കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ കോട്ടയത്താണെന്ന കണക്ക് പുറത്തു വന്നിട്ടും സർക്കാർ ആശുപത്രികളിൽ കൊവിഡ് പരിശോധനാ സംവിധാനമില്ലെന്ന് പരാതി. കൊവിഡിന്റെ ലക്ഷണങ്ങളുമായി ചെന്നാലും പനിക്കുള്ള സാദാ മരുന്ന് കൊടുത്തു വിടാനേ കഴിയുന്നുള്ളൂ. അതേസമയം സ്വകാര്യ ആശുപത്രികളിൽ ജലദോഷവുമായി ചെന്നാലും ആർ.ടി.പി.സി.ആർ നടത്തി സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നാണ് ആക്ഷേപം. സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് പോലും തുറന്നിട്ടില്ല. പരിശോധന കാര്യക്ഷമമല്ലാത്തതിനാൽ കൊവിഡ് ബാധിതരുടെ കണക്ക് കൃത്യമല്ല. വൈറൽപ്പനിയടക്കം പടർന്ന് പിടിച്ചതോടെ ആശുപത്രികളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം നീണ്ട ക്യൂ ദൃശ്യമാണ്. സാമൂഹ്യ അകലം പാലിക്കാത്തതിനാൽ ഇതിനിടയിൽ കൊവിഡ് ബാധിതരുണ്ടെങ്കിൽ വ്യാപനത്തോത് വർദ്ധിക്കും. ആശങ്ക വേണ്ടെന്നും തീവ്രത കുറവാണെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്. ആശുപത്രികളിൽ മാസ്‌കടക്കം ധരിക്കാൻ പോലും പലരും വിമുഖത കാട്ടുകയാണ്. സ്‌കൂൾ കൂടി തുറന്നതോടെ പലരും ആശങ്കയിലാണ്. മൂന്നു വർഷം മുമ്പ് കൊവിഡ് വ്യാപന കാലത്തു പുലർത്തിയ ജാഗ്രതയും കരുതലും തുടരണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ആരോഗ്യ വകുപ്പ് ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരുമെന്നാണ് ചുറ്റവട്ടത്തിന് മുന്നറിയിപ്പ് നൽകാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |