SignIn
Kerala Kaumudi Online
Saturday, 26 July 2025 10.57 AM IST

കരുതിയിരിക്കാം കാലവർഷത്തെ...

Increase Font Size Decrease Font Size Print Page
as

കാലവർഷം എത്തിയതോടെ മഴക്കാലത്തെ സംബന്ധിച്ച ആശങ്കകളും വർദ്ധിക്കുകയാണ്. മഴക്കാലമെന്നാൽ കെടുതികളുടെ കാലം കൂടിയാണ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലുമെല്ലാം പലതരത്തിൽ ജനജീവിതം ദുസ്സഹമാക്കുമ്പോൾ ഇതിനൊപ്പം തന്നെ മഴക്കാലത്ത് വില്ലനാവുന്ന മറ്റൊന്നു കൂടിയുണ്ട്,​ ജലജന്യ രോഗങ്ങൾ. വൈറസ്, ഫംഗസ്, ബാക്ടീരിയ തുടങ്ങി ഒട്ടുമിക്ക രോഗകാരികളും ഏറ്റവും കൂടുതൽ പെരുകുന്നതും രോഗങ്ങൾ പകരുന്നതും ഇക്കാലയളവിലാണ്. സാധാരണ ജലദോഷ പനി മുതൽ ആളെക്കൊല്ലിയായ ടൈഫോയ്ഡ്, ഹെപ്പറ്റെറ്റിസ് എ പോലുള്ള അസുഖങ്ങൾ വരെ മഴക്കാലത്ത് വേഗത്തിൽ പടർന്നു പിടിക്കാം. അതുകൊണ്ടുതന്നെ രോഗം പടർന്നു പിടിക്കാതിരിക്കാൻ വളരെയേറെ കരുതലും സ്വയം സുരക്ഷയും ആവശ്യമാണ്. വിവിധതരം മഴക്കാല രോഗങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ച് നാം അറിഞ്ഞിരിക്കണം. കൊതുകുജന്യ രോഗങ്ങൾ, ജലജന്യ രോഗങ്ങൾ മറ്റുകാരണങ്ങൾ കൊണ്ടുള്ള രോഗങ്ങൾ എന്നിങ്ങനെ മഴക്കാല രോഗങ്ങളെ മൂന്നായി തിരിക്കാം.

കരുതിയിരിക്കാം ശ്രദ്ധയോടെ...
മഴക്കാലമെന്നാൽ കൊതുകുകളുടെ കാലം കൂടിയാണ്. വീടുകളിലും പറമ്പുകളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ സാന്നിദ്ധ്യം കൂടുന്നതുകൊണ്ട് തന്നെ കൊതുകുകൾ വർദ്ധിക്കുകയും അതുവഴി രോഗങ്ങളുടെ ആധിക്യമുണ്ടാവുകയും ചെയ്യുന്നു. മലേറിയ, ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, ജാപ്പനീസ് എൻസേഫലൈടിസ്, ജപ്പാൻ ജ്വരം, മലമ്പനി, മന്ത് തുടങ്ങിയവയെല്ലാം കൊതുകുജന്യ രോഗങ്ങളാണ്.
ടൈഫോയ്ഡ്, വയറിളക്കം, അതിസാരം, ഛർദ്ദി, കോളറ, ഹെപ്പറ്റൈറ്റിസ് എ, വിവിധതരം മഞ്ഞപ്പിത്തങ്ങൾ, എലിപ്പനി, ഷിഗല്ല തുടങ്ങിയവയാണ് പ്രധാനപ്പെട്ട ജലജന്യ രോഗങ്ങൾ. വൃത്തിഹീനമായ ജലത്തിലൂടെയാണ് ജലജന്യ രോഗങ്ങൾ പിടിപെടുന്നത്. പനി, ജലദോഷം, വയറിളക്കം, മറ്റു വൈറൽ പനികൾ തുടങ്ങിയവും മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്നുണ്ട്.

മഴക്കാലത്ത് സർവസാധാരണമായി പടർന്നുപിടിക്കുന്ന ഒരു രോഗമാണ് ജലദോഷപ്പനി അഥവാ ഫ്ളൂ. വിവിധതരം വൈറസുകളാണ് ഈ രോഗകാരണം. മൂക്കൊലിപ്പ്, ചെറിയ പനി, തൊണ്ടവേദന, ചുമ, തലവേദന, ക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗി പരിപൂർണമായി വിശ്രമിക്കുന്നതും തിളപ്പിച്ചാറിയ ചൂടുവെള്ളം കുടിക്കുന്നതും ചൂടുകഞ്ഞി പോലുള്ള ലഘുവായ ആഹാരങ്ങൾ കഴിക്കുന്നതും രോഗശമനത്തിന് സഹായിക്കും.

മലിനജലത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന വൈറസ് രോഗമാണ് ഹെപ്പറ്റെറ്റിസ് എ (മഞ്ഞപ്പിത്തം). രോഗിയുമായി അടുത്തിടപെടുന്നതിലൂടെ രോഗം പകരാം.

ക്യുലക്സ് വിഭാഗത്തിലുള്ള കൊതുക് പകർത്തുന്ന വൈറസ് രോഗമാണ് ജപ്പാൻ ജ്വരം. രോഗാണുക്കൾ ശരീരത്തിൽ കടന്ന് 12 ആഴ്ചകൾക്കുള്ളിൽ രോഗലക്ഷണം പ്രകടമാകും. ശക്തമായ പനി, കടുത്ത ശരീരവേദന, തലവേദന, ക്ഷീണം, ഛർദി തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ബോധക്ഷയം, സ്ഥലകാലബോധം നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും.

ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണിത്. കടുത്ത പനി, തലവേദന, അസഹനീയമായ വേദന, ദേഹത്ത് കാണപ്പെടുന്ന തിണർപ്പുകൾ, കടുത്ത ക്ഷീണം, ഗ്രന്ഥിവീക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. സാധാരണ ഡെങ്കിപ്പനി, രക്തസ്രാവ ലക്ഷണങ്ങളോട് കൂടിയ ഡെങ്കിപ്പനി എന്നിങ്ങനെ ഡെങ്കി രണ്ടുതരത്തിലുണ്ട്. അതിൽ സാധാരണ ഡെങ്കിപ്പനി കൃത്യമായി ഭക്ഷണം കഴിക്കുന്നതിലൂടെയും പൂർണ വിശ്രമത്തിലൂടെയും ശമിക്കും. എന്നാൽ രക്തസ്രാവ ലക്ഷണങ്ങളോട് കൂടിയ ഡെങ്കിയ്ക്ക് (ഹീമറേജിക് ഫീവറിന്) തീവ്രപരിചരണം അനിവാര്യമാണ്. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് വേഗത്തിൽ കുറഞ്ഞ് മരണത്തിന് വരെ കാരണമായേക്കാം.

കോളറയെ തടയാം

മലിനജലത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന ഒരു ബാക്ടീരിയൽ രോഗമാണ് കോളറ. ആളുകൾ തിങ്ങിപ്പാർക്കുന്നതും മാലിന്യ നിർമാർജനം ശാസ്ത്രീയമായി നടപ്പിലാക്കാത്തതുമായ പ്രദേശങ്ങളിലാണ് കോളറ പടർന്നുപിടിക്കുന്നത്. തീവ്രമായ വയറിളക്കമാണ് കോളറയുടെ പ്രധാന ലക്ഷണം. ഛർദ്ദി, സന്ധിവേദന, വിറയൽ തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു.

എങ്ങനെ പ്രതിരോധിക്കാം...

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരേപോലെ പ്രധാനപ്പെട്ടതാണ്. കൊതുകിന്റെ പ്രജനനം തടയുക, കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശീലമാക്കുക,വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് ഒഴിവാക്കുക, വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങൾ, കുപ്പി, ചിരട്ട തുടങ്ങിയവയെല്ലാം വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാത്ത തരത്തിൽ സൂക്ഷിക്കുക, കൊതുകുകടി ഏൽക്കാതിരിക്കാൻ ശരീരഭാഗം പരമാവധി മറയ്ക്കുന്ന വസ്ത്രം ഉപയോഗിക്കുക.

തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക, കുടിവെള്ള സ്രോതസുകൾ ബ്ലീച്ചിംഗ് പൗഡർ, ക്ലോറിൻ ഗുളികകൾ തുടങ്ങിയവ ഉപയോഗിച്ച് ശുചീകരിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും ഭക്ഷണം പാകം ചെയ്യുന്നതിനു മുൻപം കൈകൾ വൃത്തിയായി കഴുകുക, പഴകിയതും തുറന്ന് വച്ചിരിക്കുന്നതുമായ ഭക്ഷണസാധനങ്ങൾ കഴിക്കാതിരിക്കുക, തുറസായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്തിതിരിക്കുക, മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, പഴങ്ങൾ, പച്ചക്കറികൾ ഇവ വൃത്തിയായി കഴുകി ഉപയോഗിക്കുക, കെട്ടിക്കിടക്കുന്ന മലിനജലവുമായുള്ള സമ്പർക്കം ഒഴിവാക്കുക, കൃഷിയിടങ്ങളിലും മലിനമായ പരിസരങ്ങളിലും ജോലി ചെയ്യേണ്ടി വരുന്നവർ നിർബന്ധമായും കയ്യുറ, റബർ ബൂട്ട് എന്നിവ ഉപയോഗിക്കുക, ജോലിചെയ്ത ശേഷം തിളപ്പിച്ചാറിയ വെള്ളം കൊണ്ട് കൈകാലുകൾ വൃത്തിയാക്കുക. അതോടൊപ്പം തന്നെ പുറത്തുനിന്നുള്ള ഭക്ഷണങ്ങളും ജ്യൂസ് പോലുള്ള പാനീയങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളോ അസ്വസ്ഥതകളോ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കുക.

TAGS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.