തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഭൂനിയമങ്ങൾ പ്രകാരം നൽകിയ പട്ടയത്തിന്റെ അസൽ പകർപ്പ് നഷ്ടപ്പെട്ട കേസുകളിൽ ജില്ല കളക്ടർ നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് സർക്കാർ ഉത്തരവ്. റവന്യു മന്ത്രി കെ. രാജന്റെ പ്രത്യേക ഇടപെടലിന്റെ അടിസ്ഥാനത്തിലാണിത്.
പട്ടയം നഷ്ടപ്പെട്ടതു മൂലം ബാങ്കിൽ നിന്ന് വായ്പയെടുക്കാനോ, ഭൂമി ക്രയവിക്രയം ചെയ്യാനോ സാധിക്കാത്ത അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാവും. താലൂക്ക്, വില്ലേജ് ഓഫീസുകളിലെ രജിസ്റ്ററുകളിലെ രേഖപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ തഹസിൽദാർ കൊടുക്കുന്ന റിപ്പോർട്ടിനെ ആധാരമാക്കിയാവും ജില്ല കളക്ടർ നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കുക. 2020 ൽ സമാനമായി ഒരുത്തരവ് സർക്കാർ പുറപ്പെടുവിച്ചിരുന്നെങ്കിലും, 1964 ലെയും 1995 ലെയും1993 ലെയും ചട്ടങ്ങൾ എന്നിങ്ങനെ മൂന്ന് ഭൂപതിവു ചട്ടങ്ങൾ പ്രകാരം അനുവദിക്കപ്പെട്ട പട്ടയങ്ങൾക്കു മാത്രമായിരുന്നു ആ ഉത്തരവ് ബാധകമായിരുന്നത്. എന്നാൽ 15 വ്യത്യസ്ത ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിക്കപ്പെട്ട കേസുകളിൽ നിജസ്ഥിതി സർട്ടിഫിക്കറ്റ് ലഭിക്കാൻ പുതിയ ഉത്തരവ് സഹായകമാവും.
പട്ടയ ഫയൽ പ്രകാരമുള്ള ഭൂമി തന്നെയാണ് കൈവശ ഭൂമിയെന്ന് ഉറപ്പുവരുത്തി ആധികാരികത ബോദ്ധ്യപ്പെടണമെന്നും വ്യവസ്ഥയുണ്ട്. നിയമപ്രകാരം ഭൂമി കൈമാറിക്കിട്ടിയ നിലവിലെ കൈവശക്കാരന്റെ പേരിലാവും നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |