SignIn
Kerala Kaumudi Online
Sunday, 03 August 2025 9.58 PM IST

ഗുരുദേവന്റെ പരഹൃദയജ്ഞാനം

Increase Font Size Decrease Font Size Print Page
guru-09

ജാതിഭേദവും മതദ്വേഷവും കൂടാതെ മനുഷ്യരെല്ലാം സോദരത്വേന കഴിയുന്ന മാതൃകാസ്ഥാനമായി ഈ ലോകം മാറണമെന്ന് അഭിലഷിച്ച പരമകാരുണികനായ ആചാര്യനായിരുന്നു ശ്രീനാരായണഗുരു. ലളിതമായ ജീവിതവും നാടൻ കൃഷീവലന്റെ ജീവിതശൈലിയും സൗമ്യവും ദീപ്തവുമായ ഭാവവും ഈ മഹാചാര്യനെ മറ്റു പ്രവാചകന്മാരിൽ നിന്ന് വേർതിരിച്ചുനിറുത്തുന്നു. ആരോഗ്യമുള്ള ശരീരവും ആർഷജ്ഞാനത്തിൽ നിന്ന് ഉടലെടുത്ത ദൈവികസമ്പത്തുമുള്ള ആദർശശാലികളായ സന്യാസിമാരുടെ സേവനം സമൂഹ പുരോഗതിക്ക് അനുപേക്ഷണീയമാണെന്ന് വിവേകാനന്ദസ്വാമികളെപ്പോലെ ഗുരുദേവനും കരുതി.

ഇത്തരത്തിൽ സന്യാസത്തിനു യോഗ്യരായ കുട്ടികളെ കണ്ടുപിടിച്ച് അവരിൽ അന്തർലീനമായ സന്യാസികതയെ പ്രോത്സാഹിപ്പിച്ച് ഓരോ ഘട്ടത്തിലും വേണ്ടുന്ന ഉപദേശങ്ങൾ നൽകി പൂർണരാക്കാൻ ഗുരുദേവൻ ശ്രദ്ധിച്ചിരുന്നു. അത്തരത്തിൽ ശ്രീനാരായണ ഗുരുദേവൻ നിരന്തരമായി ആത്മീയോപദേശങ്ങൾ നൽകി വളർത്തിയെടുത്ത സമ്പന്ന കുടുംബത്തിൽ ജനിച്ചുവളർന്ന പി. കൃഷ്ണൻ നമ്പ്യാതിരി എന്ന ബ്രാഹ്മണ ബാലനാണ് പിൽക്കാലത്ത് 'ആഗമാനന്ദസ്വാമികൾ" എന്ന സന്യാസ നാമത്തിൽ പ്രസിദ്ധനായത്. കാലടി അദ്വൈതാശ്രമത്തിന്റെയും ശ്രീശങ്കരാ കോളേജിന്റെയും സ്ഥാപകനായ ആഗമാനന്ദസ്വാമികൾ സമാധി പര്യന്തം ഗുരുദേവനോടുള്ള ഭക്തിയും ആദരവും നിലനിറുത്തിയിരുന്നു. ഗുരുദേവനെ ആദ്യമായി കണ്ട സന്ദർഭത്തെക്കുറിച്ച് ആഗമാനന്ദസ്വാമികൾ സ്മരിക്കുന്നത് ഇങ്ങനെയാണ്:

'പരേതനായ ശ്രീ ഏറത്ത് കൃഷ്ണനാശാനാണ് എന്നെ സ്വാമികളുടെ അടുത്ത് കൂട്ടിക്കൊണ്ടുപോയത്. ഒരു ദിവസം ഉച്ചതിരിഞ്ഞ് ഞങ്ങൾ ശിവഗിരിയിലെത്തി. പകൽ വളരെ മണിക്കൂർ സമയം സംസാരിച്ചു. രാത്രിയും കുറെ സംസാരിച്ചു. അടുത്ത ദിവസം രാവിലെ എട്ടുമുതൽ ഏകദേശം പത്തുമണി വരെ സംസാരിച്ചു. എത്ര ഹ്രസ്വങ്ങളായ വാചകങ്ങളിൽ എത്ര ഉത്ക്കൃഷ്ടങ്ങളും ഗംഭീരങ്ങളുമായ ആശയങ്ങളാണ് അടങ്ങിയിരിക്കുന്നതെന്ന് പറയാൻ പ്രയാസം. ഞങ്ങളുടെ സംഭാഷണം മിക്കവാറും ആത്മീയ വിഷയങ്ങളെക്കുറിച്ചായിരുന്നു. അന്നേക്ക് എനിക്ക് ഗുരുലാഭം ഉണ്ടായിക്കഴിഞ്ഞിരുന്നു. എന്റെ അനുഷ്ഠാന രീതികളെപ്പറ്റി സ്വാമികൾ ചോദിക്കുകയും അവയെപ്പറ്റി ചില ഉപദേശങ്ങൾ കൂടുതലായിരിക്കുകയും ചെയ്തു." (ശ്രീനാരായണഗുരു ശതവാർഷിക സ്മാരക ഗ്രന്ഥം)

പരഹൃദയ

ജ്ഞാനം

പ്രഥമ ദർശനത്തിൽത്തന്നെ ഗുരുദേവന്റെ ആദ്ധ്യാത്മിക പ്രഭാവം കൃഷ്ണൻ നമ്പ്യാതിരിയെ ഹഠാദാകർഷിച്ചു. ഗുരുദേവൻ ഗീതയിൽ നിന്ന് ഒരു ശ്ളോകം ചൊല്ലി അർത്ഥം പറയാൻ കൃഷ്ണൻ നമ്പ്യാതിരിയോട് ആവശ്യപ്പെട്ടു. നമ്പൂതിരിക്കുട്ടി അർത്ഥം പറഞ്ഞു. ഗുരുദേവൻ ശ്രദ്ധയോടെ കേട്ടു. അല്പനേരം മൗനമായിരുന്ന ശേഷം ഒരുവാക്യംകൂടി കുട്ടി പറഞ്ഞതിനോട് കൂട്ടിച്ചേർത്തു. ശ്ളോകത്തിന്റെ ആന്തരാർത്ഥം വെളിപ്പെടുത്താൻ പര്യാപ്തമായിരുന്നു,​ സൂത്രരൂപത്തിലുള്ള ഗുരുദേവ വചനം.

ഗുരുദേവനുമായി സംസാരിച്ചുകൊണ്ടിരിക്കെ നമ്പ്യാതിരിക്കുട്ടിയുടെ ഹൃദയത്തെ തീവ്രമായ ഒരു ചിന്ത മഥിക്കാൻ തുടങ്ങി. 'ഒരുജാതി, ഒരുമതം,​ ഒരു ദൈവം മനുഷ്യന്"എന്ന് ഉപദേശിച്ച ഗുരുവാണ്. ഊണു കഴിക്കാൻ പറഞ്ഞാൽ എന്തുചെയ്യും? ഇതുവരെ ഇല്ലത്തുനിന്നല്ലാതെ ഭക്ഷണം കഴിച്ചിട്ടില്ല. ഈ ചിന്ത കലശലായപ്പോൾ ഗുരുദേവൻ കുട്ടിയുടെ മുഖത്തുനോക്കി പുഞ്ചിരി തൂകിക്കൊണ്ട് തന്റെ മുന്നിലുള്ള ചെറിയ മേശയുടെ വലിപ്പ് തുറന്ന് അതിൽനിന്ന രണ്ടുരൂപ എടുത്ത് കൃഷ്ണനാശാന്റെ കൈയിൽ കൊടുത്തു പറഞ്ഞു: 'ജനാർദ്ദന ക്ഷേത്രത്തിനടുത്ത് നല്ല ബ്രാഹ്മണ ഹോട്ടലുണ്ട്. ഇദ്ദേഹത്തെ അവിടെകൊണ്ടുപോയി ഊണു കഴിപ്പിച്ച് കൊണ്ടുവരൂ."

തന്റെ മനസിനെ വിഷമിപ്പിച്ചുകൊണ്ടിരുന്ന ചിന്ത ഗുരുദേവൻ നല്ലവണ്ണം മനസിലാക്കിയതായി കൃഷ്ണൻ നമ്പ്യാതിരിക്ക് ബോദ്ധ്യപ്പെട്ടു. ഒരു വ്യക്തിയുടെ മുഖത്തു നോക്കിയാൽ അയാൾ ചിന്തിക്കുന്ന വിഷയം ഗുരുദേവന് മനസിലാകുമായിരുന്നു. ഗുരുദേവന്റെ പരഹൃദയജ്ഞാനത്തിന് ഉദാഹരണമായി തന്റെ അനുഭവം പല സന്ദർഭങ്ങളിലും ആഗമാനന്ദസ്വാമി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 'സന്യാസത്തിലേക്കാണ് യാത്ര" എന്ന് തന്റെ മുഖത്തുനോക്കി ആദ്യമായി പ്രവചിച്ചതും ഗുരുദേവനായിരുന്നു എന്ന കാര്യവും ആഗമാനന്ദസ്വാമികൾ പല സന്ദർഭങ്ങളിലും സ്മരിച്ചിട്ടുണ്ട്.

(ലേഖകന്റെ ഫോൺ: 94957 31129)​

TAGS: GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.