എ.കെ. ശശീന്ദ്രൻ
വനം വകുപ്പ് മന്ത്രി
വന്യജീവി ആക്രമണങ്ങളിൽ ഇരകളാകുന്നവരുടെ ദുരിതജീവിതത്തെക്കുറിച്ചും, ആക്രമണങ്ങൾ രൂക്ഷമായി തുടരുന്നതിനിടയിൽപ്പോലും ദുരിതം പേറുന്നവരെ കേസുകളിൽ കുടുക്കുന്ന ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകളെ കുറിച്ചും കേരളകൗമുദി പ്രസിദ്ധീകരിച്ച 'കാട്ടിലെ ദുരിതവും കാട്ടുനീതിയും" എന്ന വാർത്താ പരമ്പരയുടെ അടിസ്ഥാനത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ സംസാരിക്കുന്നു.
വന്യജീവി ആക്രമണങ്ങൾ കാലങ്ങളായി ഉണ്ടാകുന്നവയാണെങ്കിലും കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി വളരെ രൂക്ഷമായാണ് ജനങ്ങൾക്ക് അനുഭവപ്പെടുന്നത്. പാമ്പിനെ വന്യജീവിയായി കണക്കാക്കിയതിനു ശേഷമാണ് മരണക്കണക്കുകളിൽ വലിയ വർദ്ധനയുണ്ടായത്. പത്തു വർഷത്തിനിടെ 540-ൽ അധികം മരണങ്ങൾ സംഭവിച്ചത് പാമ്പുകടിയേറ്റാണ്. അത് ഒഴിവായാൽ വന്യജീവി മരണങ്ങളിൽ 50 ശതമാനത്തിലധികം എണ്ണം കുറയും. പാമ്പുകടിയേറ്റുള്ള മരണം വലിയ വിവാദമാകാറില്ലെങ്കിലും അത്രയധികം പേർക്ക് നഷ്ടപരിഹാരം നൽകുന്നുണ്ട്.
രണ്ടര വർഷം മുമ്പുവരെ നഷ്ടപരിഹാരം കുടിശികയായിരുന്നു. അത് ഏറക്കുറെ തീർക്കാനായി. മരണപ്പെട്ടവരുടെ കാര്യത്തിൽ രണ്ടുഘട്ടമായാണ് ആശ്രിതർക്ക് തുക അനുവദിക്കുന്നത്. സംഭവമുണ്ടാകുമ്പോൾത്തന്നെ ആദ്യഗഡുവും, പിന്തുടർച്ചാവകാശി ആരെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കുമ്പോൾ രണ്ടാം ഗഡുവും. നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിൽ വൈകാതെ തീരുമാനമുണ്ടാകും.
? വന്യജീവി സംഘർഷം നേരിടുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടോ.
വിവരം ലഭിക്കുന്ന മുറയ്ക്ക് ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് നേരിട്ട് ഇടപെട്ടാണെങ്കിലും കാലതാമസം ഉണ്ടാകാതിരിക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. വന്യജീവി ആക്രമണമുണ്ടാകുമ്പോൾ മണിക്കൂറുകൾക്കുള്ളിൽ നടപടികളുണ്ടാകുന്നുണ്ട്. ഒമ്പത് ദ്രുതകർമ്മ സേനകൾ കൂടി വർദ്ധിപ്പിച്ച് 28 എണ്ണമാക്കി. അവരുടെ ആവശ്യത്തിന് 1000 പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. അറുപതിലധികം ഏർലി വാണിംഗ് സിസ്റ്റം സ്ഥാപിച്ചു കഴിഞ്ഞു. ഇത്തരം പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം പ്രശ്നത്തിന് ശാശ്വത പരിഹാരം ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
? പരിഹാര പദ്ധതികൾക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന് ആരോപണമുണ്ടല്ലോ.
ശാസ്ത്രീയ പഠനങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും വിവിധ ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങളും വിദഗ്ദ്ധോപദേശവും സ്വീകരിച്ചിട്ടുണ്ട്. ഇവരിൽ ആരുംതന്നെ ഇന്നതാണ് കൃത്യമായ പരിഹാരമെന്ന് പറഞ്ഞിട്ടില്ല. എന്നാൽ, അപകടകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ അധികാരം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ജനങ്ങൾക്ക് അത്തരം അധികാരം നൽകാനാവില്ല. ഇക്കാര്യത്തിൽ അധികാരം ലഭിക്കേണ്ടത് സംസ്ഥാന സർക്കാരിനാണ്. നിലവിലുള്ള വനം നിയമങ്ങൾ പ്രകാരം സംസ്ഥാനത്തിനോ ഉദ്യോഗസ്ഥർക്കോ പോലും വെടിവയ്ക്കാൻ അധികാരമില്ല. അതുകൊണ്ടാണ് ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
? അടിയന്തര ഘട്ടങ്ങളിൽ നടപടിയെടുക്കാൻ അധികാരമില്ലേ.
1972-ൽ പാസാക്കിയ വനം നിയമത്തിൽ ഒന്ന്, രണ്ട് ഷെഡ്യൂളുകളിൽ ഉൾപ്പെട്ട മൃഗങ്ങളുടെ പട്ടികയിൽ ഭേദഗതി വരുത്തി ഒഴിവാക്കണമെന്നാണ് നമ്മുടെ ആവശ്യം. ഇക്കാര്യത്തിൽ കേന്ദ്രം അനുകൂല നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് അടിയന്തര ഘട്ടത്തിൽ സംസ്ഥാനങ്ങൾക്ക് ഉപയോഗിക്കാനാവുന്ന അധികാരങ്ങളുടെ സാദ്ധ്യത പരിശോധിച്ചത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് അടിയന്തര ഘട്ടങ്ങളിൽ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ അധികാരമുണ്ടെങ്കിലും, കടുത്ത നിബന്ധനകൾ പാലിച്ചുമാത്രമേ അതും നിർവഹിക്കാനാകൂ.
ജനവാസ മേഖലയിൽ വന്യജീവി എത്തിയാൽ അവിടത്തെ പഞ്ചായത്ത് അധികൃതരും വനംവകുപ്പ് ഉദ്യോഗസ്ഥരും അടക്കമുള്ളവരെ ഉൾപ്പെടുത്തി സമിതിയുണ്ടാക്കണം. വന്യജീവി, അപകടകാരിയാണെന്ന് തീരുമാനിച്ച് ഡി.എഫ്.ഒയ്ക്ക് റിപ്പോർട്ട് ചെയ്യണം. ഡി.എഫ്.ഒ അത് സി.സി.എഫിനും ചീഫ് വൈൽഡ് ലൈഫ് വാർഡനും നൽകണം. ഇത്രയും നടപടികൾക്ക് കാലതാമസമുണ്ടായതിനാലാണ് അധികാരം ഡെലിഗേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. എന്നിട്ടും കേന്ദ്രം വഴങ്ങാത്തതിനെ തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡനുള്ള സവിശേഷ അധികാരം കാട്ടുപന്നികളെ കൊല്ലുന്നതിനായി പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും കൈമാറിയത്. കടുത്ത നിബന്ധനകൾ പാലിച്ചാണെങ്കിലും ഇതിലൂടെ കാട്ടുപന്നി ശല്യത്തിന് വലിയ ശമനമുണ്ടാക്കാനായി.
മറ്റ് വന്യജീവികളെ ഇതേരീതിയിൽ കൊല്ലാനാണെങ്കിലും നിയമപ്രകാരമുള്ള ഷെഡ്യൂളിൽ നിന്ന് നീക്കംചെയ്യണം. അല്ലെങ്കിൽ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം. അതിന് നിയമം ഭേദഗതി ചെയ്യുകയോ സംസ്ഥാനങ്ങൾക്ക് നിയമം നിർമ്മിക്കാനുള്ള അധികാരം നൽകുകയോ വേണം.
? നായാട്ട് നടത്താനാകുമോ.
മറ്റു രാജ്യങ്ങളിൽ നായാട്ട് നടത്തി വന്യജീവികളെ കൊല്ലുന്നുണ്ടെന്നാണ് ഒരു വാദം. എന്നാൽ വംശവർദ്ധനവുണ്ടാകുമ്പോൾ ചെയ്യുന്ന നടപടികളാണ് അവിടെ നടക്കുന്നത്. തെരുവുനായ്ക്കളുടെ പ്രശ്നം രൂക്ഷമായപ്പോൾ അവയെ കൊന്നൊടുക്കാനുള്ള അനുവാദം തേടി സുപ്രീം കോടതിയെ സമീപിച്ചിട്ടും നിഷേധിക്കപ്പെട്ടു. നായാട്ട് എന്ന വാക്കു പോലും രാജ്യത്ത് ഉപയോഗിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയത്. പ്രമേയം കേന്ദ്രം തള്ളിയിട്ടും അതിനെതിരെ നിലപാടെടുക്കാനും ശബ്ദമുയർത്താനും പ്രതിപക്ഷം മടിക്കുകയാണ്.
സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജില്ലകളിൽ നടത്തിയ കൂടിക്കാഴ്ചകളിൽ ഏറ്റവും വലിയ പ്രശ്നമായി ഉയർന്നുവന്നത് വന്യജീവി ആക്രമണമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം വീണ്ടും കേന്ദ്രത്തെ സമീപിക്കാനും നിയമ നടപടികളുടെ സാദ്ധ്യതകളെക്കുറിച്ച് പരിശോധിക്കാനും തീരുമാനിച്ചത്.
? അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലം കാട് നശിക്കുന്നുണ്ട്. ഒരു ആദായമെന്ന നിലയിൽ അധിനിവേശ സസ്യങ്ങളായ യൂക്കാലി, അക്കേഷ്യ, മഞ്ഞക്കൊന്ന, തേക്ക് തുടങ്ങിയവ വച്ചുപിടിപ്പിച്ചതും കാട് നശിക്കുന്നതിന് ഇടയാക്കി. അതുമൂലം പുല്ലുകളും മറ്റും ഉണ്ടാകാതായി. മൃഗങ്ങൾക്കുള്ള ആഹാരം ഇല്ലാതായി. വന്യജീവി സംഘർഷത്തിനുള്ള കാരണം അധിനിവേശ സസ്യങ്ങളാണെന്നും, അവ ഉന്മൂലനം ചെയ്യണമെന്നും ആവശ്യമുയർന്നു. എന്നാൽ, അത് നടപ്പാക്കുന്നതിനും കാലതാമസമുണ്ട്.
5000-ത്തോളം ഹെക്ടറിലാണ് മഞ്ഞക്കൊന്നയുള്ളത്. 100 ഹെക്ടറിൽ നീക്കം ചെയ്താൽപ്പോലും അവിടെ പകരം സസ്യങ്ങൾ വച്ചുപിടിപ്പിക്കേണ്ടതുണ്ട്. സ്വാഭാവിക വനങ്ങളാക്കി മാറ്റണം. വന്യജീവികൾക്ക് ആഹാരവും ജലവും ഉറപ്പാക്കുന്ന വിധത്തിലാക്കണം. ഇതൊക്കെ കാര്യക്ഷമമായി നടപ്പാക്കുന്നതിനാണ് 620 കോടിയുടെ സമഗ്ര പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചത്. അത് അംഗീകരിച്ചില്ല.
? നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്ര വിഹിതമുണ്ടെന്ന് വാദമുണ്ടല്ലോ.
വന്യജീവി ആക്രമണത്തിൽ നഷ്ടപരിഹാരമായി കേന്ദ്രം പണം നൽകുന്നില്ലെന്നല്ല, അങ്ങനെയൊരു ഹെഡിൽ പണം അനുവദിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പെരിയാർ ടൈഗർ റിസർവ് എന്ന പദ്ധതിയുടെ പേരിൽ കേന്ദ്രം പണം നൽകുന്നുണ്ട്. ആ പദ്ധതിയിൽ ഒരിനം മാത്രമാണ് ധനസഹായം. അതാണെങ്കിൽപ്പോലും ക്കഴിഞ്ഞ വർഷങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്നത് ഒരുകോടി രൂപയിൽ താഴെയാണ്. വന്യജീവി സംഘർഷം സംസ്ഥാനത്തിന്റെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈയിനത്തിൽ സംസ്ഥാനത്തിന് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാനായത്. കുടിശികയില്ലാതെ അത് നൽകാനായതും അതുകൊണ്ടാണ്.
കാട്ടുനീതിക്കെതിരെ പോരാട്ടം തുടരും
സണ്ണി ജോസഫ് എം.എൽ.എ
(കെ.പി.സി.സി പ്രസിഡന്റ്)
വന്യമൃഗ സംഘർഷത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കേരളകൗമുദി തുറന്നുകാട്ടിയത് സ്വാഗതാർഹവും പ്രശംസനീയവുമാണ്. വനാതിർത്തികളിൽ മാത്രമല്ല, കിലോമീറ്ററുകൾക്ക് അപ്പുറത്തുള്ള ജനവാസ കേന്ദ്രങ്ങളിലും പട്ടണങ്ങളിലും വരെ വന്യജീവി പ്രശ്നം അതിരൂക്ഷമാണ്. കാട്ടാന, കാട്ടുപന്നി, കടുവ, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളുണ്ടാക്കുന്ന പ്രശ്നത്തിൽ ഞാനും എം.എൽ.എമാരായ ടി.സിദ്ധിഖും മാത്യു കുഴൽനാടനും നാലുതവണ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടും വിഷയത്തിന്റെ അടിയന്തര പ്രാധാന്യം ഉൾക്കൊള്ളാനും ഗൗരവമായ ചർച്ചയ്ക്കെടുക്കാനും സർക്കാർ തയ്യാറായില്ല. മുഖ്യമന്ത്രി നേരിട്ട് ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും മുഖവിലയ്ക്കെടുത്തില്ല. വനംവകുപ്പിന്റെയും മന്ത്റിയുടെയും കെടുകാര്യസ്ഥതയ്ക്കെതിരെ മതമേലദ്ധ്യക്ഷന്മാർക്കും സാമുദായിക നേതാക്കൾക്കും വരെ പരസ്യമായി പ്രതികരിക്കേണ്ടി വന്നു. ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിനും സർക്കാരിന്റെ കാട്ടുനീതിക്കും എതിരായ പ്രതിഷേധവും പോരാട്ടവും കോൺഗ്രസും യു.ഡി.എഫും തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |