കൊച്ചി: വരവിൽക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസിൽ ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസുകാരനായ വി.ജെ. ജോമോനെതിരെ എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്‌പെഷ്യൽ സെൽ കേസെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയാണ് നടപടി. വാഴക്കുളം പൊലീസ് സ്റ്റേഷനിൽ ജോലിചെയ്തുവരുന്ന കാലയളവിൽ വിവിധ ബാങ്ക് ഡെപ്പോസിറ്റുകൾ ഉൾപ്പെടെ 67,03,993 രൂപയുടെ മുതലുകൾ സമ്പാദിച്ചിട്ടുണ്ടെന്നും അതിൽ 10,23,885 രൂപ വരവിൽകവിഞ്ഞ സ്വത്താണെന്നും വിജിലൻസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
സംഭവത്തിൽ ജോമോന്റെ തൊടുപുഴ മണക്കാടുള്ള വീട്ടിൽ വിജിലൻസ് എറണാകുളം സ്‌പെഷ്യൽ സെൽ പൊലീസ് സൂപ്രണ്ട് പി.എ. മുഹമ്മദ് ആരിഫിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി സൂപ്രണ്ട് ആർ. ഷാബുവിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള 13 രേഖകളും 25,000 രൂപയും രണ്ട് ബാങ്ക് ലോക്കറുകളുടെ താക്കോലുകളും പിടിച്ചെടുത്തുവെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും വിജിലൻസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |