ വിജയത്തോടെ 19 പോയിന്റായെങ്കിലും റൺറേറ്റിലെ നേരിയ വ്യത്യാസത്തിൽ പഞ്ചാബിന് പിന്നിൽ രണ്ടാം സ്ഥാനത്താവുകയായിരുന്നു ആർ.സി.ബി. നാളെ നടക്കുന്ന ആദ്യ ക്വാളിഫയറിൽ ആർ.സി.ബിയും പഞ്ചാബും ഏറ്റുമുട്ടും. ഇതിൽ വിജയിക്കുന്നവർ നേരിട്ട് ഫൈനലിലെത്തും. തോൽക്കുന്നവർ രണ്ടാം ക്വാളിഫയറിൽ എലിമിനേറ്ററിലെ വിജയിയെ നേരിടണം. പോയിന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാരായ ഗുജറാത്തും മുംബയ്‌യും തമ്മിലാണ് വെള്ളിയാഴ്ച എലിമിനേറ്റർ.
പ്രാഥമിക റൗണ്ട് മത്സരങ്ങൾ പൂത്തിയായി, നാളെ മുതൽ പ്ളേ ഓഫിന് തുടക്കം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |