തിരുവനന്തപുരം : സംസ്ഥാനത്തെ സ്വാശ്രയ നഴ്സിംഗ് കോളേജുകൾക്ക് നഴ്സിംഗ് കൗൺസിൽ അഫിലിയേഷൻ നൽകാത്തതിനാൽ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള ബി.എസ്‌സി നഴ്സിംഗ് പ്രവേശനം അനിശ്ചിതത്വത്തിൽ. സർക്കാർ സീറ്റുകളിലേക്ക് എൽ.ബി.എസിൽ അപേക്ഷ സമർപ്പിക്കേണ്ട സമയം ഈമാസം ഏഴിന് അവസാനിക്കും. എന്നാൽ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനം എങ്ങുമെത്താത്തത് വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നു.
കോളേജുകൾക്കുള്ള അഫിലിയേഷൻ ഉൾപ്പെടെ നൽകിയ ശേഷം സർക്കാർ,സ്വാശ്രയ സീറ്റുകളിലേക്ക് ഒരേസമയമായിരുന്നു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നത്. ഇത്തവണ കേരളത്തിൽ പ്ലസ്ടു ഫലം വരുന്നതിന് മുമ്പേ എൽ.ബി.എസ് നഴ്സിംഗ് പ്രവേശനത്തിനുള്ള അപേക്ഷക്ഷണിച്ചതോടെ സ്വാശ്രയകോളേജുകൾ ഇടഞ്ഞു.പിന്നാലെ, ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേ വിളിച്ച യോഗത്തിൽ ഉടൻ അഫിലിയേഷൻ നൽകാമെന്ന് അറിയിച്ചെങ്കിലും നടപ്പായില്ല.
ഇതോടെ പ്രശ്നപരിഹാരത്തിനായി മന്ത്രി വീണാജോർജ് നേരിട്ട് യോഗം വിളിച്ചിരിക്കുകയാണ്. നാളെ ഉച്ചയ്ക്ക് സെക്രട്ടേറിയറ്റിൽ നടക്കുന്ന യോഗത്തിൽ പ്രവേശന നടപടികളിൽ വ്യക്തതവരാനാണ് സാദ്ധ്യത. നഴ്സിംഗ് കൗൺസിൽ അംഗങ്ങളുടെ കാലാവധി കഴിഞ്ഞതിനാൽ യോഗം ചേരാത്തതാണ് ഇക്കുറി കോളേജുകൾ അഫിലിയേഷൻ നൽകാൻ കഴിയാത്തത്. കൗൺസിലിന്റെ കാലാവധി കഴിഞ്ഞാൽ ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് കൗൺസിൽ പ്രസിഡന്റിന്റെ ചുമതല. ആരോഗ്യവകുപ്പ് ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ കൗൺസിൽ യോഗം ചേരാം. പുതിയ കൗൺസിൽ നിലവിൽ വരുന്നത് വരെ ഈ യോഗത്തിൽ കാലാവധി കഴിഞ്ഞ അംഗങ്ങൾക്ക് പങ്കെടുക്കാം. കൗൺസിലും സർക്കാരും തമ്മിലുള്ള ശീതയുദ്ധം തുടരുന്നതിനാൽ കാലാവധി കഴിഞ്ഞ അംഗങ്ങളെ പങ്കെടുപ്പിച്ച് യോഗം വിളിക്കുന്നതിൽ സർക്കാരിന് താത്പര്യമില്ലെന്നാണ് വിവരം.
മുതലെടുക്കാൻ ഏജന്റുമാർ!
കേരളത്തിൽ മാനേജ്മെന്റ് സീറ്റ് പ്രവേശനം വൈകുന്നത് മുതലെടുത്ത് അയൽ സംസ്ഥാനങ്ങളിലെ ഏജന്റുമാർ. മാർക്ക് കുറവുള്ള കുട്ടികളെ തേടിപ്പിടിച്ച് ഉയർന്ന തലവരിവാങ്ങി കുട്ടികളെ വലയിലാക്കാനുള്ള ശ്രമവും തുടങ്ങി. കേരളത്തിൽ സീറ്റ് കാത്തിരുന്ന് കിട്ടിയില്ലെങ്കിൽ അപ്പോഴേക്കും ഇതര സംസ്ഥാനങ്ങളിൽ സീറ്റുകൾ ലഭിക്കില്ലെന്നാണ് ഏജന്റുമാർ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും പറയുന്നത്.ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇക്കൂട്ടർ.
കോളേജുകൾ, സീറ്റ്
ആകെ നഴ്സിംഗ് കോളേജുകൾ..............160
സ്വാശ്രയ കോളേജുകൾ............................124
ആകെ സീറ്റുകൾ.........................................9,883
സ്വാശ്രയ കോളേജുകളിൽ........................7,613
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |