കോട്ടയം: വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവും നിയമവിധേയമല്ലാതെ സൂക്ഷിച്ച നൈട്രോസെപാം ഗുളികകളുമായി യുവതി യുൾപ്പെട്ട സംഘം പിടിയിൽ. മണർകാട് മാമുണ്ടയിൽ പ്രിൻസ് (കൊച്ചുമോൻ,25), തിരുവഞ്ചൂർ പള്ളിപ്പറമ്പിൽ ജിബു (23), തിരുവഞ്ചൂർ സരസ്വതി വിലാസം അശ്വിൻ (23), ധീർത്തി രാജ് (26) എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒന്നിനാണ് സംഭവം. ഓട്ടോറിക്ഷയിലാണ് സംഘം ലഹരി വസ്തുക്കൾ വില്പനയ്ക്കായി കൊണ്ടുവന്നത്. പ്രിൻസിന് കാപ്പാ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ ആളും ലഹരിക്കച്ചവടം ഉൾപ്പെടെ പത്തിലധികം കേസുകളിൽ പ്രതിയുമാണ്. അശ്വിൻ നാലോളം കേസുകളിൽ പ്രതിയാണ്. സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. മണർകാട് എസ്.ഐ ഇ.എം സജീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേഷ്, സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |