തളിപ്പറമ്പ്: അരിയിൽ ഷുക്കൂർ വധക്കേസിലെ സാക്ഷികളെ തട്ടിക്കൊണ്ടുപോയി മൊഴിമാറ്റിച്ചെന്ന കേസിൽ സി.പി.എം പ്രാദേശിക നേതാവ് സി.പി.സലീമിനെ തെളിവുകളുടെ ആഭാവത്തിൽ തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എം.വി. അനുരാജ് വെറുതെവിട്ടു. കേസിലെ പ്രതികളായ പി.ജയരാജനും ടി.വി.രാജേഷിനുമെതിരെ മൊഴി നൽകിയ തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ പ്യുൺ സി.പി.അബു, മുസ്ലിം ലീഗ് പ്രവർത്തകനായ സാബിർ എന്നിവരെ തട്ടിക്കൊണ്ടുപോയി മൊഴിമാറ്റിച്ചെന്ന കേസിലാണ് വിധി. കേസിലെ പ്രതിഭാഗം അഭിഭാഷകനായ നിക്കോളാസ് ജോസഫും തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയായിരുന്നു. എന്നാൽ നിക്കോളസ് ജോസഫിനെ ഹൈക്കോടതി പ്രതിസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
ആശുപത്രിയിൽ ചികിത്സയിൽകഴിയവെ ജയരാജനും രാജേഷും ഷുക്കൂറിനെ കൊല്ലാൻ നിർദ്ദേശം നൽകുന്നത് കേട്ടെന്നായിരുന്ന സാക്ഷി മൊഴി.
2013 സെപ്തംബർ 21ന് അബുവിനേയും സാബിറിനേയും തളിപ്പറമ്പിൽ നിന്ന് സലീം നിർബന്ധിച്ച് കാറിൽ കയറ്റി ബക്കളത്തെ ഹോട്ടലിലെത്തിച്ച് സലീമും നിക്കോളജ് ജോസഫും ചേർന്ന് ഭീഷണിപ്പെടുത്തി വിവിധ കടലാസുകളിൽ ഇരുപതോളം ഒപ്പിടുവിച്ചു. രാത്രിയോടെ തളിപ്പറമ്പിൽ കൊണ്ടുവിട്ടു. പിറ്റേന്ന് മൊഴിമാറ്റിയെന്ന വാർത്തവന്നപ്പോഴാണ് ഇതുസംബന്ധിച്ച കടലാസുകളിലാണ് ഒപ്പിട്ടതെന്ന് അറിയുന്നതെന്ന് ഇരുവരും നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ ഗൾഫിൽ പോയ സാബിർ പിന്നീട് കേസിൽ ഹാജരായില്ല. 2012 സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ കാർ തടഞ്ഞെന്ന ആരോപണത്തിന് പിന്നാലെ 2012 ഫെബ്രുവരി 20നാണ് ഷുക്കൂർ കൊല്ലപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |