ബോളിവുഡ് നടി സോനം കപൂർ വീണ്ടും അമ്മ ആകുന്നു.
സോനം വീണ്ടും ഗർഭിണിയാണെന്ന രീതിയിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ താരം ഇക്കാര്യം വെളിപ്പെടുത്തി.
ബോളിവുഡിലെ ഫാഷൻ ഐക്കൺ കൂടിയായ സോനംതന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചാണ് ഗർഭിണിയാണെന്ന് പ്രഖ്യാപിച്ചത്. ഒരു ഹോട്ട്-പിങ്ക് ഡ്രസ്സിൽ ബേബി ബമ്പ് പ്രദർശിപ്പിച്ചുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. ചിത്രത്തിന് 'അമ്മ' എന്നാണ് സോനം നൽകിയ കുറിപ്പ്.
ഗർഭധാരണത്തെക്കുറിച്ച് അഭ്യൂഹങ്ങൾ നേരത്തേ പ്രചരിച്ചിരുന്നു. ഒക്ടോബറിൽ സോനം രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെയാണ് ഇപ്പോഴത്തെ പ്രഖ്യാപനം.
ഏറെ വർഷത്തെ ഡേറ്റിംഗിന് ശേഷം 2018 മേയ് മാസത്തിലാണ് സോനം വ്യവസായിയായ ആനന്ദ് അഹൂജയെ വിവാഹം കഴിച്ചത്. 2022 ആഗസ്റ്റിൽ ഇവർക്ക് വായു എന്ന പേരിൽ ആൺകുഞ്ഞ് പിറന്നു.
നടൻ അനിൽ കപൂറിന്റെ മകളായ സോനം, സഞ്ജയ് ലീല ബൻസാലിയുടെ ബ്ലാക്ക്' എന്ന ചിത്രത്തിൽ സഹസംവിധായികയായി പ്രവർത്തിച്ചാണ് കരിയർ ആരംഭിച്ചത്. 2007ൽ ബൻസാലിയുടെ റൊമാന്റിക് ഡ്രാമ 'സാവരിയ'യിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. 2023-ൽ ഷം മഖീജ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ 'ബ്ലൈൻഡ്' ആണ് അവസാനമായി അഭിനയിച്ച ചിത്രം.


