
ടെഹ്റാൻ: ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിനിടെ 5,000 ത്തിലേറെ പേർ കൊല്ലപ്പെട്ടെന്ന് ഉന്നത ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. മരിച്ചവരിൽ 500ഓളം പേർ സുരക്ഷാ ഉദ്യോഗസ്ഥരാണ്. അതേസമയം, മരണ സംഖ്യ ഇതിലും ഉയർന്നതാണെന്ന് വിവിധ സംഘടനകൾ വാദിക്കുന്നു. 16,000 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നും മൂന്ന് ലക്ഷത്തിലേറെ പേർക്ക് പരിക്കേറ്റിരിക്കാമെന്നും വരെ ചില സംഘടനകൾ ആരോപിക്കുന്നുണ്ട്. അറസ്റ്റിലായവരുടെ എണ്ണം 24,000 കടന്നെന്ന് പറയപ്പെടുന്നു. ആശയവിനിമയ നിയന്ത്രണമുള്ളതിനാലും വിവരങ്ങൾ സർക്കാർ പുറത്തുവിടാത്തതിനാലും കൃത്യമായ കണക്ക് വ്യക്തമല്ല. ഇതിനിടെ, അറസ്റ്റ് ചെയ്യപ്പെട്ട നൂറിലേറെ പ്രക്ഷോഭകർക്ക് മേൽ വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റങ്ങൾ ചുമത്താനാണ് ഇറാൻ അധികൃതരുടെ നീക്കം. തന്റെ ഭീഷണികൾക്ക് വഴങ്ങി 800ഓളം പ്രക്ഷോഭകരുടെ വധശിക്ഷ റദ്ദാക്കിയെന്ന് കാട്ടിയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെയുള്ള സൈനിക നടപടി ഉടൻ വേണ്ടെന്ന് തീരുമാനിച്ചത്.
അതേസമയം, തലസ്ഥാനമായ ടെഹ്റാനിലെ ചില ഓഫീസുകളിൽ പരിമിതമായ ഇന്റർനെറ്റ് കണക്‌റ്റിവിറ്റി ലഭ്യമായി തുടങ്ങിയെന്നാണ് വിവരം. ഇന്റർനെറ്റ് ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുമെന്നാണ് അധികൃതർ പറയുന്നത്. പ്രക്ഷോഭങ്ങൾ തണുത്ത സാഹചര്യത്തിൽ ടെഹ്റാനിലും മറ്റ് പ്രധാന നഗരങ്ങളിലും ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറന്നു. സാമ്പത്തിക തകർച്ചയ്ക്കെതിരെ ഡിസംബർ 28ന് തുടങ്ങിയ പ്രതിഷേധങ്ങൾ ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു.
# ഖമനേയിക്കെതിരെ ട്രംപ്
ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഇറാനെ തകർത്തെന്ന് ട്രംപ്. ഖമനേയിയുടെ ഭരണം അവസാനിപ്പിക്കണമെന്നും ഇറാനിൽ പുതിയ നേതൃത്വമുണ്ടാകേണ്ട സമയമായെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപ് 'ക്രിമിനൽ" ആണെന്നും പ്രക്ഷോഭത്തിന്റെ കാരണക്കാർ യു.എസും ഇസ്രയേലുമാണെന്നും ഖമനേയി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |