തിരുവനന്തപുരം : പരിശീലനം പൂർത്തിയാക്കിയ പുതിയ എ.എം.വി.ഐമാരിലെ അവിവാഹിതർ വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം ചോദിക്കില്ലെന്ന് പ്രതിജ്ഞ എടുക്കണമെന്ന് മന്ത്രി കെ.ബി.ഗണേശ് കുമാർ .
ഇവരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീധനത്തിന്റെ പേരിൽ വിസ്മയ ആത്മഹത്യചെയ്തത് ഗതാഗത വകുപ്പിന് വലിയ നാണക്കേടായി.എ.എം.വി.ഐ കിരൺ കുമാറിനെ പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായി. തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കേരള പൊലീസ് ട്രെയിനിംഗ് വിഭാഗം ഐ.ജി ഗുഗുലോത്ത് ലക്ഷ്മൺ, ട്രാൻസ്‌പോർട്ട് കമ്മിഷണർ നാഗരാജു ചകിലം, പൊലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ പി.എൻ.രമേശ് കുമാർ, അഡിഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പി.എസ്. പ്രമോജ് ശങ്കർ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഗതഗാത മെഡലിന് അർഹരായവർക്ക് മന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
സേഫ് കേരള സ്‌ക്വാഡിന് പുതുജീവൻ
68 അസി.വെഹിക്കിൾ ഇൻസ്പെക്ടർമാരും മൂന്ന് ഇൻസ്പെക്ടർമാരുമാണ് പരിശീലനം പൂർത്തിയാക്കിയത്. രണ്ട് വർഷത്തിന് ശേഷമാണ് പുതിയ ബാച്ച് എത്തുന്നത്. ഇവരെ നിരത്തിലെ നിരീക്ഷണത്തിനുള്ള സേഫ് കേരള സ്ക്വാഡിലേക്കാണ് നിയോഗിക്കുക. ഉദ്യോഗസ്ഥക്ഷാമം കാരണം നിർജ്ജീവമായ സേഫ് കേരള സ്‌ക്വാഡിന് പുതുജീവൻ നൽകുകയാണ് ലക്ഷ്യം.
353 ഉദ്യോഗസ്ഥരാണ് സ്‌ക്വാഡിൽ വേണ്ടത്. 18 പേരടങ്ങുന്ന ഒരു ബാച്ചിന്റെ പരിശീലനം പുരോഗമിക്കുകയാണ്. 290 ഇൻസ്പെക്ടർമാരും 614 അസി. ഇൻസ്പെക്ടർമാരുമാണ് സേനയിലുള്ളത്.
ജൂൺ ഒന്ന് മോട്ടോർ വാഹന
വകുപ്പിന്റെ പിറവി ദിനം
#എല്ലാവർഷവും ജൂൺ ഒന്ന് മോട്ടോർ വാഹനവകുപ്പിൻറെ പിറവി ദിനമായി ആഘോഷിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. വകുപ്പിന്റെ ഔദ്യോഗിക പതാകയും മന്ത്രി പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |