കോട്ടയം : ഇന്നലെ ഉച്ചവരെ ആർത്തലച്ച് പെയ്ത മഴ പിന്നീട് ശമിച്ചത് കിഴക്കൻമേഖലയിൽ അല്പം ആശ്വാസമായെങ്കിലും പടിഞ്ഞാറൻമേഖലയിലെ ദുരിതത്തിന് അറുതിയില്ല. കിഴക്കൻ വെള്ളം ഇരച്ചെത്തിയതോടെ താഴ്ന്ന പ്രദേശങ്ങളും പടിഞ്ഞാറൻ ഭാഗങ്ങളിലെ റോഡുകളും വെള്ളത്തിലാണ്. ആയിരത്തിലേറെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
മീനച്ചിലാറ്റിലെ വെള്ളം ഇല്ലിക്കൽ,തിരുവാർപ്പ്, അയ്മനം, കുമരകം മേഖലകളെ പൂർണമായും വിഴുങ്ങി. മൂവാറ്റുപുഴയാറ്റിൽ നിന്നുള്ള വെള്ളം വൈക്കം പ്രദേശങ്ങളിലും ഭീഷണി ഉയർത്തുകയാണ്. മീനച്ചിലാറിന്റെ കൈവഴികളും പ്രദേശത്തെ പാടങ്ങളും നിറഞ്ഞു കവിഞ്ഞു. ഇല്ലിക്കൽ, കാഞ്ഞിരം, തിരുവാർപ്പ് പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ചെറുവഴികളിലും, തോടുകളിലുമെല്ലാം വെള്ളമാണ്. വീടുകളിൽ ഒറ്റപ്പെട്ടവരെ വെള്ളം നിറഞ്ഞ റോഡിലൂടെ വള്ളത്തിലാണ് ക്യാമ്പുകളിലേയ്ക്ക് മാറ്റുന്നത്. വീട്ടിലെ സാധനങ്ങളും, അരുമ മൃഗങ്ങളെയും സുരക്ഷിതമായി മാറ്റി പാർപ്പിച്ച് ആശങ്കയോടെയാണ് പലരും ക്യാമ്പുകളിലേക്ക് മാറിയത്. വീടുകളിൽ തന്നെ കഴിയുന്നവരുമേറെയാണ്. വള്ളത്തിലാണ് ഇവർ സാധനങ്ങളും, കുടിവെള്ളവും വീട്ടിലേക്ക് എത്തിക്കുന്നത്.
ക്യാമ്പുകളിൽ ഭക്ഷണം, മരുന്ന്
അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി വി.എൻ.വാസവൻ സന്ദർശിച്ചു. ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർക്ക് വൈദ്യസഹായമടക്കം ലഭ്യമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ക്യാമ്പിൽ കഴിയുന്നവരോട് സംസാരിച്ചു. ഭക്ഷണം ഒരുക്കുന്നതിനുള്ള സൗകര്യങ്ങളടക്കം വിലയിരുത്തി. ഭക്ഷണം, മരുന്ന് തുടങ്ങി എല്ലാ അടിസ്ഥാനാവശ്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആംബുലൻസ് സൗകര്യം വേണ്ടി വന്നാൽ ഉപയോഗിക്കാനായി സജ്ജമാക്കിയിട്ടുണ്ട്. കെ.എസ്.ഇ.ബി, ഫയർഫോഴ്‌സ്, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ സേവനവും മുഴുവൻ സമയവും ജനങ്ങൾക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
58 ക്യാമ്പുകൾ, 489 കുടുംബങ്ങൾ
ജില്ലയിൽ 489 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 58 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കോട്ടയം താലൂക്കിലാണ് കൂടുതൽ 42. ചങ്ങനാശേരി : 11, വൈക്കം : 5. 1527 പേരാണ് ക്യാമ്പുകളിലുള്ളത്. 665 സ്ത്രീകളും, 586 പുരുഷന്മാരും, 26 കുട്ടികളും.
അപകടനിരപ്പ് കടന്നു
പാലാ പ്രദേശങ്ങളിൽ മീനച്ചിലാറിലെ ജലനിരപ്പ് അപകടനിരപ്പിന് താഴെയാണെങ്കിലും നീലിമംഗലം, കുമരകം, തിരുവാർപ്പ് ഭാഗങ്ങളിൽ മുകളിലാണ്. ഏറ്റുമാനൂർ, പേരൂർ പ്രദേശങ്ങളിലും വെള്ളം ഉയർന്നു നിൽക്കുന്നു. ഉരുൾപൊട്ടാത്തത് കിഴക്കൻ മേഖലയ്ക്ക് ആശ്വാസമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |