മലയാളത്തിലേക്ക് മികച്ച നടിക്കുള്ള ദേശീയ അംഗീകാരം കൊണ്ടുവന്നെങ്കിലും നിത്യ മേനനെ മാതൃഭാഷാ സിനിമയിൽ കാണുന്നില്ല. തമിഴിൽ വിജയ് സേതുപതിയുടെയും ധനുഷിന്റെയും സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. മലയാള സിനിമയെ നിത്യ മറന്നോ എന്നാണ് ആരാധകരുടെ ചോദ്യം. ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ മികച്ച കഥാപാത്രങ്ങൾ ഏറെയും തമിഴിലും തെലുങ്കിലും കന്നടയിലുമാണ് തേടി എത്തിയതെന്ന് ഒരുകൂട്ടം ആരാധകർ ചൂണ്ടിക്കാട്ടുന്നു. തിരുച്ചിത്രമ്പലം എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് നിത്യയ്ക്ക് ദേശീയ അംഗീകാരം ലഭിച്ചത്.
തെലുങ്ക് സിനിമയിൽ ഒരു അഭിനേത്രിക്കു ലഭിക്കാവുന്ന പരമോന്നത പുരസ്കാരമായ നന്ദി അവാർഡ് രണ്ട് തവണയും നാല് തവണ ഫിലിം ഫെയർ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. യാദൃശ്ചികമായി കണ്ടുമുട്ടിയ തെലുങ്ക് സംവിധായിക ബി.വി. നന്ദിനി റെഡ്ഡിയാണ് അഭിനയ രംഗത്തേക്ക് കൈപിടിച്ചു ഉയർത്തിയത്. ഹനുമാൻ സിനിമയിൽ എട്ടാം വയസിൽ അഭിനയിച്ചു. 7 ഒ ക്ളോക്ക് എന്ന കന്നട ചിത്രത്തിൽ അഭിനയിക്കുമ്പോൾ 15 വയസ്. മോഷ് എന്ന കന്നട ചിത്രമാണ് കരിയർ മാറ്റിവരയ്ക്കുന്നത്. സന്തോഷ് ശിവന്റെ ഉറുമി എന്ന സിനിമയിലും തിളങ്ങി. ദുൽഖറിനൊപ്പം ഒരേസമയം നാല് ഭാഷകളിൽ തിളങ്ങി എന്ന പ്രത്യേകത നിത്യയ്ക്ക് അവകാശപ്പെട്ടതാണ്. അക്ഷയ് കുമാറിന്റെ മിഷൻ മംഗൽ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് പ്രവേശം. ഡിസ്‌നി പ്ളസ് ഹോട് സ്റ്റാറിൽ വന്ന മാസ്റ്റർപീസ് എന്ന വെബ് സീരിസ് ആണ് മലയാളത്തിൽ നിത്യയുടെ അവസാന പ്രോജക്ട്. കോളാമ്പി ആണ് അവസാന മലയാളം ചിത്രം. വിജയ് സേതുപതിയോടൊപ്പം തലൈവൻ തലൈവി, ധനുഷിന്റെ നായികയായി ഇഡ്ഡലി കടൈ എന്നിവയാണ് തമിഴ് ചിത്രങ്ങൾ. നിത്യയുടെ മലയാള ചിത്രം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |