കൊച്ചി: രാജ്യത്തെ ഒന്നരക്കോടി കർഷകരുമായി ശാസ്ത്രജ്ഞരും വിദഗ്ദ്ധരും നേരിട്ട് സംവദിക്കുന്ന 'വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ" പദ്ധതിയിൽ കൊച്ചിയിലെ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനം (സിഫ്‌റ്റ് ), കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) എന്നിവ പങ്കാളികളാകും. ഇന്ന് ആരംഭിച്ച് ജൂൺ 12 വരെ നീളുന്ന പരിപാടിയിൽ കർഷകരെ നേരിൽ കാണുകയും കൃഷി മെച്ചപ്പെടുത്താനുള്ള ഇടപെടലുകൾ നടത്തുകയും ചെയ്യും.
മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംവദിക്കാൻ കൊച്ചി സിഫ്‌റ്റിലെ 47 ശാസ്ത്രജ്ഞർ 14 ജില്ലകളിൽ ആയിരത്തിലധികം ഗ്രാമങ്ങളിൽ നേരിട്ടെത്തും. വിവിധ സർക്കാർ ക്ഷേമ പദ്ധതികളെക്കുറിച്ചും പരിപാടികളെക്കുറിച്ചും കർഷകരെ അറിയിക്കും. നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിന് അവരെ സജ്ജരാക്കും. മത്സ്യസംസ്‌കരണത്തിലും മൂല്യവർദ്ധനവിലും സംരംഭക അവസരങ്ങൾക്കുള്ള മാർഗനിർദ്ദേശം നൽകുന്നതിലും സിഫ്‌റ്റിലെ ശാസ്ത്രജ്ഞർ പങ്ക് വഹിക്കും.
പദ്ധതിയുടെ ഭാഗമായി കാർഷികരംഗത്തെ വെല്ലുവിളികൾ കർഷകരും ശാസ്ത്രജ്ഞരും പങ്കിടും. രാസവളങ്ങളുടെ സന്തുലിതമായ ഉപയോഗം, പ്രാദേശിക സാഹചര്യങ്ങൾ മനസിലാക്കൽ, ഗവേഷണവിവരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തൽ, ഗുണനിലവാരമുള്ള വിത്തുകളുടെ ഉപയോഗം തുടങ്ങി ഉത്പദാനക്ഷമത വർദ്ധിപ്പിക്കുന്നതിനാവശ്യമായ വിവരങ്ങൾ കർഷകകരുമായി പങ്കുവയ്ക്കും. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
കർഷകരെയും ശാസ്ത്രജ്ഞരെയും ബന്ധിപ്പിക്കും
മത്സ്യമേഖലയുമായി ബന്ധപ്പെട്ടാണ് സി.എം.എഫ്.ആർ.ഐ പദ്ധതിയുടെ ഭാഗമാകുന്നത്. കാർഷിക അനുബന്ധ വിഷയങ്ങളിൽ സി.എം.എഫ്.ആർ.ഐക്ക് കീഴിലുള്ള എറണാകുളം, ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെ.വി.കെ) എന്നിവയും രംഗത്തുണ്ട്. കേന്ദ്ര കൃഷി കർഷകക്ഷേമ മന്ത്രാലയവും ഐ.സി.എ.ആറും സംസ്ഥാന സർക്കാറുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാകുന്നത്. ശാസ്ത്രജ്ഞരെയും വകുപ്പ് ഉദ്യോഗസ്ഥരെയും കർഷകരെയും ബന്ധിപ്പിക്കുന്ന സുപ്രധാന ചുവടുവയ്‌പ്പാണ് പദ്ധതി.
പങ്കാളികൾ
731 കൃഷി വിജ്ഞാന കേന്ദ്രങ്ങൾ
113 ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനങ്ങൾ
സംസ്ഥാനതല വകുപ്പുകൾ
കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് ഉദ്യോഗസ്ഥർ
നൂതന കാർഷിക മേഖലയിലെ കർഷകർ
കേന്ദ്ര, സംസ്ഥാന സർവകലാശാലകൾ
പദ്ധതി കേരളത്തിലെ രണ്ട് ലക്ഷം മത്സ്യകർഷകർക്ക് വലിയതോതിൽ പ്രയോജനപ്പെടും.
ഡോ. ജോർജ് നൈനാൻ
ഡയറക്ടർ, സിഫ്‌റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |