തിരുവനന്തപുരം: ഏതാനും ദിവസങ്ങൾക്കുള്ളിൽ കേരളത്തിലെ ഡിസിസി പ്രസിഡന്റുമാർക്ക് മാറ്റമുണ്ടാവുമെന്നും അക്കൂട്ടത്തിൽ തിരുവനന്തപുരം ജില്ലയ്ക്കും പുതിയ ഡിസിസി പ്രസിഡന്റ് വരുമെന്നും എൻ ശക്തൻ. തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷന്റെ താത്‌കാലിക ചുമതല ലഭിച്ചതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലോട് രവി ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാജി വച്ച സാഹചര്യത്തിലാണ് ശക്തന് ചുമതല നൽകിയത്.
'ഇപ്പോൾ എന്നെ ഏൽപ്പിച്ചിരിക്കുന്നത് താത്‌കാലിക ചുമതലയാണ്. ഞാൻ ഇപ്പോൾ കെപിസിസി വൈസ് പ്രസിഡന്റാണ്. അതുതന്നെ ഉന്നതമായ സ്ഥാനമാണ്. അതിനുപുറമെ ഇതൊരു ഉത്തരവാദിത്തം കൂടിയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തുവരുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നയാൾക്ക് വളരെയേറെ പ്രവർത്തിക്കാനുള്ള സമയമാണിത്. പല സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളയാളെന്ന നിലയിലും ദീർഘനാളത്തെ പരിചയസമ്പത്തും കണക്കിലെടുത്ത് ഉത്തരവാദിത്തം പൂർണമായും വിനിയോഗിക്കും. രണ്ട് തിരഞ്ഞടുപ്പുകളിലും തലസ്ഥാന ജില്ലയിൽ കൂടുതൽ സീറ്റുകൾ ലഭിക്കുന്നതിന് ആത്മാർത്ഥമായി പ്രയത്നിക്കും'- എൻ ശക്തൻ വ്യക്തമാക്കി.
നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കോൺഗ്രസ് ഉച്ചികുത്തി താഴെവീഴുമെന്നും എടുക്കാച്ചരക്കായി മാറുമെന്നുമുള്ള വിവാദ ഫോൺ സംഭാഷണം പാർട്ടിക്ക് നാണക്കേടായതിന് പിന്നാലെയാണ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പാലോട് രവി രാജിവച്ചത്. വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ.ജലീലിനോട് പാലോട് രവി കുറച്ചുനാൾ മുൻപ് നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ജലീലിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പാർട്ടി പുറത്താക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |