തിരുവനന്തപുരം: കന്നഡ ഭാഷ തമിഴിൽ നിന്നാണ് ജന്മം കൊണ്ടതെന്ന് സ്‌നേഹം കൊണ്ടു പറഞ്ഞതാണെന്നും ,സ്‌നേഹം ഒരിക്കലും ക്ഷമാപണം നടത്തില്ലെന്നും നടൻ കമലഹാസൻ. തമിഴ് ചിത്രം 'തഗ് ലൈഫിന്റെ' റിലീസിനോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കമലഹാസൻ വിവാദ പരാമർശത്തിൽ പ്രതികരിച്ചത്.
കന്നഡ നടൻ ശിവരാജ് കുമാറിനോട് ഏറെ സ്‌നേഹത്തോടെ പറഞ്ഞ കാര്യമാണ് വിവാദമായത്. ഭാഷ സംബന്ധിച്ച് ആഴത്തിലുള്ള ചർച്ചകൾ ചരിത്രകാരന്മാർക്കും ഭാഷാപണ്ഡിതന്മാർക്കും വിടുന്നതാവും ഉചിതമെന്നും കമലഹാസൻ പറഞ്ഞു.തഗ് ലൈഫ് സിനിമയെയും തന്നെയും ജനങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാപ്പ്
പറഞ്ഞില്ലെങ്കിൽ പുതിയ സിനിമ ബഹിഷ്‌കരിക്കുമെന്ന് ചൂണ്ടിക്കാട്ടി കന്നഡ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കമലഹാസൻ പ്രതികരിച്ചത്.
''ഞാൻ സ്‌നേഹത്തിന്റെ പുറത്തു പറഞ്ഞതാണ്. ആരോപണം ഉന്നയിക്കുന്നവർ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. തമിഴ്നാട് ഏറെ വിശാലമായി ചിന്തിക്കുന്ന അപൂർവമായ സംസ്ഥാനമാണ്. മേനോനും റെഡ്ഡിയും തമിഴനും കന്നഡിഗ അയ്യങ്കാറും അവിടെ മുഖ്യമന്ത്രിമാരായിട്ടുണ്ട്. എനിക്ക് ചെന്നൈയിൽ ഒരു പ്രശ്നമുണ്ടായപ്പോൾ കർണാടകയിൽ നിന്നാണ് വലിയ പിന്തുണ ലഭിച്ചത്. എവിടെയും പോകേണ്ട, കന്നടത്തിലേക്കു വരൂ ഇവിടെ വീട് നൽകാം എന്നാണ് കന്നഡിഗർ പറഞ്ഞത്.വടക്കൻ മേഖലയിൽ നിന്നു നോക്കിയാൽ അവർ പറയുന്നതാണ് ശരിയെന്നു തോന്നും. തെക്ക് കന്യാകുമാരിയിൽ
നിന്നു നോക്കിയാൽ ഞാൻ പറഞ്ഞതാവും ശരി. ചരിത്രകാരന്മാർക്കും ഗവേഷകർക്കും ഭാഷാ പണ്ഡിതന്മാർക്കും മൂന്നാമതൊരു വാദമുണ്ടാകും. കന്നഡ താരം ശിവണ്ണയോടാണ് ഞാൻ സ്‌നേഹത്തോടെ അങ്ങനെ പറഞ്ഞത്. ശിവണ്ണയുടെ പിതാവ് എനിക്ക് ജ്യേഷ്ഠതുല്യനാണ്. ഞങ്ങളുടേത് ഒരു കുടുംബം പോലെയാണ്. അതു പോലെയാണ് ഭാഷകളും. - കമലഹാസൻ പറഞ്ഞു.
മണിരത്നം സംവിധാനം ചെയ്ത തഗ് ലൈഫ് ജൂൺ അഞ്ചിന് തിയേറ്ററുകളിലെത്തും. ജോജു ജോർജ്, അഭിരാമി, തൃഷ, ഗോകുലം ഗോപാലൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |