തിരുവനന്തപുരം: കേരളം പുതിയ അദ്ധ്യയന വർഷത്തിലേക്ക്. സ്കൂളുകൾ മുഖം മിനുക്കിയും ചായം തേച്ചും വർണത്തോരണങ്ങൾ ചാർത്തിയും കൂട്ടുകാരെ കാത്തിരിക്കുന്നു. സംസ്ഥാന സ്കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച ആലപ്പുഴ കലവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്റെ ഭാഗമായി 3,000 പേർക്ക് സദ്യയൊരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഘാടക സമിതിയുടേയും ജില്ലാപഞ്ചായത്ത് ആർട്ട് അക്കാഡമിയുടേയും നേതൃത്വത്തിൽ കലവൂരിൽ സ്ട്രീറ്റ് ആർട്ട് എന്ന പരിപാടി സംഘടിപ്പിച്ച് സ്കൂൾ മതിലുകളും പരിസരവും മനോഹരമാക്കി. 31ന് 5,000 പേർ പങ്കെടുക്കുന്ന വിളംബരജാഥ മന്ത്രി സജി ചെറിയാൻ ഫ്ളാഗ് ഓഫ് ചെയ്യും. പ്രവേശനോത്സവ പരിപാടികൾ തൽസമയം എല്ലാ സ്കൂളുകളിലും സംപ്രേഷണം ചെയ്യും. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, റീലുകൾ എന്നിവ എല്ലാ സ്കൂളുകൾക്കും നൽകിയിട്ടുണ്ട്. പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെയും യൂണിഫോമിന്റെയും വിതരണം ഉടൻ പൂർത്തിയാക്കും. കനത്ത മഴ പാഠപുസ്തക വിതരണത്തിൽ കാലതാമസം വരുത്തിയെന്നും മന്ത്രി പറഞ്ഞു.
പ്രഥമാദ്ധ്യാപകരുടെ
ഒഴിവ് നികത്തും: മന്ത്രി
അദ്ധ്യാപകരുടെ സ്ഥലംമാറ്റം പൂർത്തിയായി
തിരുവനന്തപുരം: പ്രഥമാദ്ധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികയിൽ നിലവിലുള്ള 293 ഒഴിവുകളിലേക്ക് ജൂൺ രണ്ടിന് സേവനം ഉറപ്പാക്കുന്ന വിധത്തിൽ സ്ഥലംമാറ്റ, സ്ഥാനക്കയറ്റ നടപടികൾ പൂർത്തിയാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. പുതിയ അദ്ധ്യയന വർഷത്തിലെ ആദ്യദിനത്തിൽ എല്ലാ അദ്ധ്യാപകർക്കും ജോലിയിൽ പ്രവേശിക്കാവുന്ന വിധത്തിൽ പൊതുസ്ഥലംമാറ്റ നടപടികൾ പൂർത്തീകരിച്ചു. 14 ഡയറ്റുകളിലേക്കും പ്രിൻസിപ്പൽമാരെ നിയോഗിക്കുന്നതിനായി വകുപ്പുതല പ്രൊമോഷൻ കമ്മിറ്റികൂടും.
ഒന്നുമുതൽ ഏഴുവരെ ക്ളാസുകളിലെ 3,216 അദ്ധ്യാപക സ്ഥലംമാറ്റങ്ങളും ഹൈസ്കൂൾ അദ്ധ്യാപകരുടെ 1,452 സ്ഥലംമാറ്റങ്ങളും പൂർത്തിയായി. മിനിസ്റ്റീരിയൽ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം അവസാനഘട്ടത്തിലാണ്. ഗവ.എച്ച്.എസ്.എസ് അദ്ധ്യാപകരുടെ സ്ഥലംമാറ്റ നടപടികൾ പൂർത്തിയായി. ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ വിരമിക്കൽ ഒഴിവിലേക്ക് നിയമനം നൽകിയിട്ടുണ്ട്.
23 വിദ്യാഭ്യാസ ഉപഡയറക്ടർ തസ്തികകളിൽ ഇതുവരെയുള്ള ഒഴിവുകൾ നികത്തി. 41 ജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികകളിൽ പ്രൊമോഷൻ മുഖേന നിയമനം നടത്തുന്ന 30 തസ്തികയിൽ 13 ഒഴിവുണ്ട്. ഇവ നികത്തും. ഒഴിവുകളുള്ള എല്ലാ ഓഫീസുകളിലും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് അധിക ചുമതല നൽകി.
സ്ഥാനക്കയറ്റം പൂർത്തിയാക്കി
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അക്കൗണ്ട്സ് ഓഫീസർ, എ.പി.എഫ്.ഒ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്കുള്ള സ്ഥാനക്കയറ്റ നടപടികൾ പൂർത്തിയാക്കി
സീനിയർ സൂപ്രണ്ട് തസ്തികയിൽ നിലവിലുള്ള 44 ഒഴിവിലേക്കും ഉടൻ നിയമനം നടത്തും ജൂനിയർ സൂപ്രണ്ടുമാരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും പൂർത്തിയാക്കി. ജില്ലകളിൽ ക്ലർക്ക് തസ്തികകളിൽ 425 സ്ഥലംമാറ്റങ്ങൾ പൂർത്തിയാക്കി
സ്കൂളുകൾക്ക് ഫിറ്റ്നസ് നിഷേധിക്കരുത് : മന്ത്രി
തിരുവനന്തപുരം: നിസാരകാര്യങ്ങളുടെ പേരിൽ സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നിഷേധിക്കരുതെന്നും ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി. സുരക്ഷാഭീഷണി ഇല്ലാത്ത സ്കൂളുകൾക്ക് പ്രൊവിഷണൽ ഫിറ്റ്നസ് നൽകി അദ്ധ്യയനത്തിന് അവസരമൊരുക്കാൻ താനും മന്ത്രി എം.ബി രാജേഷും ചേർന്നുള്ള യോഗത്തിൽ തീരുമാനിച്ചിരുന്നു. വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയുള്ള ഘടകങ്ങൾ ഒഴികെയുള്ള കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്കൂൾ കെട്ടിടങ്ങൾക്കാണ് നിബന്ധനകൾക്ക് വിധേയമായി ഈ അദ്ധ്യയന വർഷത്തേക്ക് അനുവാദം നൽകുക.
തിരുത്താനാവാത്ത
അപേക്ഷകളും
അലോട്ട്മെന്റിന് പരിഗണിക്കും
തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥ കാരണം ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി പ്ലസ് വൺ ട്രയൽ അലോട്ട്മെന്റിൽ തിരുത്തൽ വരുത്തി ഫൈനൽ കൺഫർമേഷൻ നൽകാൻ കഴിയാത്ത അപേക്ഷകളും അലോട്ട്മെന്റിനായി പരിഗണിക്കും. ഇക്കാര്യത്തിൽ അപേക്ഷകർക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് മന്ത്രി വി .ശിവൻകുട്ടി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |