വർഷങ്ങൾക്ക് മുമ്പാണ്. വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റ മുൻസീഫ് കോടതിയിൽ അതിപ്രധാനമായ ഒരു കേസിന്റെ വിചാരണ നടക്കുകയാണ്. അപ്പോൾ കോടതിയുടെ ഓട് പൊളിച്ച് മാറ്റി ഒരു വാനരൻ മൂത്രമൊഴിച്ചു! ഏവരും എന്തു ചെയ്യുമെന്നറിയാതെ ഏവരും സ്തബ്‌ധരായി! അന്ന് കോടതിയിൽ വിചാരണ നടന്ന കേസ് ഏതാണെന്ന് കൂടി അറിയേണ്ടെ? കൽപ്പറ്റയിലെ വില്ലേജ് പരിധിയിലുളള വാനരശല്യം ഒഴിവാക്കി തരണമെന്ന് കാണിച്ച് രണ്ടുപേർ നൽകിയ പൊതുതാത്പര്യ കേസ്! ഇതിന്റെ വിചാരണ നടന്ന് കൊണ്ടിരിക്കുമ്പോഴാണ് കേട്ടാൽ വിശ്വസിക്കാനാവാത്ത ഈ സംഭവം നടന്നത്. ഇതന്ന് പത്രങ്ങൾക്ക് പോലും വാർത്തയായിരുന്നു. കൽപ്പറ്റയിൽ വാനരശല്യം അന്നത്തെപ്പോലെ ഇന്നും രൂക്ഷമാണ്. സഹികെട്ട ജനം ഇതിനെതിരെ ഒന്നിച്ചു. ഒടുവിൽ മുൻസീഫ് കോടതിയിൽ നിന്ന് വിധി വന്നു. കൽപ്പറ്റ വില്ലേജ് പരിധിയിൽ നിന്ന് ശല്യക്കാരായ കുരങ്ങുകളെ പിടികൂടി അവരുടെ ആവാസ വ്യവസ്ഥയായ ഉൾവനത്തിലേക്ക് തുറന്ന് വിടാൻ. അതും വലിയ വാർത്താ പ്രാധാന്യം നേടി. കേസ് കൊടുത്തവരടക്കം സന്തോഷിച്ചിരിക്കുമ്പോൾ സുൽത്താൻ ബത്തേരി സബ് കോടതി അപ്പീൽ കൊടുത്തു. ആ കേസിലും അനുകൂല വിധിയുണ്ടായി. എന്നാൽ നമ്മുടെ വനംവകുപ്പ് വെറുതെയിരിക്കുമെന്ന് തോന്നുന്നുണ്ടോ. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ സെക്കൻഡ് അപ്പീൽ കൊടുത്തു. ഹൈക്കോടതിയാകട്ടെ വിധികളൊക്കെ സ്റ്റേ ചെയ്തു. വർഷങ്ങൾ കഴിഞ്ഞു. ഒരു നടപടിയും ഇതേവരെ ഉണ്ടായില്ല. ഞങ്ങളെ നിങ്ങൾ എന്ത് ചെയ്യുമെന്ന പ്രതികാരമെന്നവണ്ണം വാനരശല്യം വർദ്ധിച്ചു. ഇത് നഗരത്തിന്റെ അവസ്ഥമാത്രം. ജില്ലയിൽ വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന മറ്റു പ്രദേശങ്ങളുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. കൽപ്പറ്റയിൽ ജനസാന്ദ്രത വർദ്ധിച്ച് അഞ്ച് സെന്റിൽ രണ്ട് വീടെന്ന് തോതിലേക്കെത്തി. കുരങ്ങുകളാകട്ടെ നാൾക്കുനാൾ ഏറിയും വരുന്നു. അടുക്കള തോട്ടത്തിൽ ഒരു കൃഷി പാേലും ചെയ്യാൻ പറ്റില്ല. എല്ലാം വന്ന് നശിപ്പിക്കും. എന്തിനേറെ ടെറസ് വഴി കടന്ന് അടുക്കളയിൽ കയറി കണ്ണിൽ കണ്ടതെല്ലാം ഭക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. മാങ്ങയും തേങ്ങയും കാണാൻ മാത്രം പറ്റുളളു. അത് അനുഭവിക്കാൻ ആർക്കും യോഗമുണ്ടാവില്ല. കുരങ്ങുകളെ ഭയന്ന് ഒരു സാധനവും നട്ട് വളർത്തുവാനോ സൂക്ഷിക്കുവാനോ വയ്യന്നായിരിക്കുന്നു. ഇത് വയനാട്ടിലെ മൊത്തം അവസ്ഥയാണ്. കാട്ടാനകളും കടുവയും പുലിയുമൊക്കെ ഇവിടെ വാർത്തയായി നിറഞ്ഞ് നിൽക്കുമ്പോൾ വാനരന്മാർ കാട്ടിക്കൂട്ടുന്ന പോക്കിരിത്തരങ്ങൾ ആരും ശ്രദ്ധിക്കുന്നില്ല. അല്ലെങ്കിൽ ശ്രദ്ധിക്കാൻ സമയമില്ല.
തെരുവുനായ ശല്യം
നിയന്ത്രിക്കാൻ
തെരുവുനായ വർദ്ധനവിന് ശാസ്ത്രീയ പരിഹാരം കണ്ടെത്താൻ ജില്ലയിൽ ആദ്യ എ.ബി.സി സെന്റർ ഇന്നലെ മുതൽ പ്രവർത്തന സജ്ജമായി. എന്തുകൊണ്ട് ജില്ലയിൽ പത്തിരട്ടിയായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന വാനരന്മാരുടെ കാര്യത്തിലൊരു തീരുമാനം കൈക്കൊണ്ടുകൂട? വാനരശല്യത്താൽ പൊറുതി മുട്ടിയ ജനത്തിന്റെ ചോദ്യമിതാണ്. തെരുവുനായ ശല്യത്തിന് ആനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നിർമ്മിച്ച സെന്ററിൽ സുൽത്താൻ ബത്തേരി നഗരസഭ, പനമരം ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ തെരുവുനായകളുടെ പ്രജനന നിയന്ത്രണം ലക്ഷ്യമിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടെ എ.ബി.സി സെന്റർ പ്രവർത്തന സജ്ജമാക്കിയത്. തെരുവുനായകളുടെ എണ്ണം നിയന്ത്രിച്ച് പൊതുജനാരോഗ്യം സംരക്ഷിക്കുകയാണ് പദ്ധതി ലക്ഷ്യം. സെന്ററിൽ ആദ്യഘട്ടത്തിൽ ഒരു വെറ്ററിനറി സർജൻ, നാല് മൃഗ പരിപാലകൻ, ഒരു ഓപ്പറേഷൻ തിയേറ്റർ സഹായി, പട്ടി പിടുത്തക്കാർ അടങ്ങുന്ന ടീമാണുള്ളത്.
നിലവിലെ കണക്കനുസരിച്ച് ജില്ലയിൽ 6000 ത്തിലധികം തെരുവുനായകളുണ്ട്. ആദ്യഘട്ടത്തിൽ ഓരോ പഞ്ചായത്തിലെയും സ്‌കൂൾ പരിസരം, മാർക്കറ്റുകൾ, ടൗണുകൾ, കോളനികൾ, പൊതുജനങ്ങൾ കൂടുതൽ വരുന്ന സ്ഥലങ്ങൾ, തെരുവുനായ്ക്കൾ കൂടുതലായി കാണപ്പെടുന്ന ഇടങ്ങൾ കേന്ദ്രീകരിച്ചാണ് നായകളെ പിടികൂടുക. പിടികൂടുന്ന നായകളെ എ.ബി.സി കേന്ദ്രത്തിലെത്തിട്ട് വന്ധ്യംകരണ ശസ്ത്രക്രിയയും ചികിത്സയും നൽകി പൂർണ ആരോഗ്യം ഉറപ്പാക്കും.
കുരങ്ങു ശല്യവും
പരിഹരിക്കണം
നാട്ടിൽ ശല്യമായി മാറിയ കുരങ്ങുകളുടെ വന്ധ്യംകരണത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി വേണം. വനംവകുപ്പ് ഇതിനായി ശ്രമം ആരംഭിച്ചുവെന്നാണ് ഒടുവിലത്തെ വിവരം. രണ്ടാഴ്ചക്കുള്ളിൽ ഇതിനുള്ള അപേക്ഷ നൽകുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ അറിയിച്ചു. കാട്ടിലുള്ള കുരങ്ങുകൾ, കാടിന്റെയും നാടിന്റെയും അതിർത്തിയിലുള്ളവ, പൂർണ്ണമായും നഗരത്തിലും ജനവാസ കേന്ദ്രങ്ങളിലുമുളളവ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി കുരങ്ങുകളെ തരം തിരിച്ചിട്ടുണ്ട്. നാട്ടിലിറങ്ങി ശല്യമുണ്ടാക്കുന്ന കുരങ്ങുകളെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ തന്നെ വലിയൊരു തലവേദന ഒഴിവാകുമെന്നാണ് പൊതു അഭിപ്രായം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കൃഷി, മൃഗസംരക്ഷണം, പൊതുമരാമത്ത് വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെ സർവയും നിയന്ത്രണ നടപടികളും വരുന്നുണ്ടെന്നാണ് വിവരം. ശല്യക്കാരായ കുരങ്ങുകളെ വന്ധ്യംകരിച്ചാൽ കുറെ സമാധാനമായിരിക്കും.
തെരുവുനായ ശല്യം വയനാട്ടിൽ വർദ്ധിച്ചിട്ടുണ്ട്. കൊച്ചുകുട്ടികൾക്ക് പോലും വഴി നടക്കാൻ വയ്യെന്നായിട്ടുണ്ട്. കടിച്ച് കൊന്നുകീറിയിട്ടും, ആ പേപ്പട്ടിയെപ്പോലും തല്ലിക്കൊല്ലാൻ ഇവിടെ നിയമം അനുവദിക്കുന്നില്ല. ജില്ലാ ആസ്ഥാനത്തു പോലും തെരുവുനായകൾക്ക് വഴി നീളെ ഭക്ഷണം സ്ഥിരമായി എത്തിക്കുന്നവർ ധാരാളമുണ്ട്. ഭക്ഷണം കിട്ടുന്നതോടെ ദൂരെ നിന്നുപോലും നായ്ക്കൾ എത്തുന്നുമുണ്ട്. എന്നാൽ ഇവരാരും അതിൽ രണ്ട് പട്ടികളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കാറില്ല. തെരുവുനായ ശല്യം അതിരൂക്ഷമായ അവസ്ഥയിലാണ് വയനാട് ജില്ലയിൽ ആദ്യ എ.ബി.സി സെന്റർ പ്രവർത്തന സജ്ജമായത്. അങ്ങനെയെങ്കിലും ഒരു പരിധിവരെ തെരുവുനായ ശല്യം ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |