SignIn
Kerala Kaumudi Online
Saturday, 26 July 2025 7.57 PM IST

വെളിച്ചമേകുന്ന ഇടുക്കി ഇരുട്ടിൽ

Increase Font Size Decrease Font Size Print Page
kseb

ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ജലസംഭരണിയിൽ നിന്നുള്ള വെള്ളം ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയമായ മൂലമറ്റം പവർ ഹൗസിലെത്തിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ് കേരളത്തിന്റെ പ്രധാന ഊർജ്ജ സ്രോതസ്. എന്നാൽ സംസ്ഥാനത്തിനാകെ വെളിച്ചമേകുന്ന ഇടുക്കി ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും കാലവർഷം ആരംഭിച്ചത് മുതൽ ഇരുട്ടിലാണ്. വൈദ്യുതി മുടങ്ങിയിട്ട് ഒരാഴ്ചയോളമായ മേഖലകൾ ഹൈറേഞ്ചിലുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാകും. കഴിഞ്ഞ വെള്ളിയാഴ്ചയോടെയാണ് ഇടുക്കിയിൽ മഴ ശക്തമായത്. ഇതിനു പിന്നാലെ തന്നെ ഹൈറേഞ്ചിലെ പ്രധാന ടൗണുകളടക്കം ഇരുട്ടിലായി. ഇതോടെ മിക്കയിടത്തും ജനജീവിതം ദുസഹമായി. ഒറ്റപ്പെട്ട ഉൾപ്രദേശങ്ങളിൽ ഒരാഴ്ചയോളമായി വൈദ്യുതി എത്തിയിട്ടില്ല. അയ്യപ്പൻകോവിൽ, പീരുമേട്, ഏലപ്പാറ, ഉപ്പുതറ, വണ്ടിപ്പെരിയാർ, കുമളി പഞ്ചായത്തുകളിലെയും കട്ടപ്പന നഗരസഭയുടെയും വിവിധ ഭാഗങ്ങളിലാണ് വൈദ്യുതി എത്താത്തത്. അടിമാലി മേഖലയിലെ മന്നംകാല കൊന്നത്തടി ആയിരമേക്കർ, കൂമ്പൻപാറ എന്നിവിടങ്ങളിലും വൈദ്യുതി ഭാഗികമായി ഇല്ലാതായിട്ട് ദിവസങ്ങളായി. സമീപ പഞ്ചായത്തായ മാങ്കുളം പഞ്ചായത്ത് ഇരുട്ടിലായിട്ട് അഞ്ചുദിവസം പിന്നിട്ടു. ഉപ്പുതറ കെ.എസ്.ഇ.ബി 33 കെ.വി സബ് സ്റ്റേഷന് കീഴിൽ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി വിതരണം താറുമാറായി കിടക്കുകയാണ്. നെടുങ്കണ്ടം സബ് ഡിവിഷനുകീഴിൽ വരുന്ന ഉടുമ്പൻചോല, നെടുങ്കണ്ടം, ഇരട്ടയാർ, തൂക്കുപാലം സബ്‌സ്റ്റേഷൻ പരിധിയിലെ മിക്ക സ്ഥലങ്ങളിലും വൈദ്യുതി നിലച്ചിട്ട് മൂന്ന് ദിവസത്തിലേറെയായി. നെടുങ്കണ്ടം കരടി വളവിൽ വൈദ്യുതി മുടങ്ങിയിട്ട് മൂന്നു ദിവസമായി. അഞ്ചേക്കർകാനം, പരിവർത്തനമേട്, മൈനർസിറ്റി, മഞ്ഞപ്പെട്ടി, പച്ചടി, കൽകൂന്തൽ, എഴുകുംവയൽ, കവുന്തി മേഖലകളിൽ പലയിടങ്ങളിലും വൈദ്യുതിയെത്തിയിട്ട് മൂന്ന് ദിവസമായി. ഉടുമ്പൻചോല, ചെമ്മണ്ണാർ മേഖലകളിലും ഇതുതന്നെയാണ് അവസ്ഥ. കണ്ണംപടി വനമേഖലയിലെ 12 ആദിവാസി കുടികളും ഇരുട്ടിലാണ്. ചക്കിമാലിയിൽ രണ്ട് ട്രാൻസ്‌ഫോമറും വൈദ്യുത ലൈനുകളും തകരാറിലായതിനാൽ അഞ്ചു ദിവസമായി വൈദ്യുതിയില്ല. വലിയ പ്രദേശമായതും മതിയായ ജീവനക്കാരില്ലാത്തതും ഉപ്പുതറ സെക്ഷനിലെ തകരാർ പരിഹരിക്കാൻ കാലതാമസം നേരിടുന്നുവെന്ന് ജീവനക്കാർ പറയുന്നു. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മരുതുംപേട്ട, ഹെവൻവാലി മേഖലകളിൽ ഞായറാഴ്ച നഷ്ടമായ വൈദ്യുത ബന്ധം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ഒറ്റപ്പെട്ടയിടങ്ങളിലും സ്ഥിതി ഇതുതന്നെ. മുൻ വർഷങ്ങളിലും മഴ സമയത്ത് വൈദ്യുതി മുടങ്ങാറുണ്ടെങ്കിലും തൊട്ടടുത്ത ദിവസം ഇത് പുനഃസ്ഥാപിക്കുന്നതാണ് പതിവ്. എന്നാൽ ഇത്തവണ ഇത്രയും ദിവസമായിട്ടും വൈദ്യുതി മുടങ്ങി കിടക്കുന്നത് ജനജീവിതം തന്നെ സ്തംഭിപ്പിച്ചിരിക്കുകയാണ്. മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിയാതെ വന്നതോടെ ജലവിതരണ പദ്ധതികളും അവതാളത്തിലായി. പലയിടത്തും കുടിവെള്ളം പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇതോടെ മഴവെള്ളം ഉപയോഗിച്ചാണ് പലരും ഭക്ഷണം പോലും പാകം ചെയ്യുന്നത്.

കെ.എസ്.ഇ.ബിയ്ക്ക് ഗുരുതര വീഴ്ച

വൈദ്യുതവകുപ്പ് നടത്തേണ്ട മഴ മുന്നൊരുക്കങ്ങൾ പാടെ പാളിയതാണ് ഇത്തരത്തിൽ വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് ആരോപണം ഉയരുന്നത്. ശക്തമായ കാറ്റിലും മഴയിലും പലയിടത്തും മരം വീണും ശിഖിരം ഒടിഞ്ഞു വീണും വൈദ്യുതി ലൈനുകൾക്കും പോസ്റ്റുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടിട്ടുണ്ട്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വൈദ്യുതി ലൈനിലേക്ക് പതിക്കാൻ സാദ്ധ്യതയുള്ള മരച്ചില്ലകൾ വെട്ടിമാറ്റുന്നതടക്കമുള്ള ജോലികൾ ഇത്തവണ മന്ദഗതിയിലായിരുന്നു. കൂടാതെ ലൈൻ സ്‌പെയ്സറും സ്ഥാപിച്ചിട്ടില്ല. പ്രധാന ലൈനുകൾ അടക്കം തകരാറിലായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതുമൂലം ശക്തമായ കാറ്റുള്ള സമയങ്ങളിൽ ലൈൻ കമ്പികൾ തമ്മിൽ ഉരസി വൈദ്യുതി മുടക്കം പതിവാണ്. വൈദ്യുതി ബന്ധം തകർന്നാലും പുനഃസ്ഥാപിക്കുന്നതിൽ വരുന്ന കാലതാമസവും ആക്ഷേപത്തിനു കാരണമാകുന്നുണ്ട്. വൈദ്യുത വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയാണ് ഇതിനു പിന്നിലെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. പലയിടങ്ങളിലും ലാൻഡ് ഫോൺ പലപ്പോഴും പ്രവർത്തന രഹിതമാണ്. ഇത് ഉദ്യോഗസ്ഥർ തന്നെ പ്രവർത്തന രഹിതമാക്കി വയ്ക്കുന്നതാണെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. ജീവനക്കാരുടെ കുറവാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ വലയ്ക്കുന്നത്.

ദുരന്തമുണ്ടായാൽ വലയും

മഴക്കാലത്ത് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും അടക്കമുള്ള ദുരിതങ്ങളുണ്ടാകുമ്പോൾ വൈദ്യുതിയില്ലാത്തത് പ്രതിസന്ധി ഇരട്ടിയാക്കുകയാണ്. പലയിടങ്ങളിലും വൈദ്യുതിയില്ലാതെ മൊബൈൽ ഫോണുകൾ അടക്കം നിശ്ചലമായി. ഇതോടെ പുറംലോകവുമായി ബന്ധപ്പെടാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. പലരും പകൽ സമയങ്ങളിൽ ടൗണുകളിൽ ജനറേറ്ററുള്ള സ്ഥാപനങ്ങളിലെത്തിയാണ് മൊബൈൽ ഫോണുകൾ അടക്കം ചാർജ്ജ് ചെയ്യുന്നത്. പിഞ്ചു കുട്ടികളും വാർദ്ധക്യമുള്ളവരും രോഗികളുമുള്ള വീടുകളിലെ സ്ഥിതിയാണ് ഏറെ ദുരിതം. തണുത്ത അന്തരീക്ഷത്തിൽ സൂക്ഷിക്കേണ്ട മരുന്നുകളടക്കം കേടായതായി ആളുകൾ പറയുന്നു. വ്യാപാര സ്ഥാപനങ്ങളടക്കമുള്ളവയുടെ പ്രവർത്തനങ്ങളും താറുമാറായിരിക്കുകയാണ്. മഴക്കാലം ആരംഭിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഇതാണ് അവസ്ഥയെങ്കിൽ മുന്നോട്ടുള്ള ദിവസങ്ങളിൽ സ്ഥിതി എത്രത്തോളം രൂക്ഷമാകുമെന്ന ചോദ്യമാണ് ഉയരുന്നത്.

തോട്ടം മേഖലയിലും

പ്രതിസന്ധി രൂക്ഷം

വൈദ്യുതി മുടങ്ങിയതിനാൽ തേയില ഫാക്ടറികൾ ഉൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുന്നില്ല. വൈദ്യുതി ഇല്ലാത്തതിനാൽ പട്ടുമുടി തേയില ഫാക്ടറി ദിവസങ്ങളോളം പ്രവർത്തിച്ചില്ല. കരടിക്കുഴി എ.വി.ടി, പട്ടുമല ഹാരിസൻ മലയാളം ഫാക്ടറികൾ എന്നിവയും ഭാഗികമായാണ് പ്രവർത്തിച്ചത്. പച്ച കൊളുന്ത് നശിച്ചത് മൂലം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. മുമ്പ് മൂന്ന് ഷിഫ്റ്റുകൾ വരെ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് നിലവിൽ ജോലിയില്ലാത്ത അവസ്ഥയാണ്. ഫാക്ടറികൾ ജനറേറ്റർ മാത്രം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്ന സ്ഥിതിയിലല്ല കാര്യങ്ങളെന്ന് തോട്ടം ഉടമകളും പറയുന്നു. പാമ്പനാർ, പീരുമേട് തുടങ്ങിയ പ്രദേശങ്ങളിലെ തോട്ടം മേഖലയാണ് ഇരുട്ടിലായിരിക്കുന്നത്. പോത്തുപാറ സബ് സ്റ്റേഷനിൽ നിന്നാണ് പീരുമേട്, പാമ്പനാർ പ്രദേശങ്ങളിൽ വൈദ്യുതി എത്തുന്നത്. സ്ഥിരമായുള്ള വൈദ്യുതി മുടക്കം വ്യാപാര സ്ഥാപനങ്ങൾക്കും ടൂറിസം മേഖലയ്ക്കും വൻ തിരിച്ചടിയാണ്.

TAGS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.