ന്യൂഡൽഹി: ഗോ പരിപാലനവുമായി ബന്ധപ്പെട്ട സർക്കാർ നയങ്ങളെ വിമർശിക്കുന്നവർ രാജ്യത്തെ നശിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഓം, പശു തുടങ്ങിയ ശബ്‌ദങ്ങൾ കേൾക്കുമ്പോൾ രാജ്യം 16ആം നൂറ്റാണ്ടിലേക്ക് മടങ്ങുകയാണെന്നാണ് ചിലർ വിമർശിക്കുന്നത്. ഇത്തരക്കാർ രാജ്യത്തെ നശിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു. അനിമൽ ഡിസീസ് കൺട്രോൾ പ്രോഗ്രാം ഉദഘാടനം ചെയ്‌ത് സംസാരിക്കുമ്പോഴാണ് മോദിയുടെ പരാമർശം.
ദേശീയ മൃഗരോഗ നിയന്ത്രണ പദ്ധതി (എൻ.എ.ഡി.സി.പി)
കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി വളർത്ത് മൃഗങ്ങളിലെ ബ്രൂസെല്ലോസിസും കുളമ്പുരോഗവും നിർമ്മാർജ്ജനം ചെയ്യുന്നതിനായാണ് ദേശീയ മൃഗരോഗ നിയന്ത്രണ പദ്ധതി ലക്ഷ്യം വയ്‌ക്കുന്നത്. നൂറുശതമാനവും കേന്ദ്ര സർക്കാർ ഫണ്ട് ചെയ്യുന്ന പദ്ധതിക്ക് 2024 വരെയുള്ള അഞ്ചുവർഷത്തേയ്ക്ക് 12,652 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
രാജ്യത്തെ 50 കോടി വളർത്തുമൃഗങ്ങൾക്ക് കുളമ്പുരോഗത്തിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് ഈ പദ്ധതി ഉദ്ദേശിക്കുന്നത്. ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാർഷികം പ്രമാണിച്ച് ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഒക്ടോബർ രണ്ടു മുതൽ എല്ലാവരും ഉപേക്ഷിക്കണമെന്നും മോദി ചടങ്ങിൽ ആവശ്യപ്പെട്ടു.
അതേസമയം, മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. പശുരാഷ്ട്രീയത്തെ വിമർശിക്കുന്നവർക്കെതിരെ സംസാരിച്ച മോദി എന്തുകൊണ്ട് പശുക്കളുടെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ മിണ്ടാത്തതെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |