രാജാവ് അല്ലെങ്കിൽ രാജകുടുംബാംഗം എന്ന് കേൾക്കുമ്പോൾ ആഡംബര വസ്‌ത്രങ്ങളണിഞ്ഞ് പല്ലക്കിൽ പോകുന്ന രംഗങ്ങളാണ് പലരുടെയും മനസിൽ ഇപ്പോഴും വരുന്നത്. എന്നാൽ, രാജകുടുംബാംഗം സാധാരണ മനുഷ്യരെ പോലെ ജീവിക്കുന്നരാണെന്ന് തെളിയിച്ച വ്യക്തിയാണ് മഹാറാണി രാധികരാജെ ഗെയ്‌ക്‌വാദ്. സാധാരണ മനുഷ്യരെ പോലെ പഠന സമയത്ത് ബസിൽ യാത്ര ചെയ്‌താണ് ഇവർ കോളേജിലേക്ക് പോലും പോയിരുന്നത്. രാധികരാജെ ഗെയ്‌ക്‌വാദിനെക്കുറിച്ച് കൂടുതൽ അറിയാം.
ആരാണ് രാധികരാജെ ഗെയ്‌ക്‌വാദ്?
ഏറ്റവുമധികം ആരാധിക്കപ്പെടുന്ന രാജകുടുംബാംഗങ്ങളിൽ ഒരാളാണ് ബറോഡയിലെ മഹാറാണി രാധികരാജെ ഗെയ്‌ക്‌വാദ്. ഗുജറാത്തിലെ വാങ്കനെർ സംസ്ഥാനത്തിൽ 1978 ജൂലായ് 19നാണ് രാധികരാജെ ജനിച്ചത്. ജയ്‌പൂരിലെ ഇതിഹാസ മഹാറാണി ഗായത്രി ദേവിയുമായി പലപ്പോഴും രാധികരാജെയെ താരതമ്യപ്പെടുത്താറുണ്ട്. രാധികരാജെ യുടെ സൗന്ദര്യവും ചാരുതയും പലപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ രാജകീയ പദവിക്കപ്പുറം, സോഷ്യൽ മീഡിയയിലും ഇവർ സജീവമാണ്. രാജകുടുംബത്തിന്റെ മഹത്തായ പരിഹാടികളും ചടങ്ങുകളും മുതൽ യാത്രകളുടെ നിമിഷങ്ങൾ വരെ രാധികരാജെ ഗെയ്‌ക്‌വാദ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കാറുണ്ട്. ചരിത്രത്തെ വർത്തമാനകാലവുമായി സന്തുലിതമാക്കുന്ന ഒരു രാജകീയ ജീവിതത്തിലേക്കുള്ള കാഴ്‌ചകളാണ് അവർ ആരാധകർക്ക് മുന്നിൽ പങ്കുവയ്‌ക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് ഇൻസ്റ്റഗ്രാമിൽ രാധികരാജെ ഗെയ്‌ക്‌വാദിനെ ഫോളോ ചെയ്‌തിരിക്കുന്നത്.
രാജകുടുംബത്തെ തെറ്റായി അവതരിപ്പിക്കുന്നു
സിനിമകളിലും ടിവി ഷോകളിലും രാജകുടുംബാംഗങ്ങളെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനെപ്പറ്റി രാധികരാജെ അടുത്തിടെ നടത്തിയ പരാമർശം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ദി റോയൽസ്' എന്ന ടിവി സീരീസിനെ പരാമർശിച്ചുകൊണ്ടായിരുന്നു വിമർശനം. ഇന്ത്യയുടെ സാംസ്‌കാരികവും സാമൂഹികവുമായി ഭൂപ്രകൃതിയിൽ നിരവധി രാജകുടുംബാംഗങ്ങൾ സജീവമായി സംഭാവന ചെയ്യുന്നുണ്ടെന്ന് ഊന്നിപ്പറയുന്ന ഒരു നീണ്ട കുറിപ്പ് തന്നെ രാധികരാജെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. "ദി റോയൽ ഇഗ്നോർ" എന്ന തലക്കെട്ടോടെയായിരുന്നു കുറിപ്പ്.
' 1947 മുതൽ ഇന്ത്യയിലെ രാജകുടുംബങ്ങളെക്കുറിച്ചുള്ള ചിത്രീകരണങ്ങളിൽ മാറ്റമുണ്ടായിട്ടില്ല. കൊട്ടാരങ്ങളിൽ മാത്രം കഴിയുന്ന മുത്തുകളും ഷിഫോണും മാത്രം ധരിക്കുന്നവരായിട്ടാണ് ഞങ്ങളെ ഇപ്പോഴും കണക്കാക്കുന്നത്. യാഥാർത്ഥ്യത്തിൽ നിന്നും വളരെ അകലെയാണീ ചിന്തകൾ. പല രാജകുടുംബാംഗങ്ങളും ഇപ്പോൾ ബിസിനസിലും രാഷ്‌ട്രീയത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ് ' , എന്നാണ് രാധികരാജെയുടെ കുറിപ്പിൽ പ്രധാനമായും പറഞ്ഞിരുന്നത്.
പിതാവിന്റെ പാത പിന്തുടർന്ന്
പൊതുസേവനത്തോട് ആഴത്തിൽ പ്രതിബദ്ധതയുള്ള കുടുംബമാണ് രാധികരാജെയുടേത്. അവരുടെ പിതാവ് ഡോ. എം കെ രഞ്ജിത്സിംഗ് ഝാല, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ചേരുന്നതിനായി രാജകീയ ആഡംബരങ്ങൾ ഉപേക്ഷിച്ച വ്യക്തിയാണ്. വന്യജീവികളെ സംരക്ഷിക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. 1972ലെ ഇന്ത്യയുടെ വന്യജീവി (സംരക്ഷണ) നിയമത്തിന് പിന്നിലെ പ്രധാന വ്യക്തിയായിരുന്നു അദ്ദേഹം. ചീറ്റകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിലും അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു. അതിനാൽ തന്നെ "ഇന്ത്യയുടെ ചീറ്റ മനുഷ്യൻ" എന്ന വിളിപ്പേര് രഞ്ജിത്സിംഗ് ഝാലയ്‌ക്കുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് രാധികരാജെ വിദ്യാഭ്യാസത്തെ ഗൗരവമായി കണ്ടു. ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് ഇന്ത്യൻ ചരിത്രം പഠിച്ച അവർ ഒരു പത്രപ്രവർത്തകയായി ജോലി ചെയ്തു. കോളേജ് പഠനകാലത്ത് പൊതു ബസുകളിലാണ് താൻ സഞ്ചരിച്ചിരുന്നതെന്ന് അവർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. 2002ൽ മുൻ ക്രിക്കറ്റ് താരം ബറോഡയിലെ മഹാരാജ സമർജിത്സിംഗ് ഗെയ്‌ക്‌വാദിനെ അവർ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് പെൺമക്കളാണുള്ളത്.
ബക്കിംഗ്‌ഹാം കൊട്ടാരത്തേക്കാൾ വലിയ വസതി
രാധികരാജെ ഗെയ്‌ക്‌വാദിന്റെ ലക്ഷ്‌മി വിലാസം കൊട്ടാരമാണ് ലോകത്തിലെ ഏറ്റവും വലിപ്പമുള്ള സ്വകാര്യ വസതി. ലണ്ടനിലെ രാജകൊട്ടാരമായ ബക്കിംഗ്‌ഹാം കൊട്ടാരത്തേക്കാൾ നാലിരട്ടി വലിപ്പമാണ് ലക്ഷ്‌മി വിലാസം കൊട്ടാരത്തിന്. അംബാനി, അദാനി എന്നുവരുടെ അത്യാഡംബര വസതിയേക്കാളും വലുപ്പം ഈ കൊട്ടാരത്തിനുണ്ട്. ഒരുകാലത്ത് ബറോഡ ഭരിച്ചിരുന്നവരാണ് ഗെയ്‌ക്‌വാദുമാർ.
1890ൽ മഹാരാജ സയാജിറാവു ഗെയ്‌ക്‌വാദ് മൂന്നാമൻ ആണ് ലക്ഷ്‌മി വിലാസം കൊട്ടാരം നിർമ്മിച്ചത്. ഹൗസിംഗ് ഡോട്ട് കോമിന്റെ കണക്കുകൾ പ്രകാരം 3,04,92,000 ചതുരശ്ര അടിയിലാണ് ലക്ഷ്‌മി വിലാസം കൊട്ടാരം പണിതിരിക്കുന്നത്. 8,28,821 ചതുരശ്ര അടിയാണ് ബക്കിംഗ്‌ഹാം കൊട്ടാരത്തിന്. 15,000 കോടി രൂപ വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും സമ്പന്ന വസതിയായ മുകേഷ് അംബാനിയുടെ ആന്റിലിയയുടെ വിസ്തീർണ്ണം 48,780 ചതുരശ്ര അടിയാണ്. ലക്ഷ്മി വിലാസം കൊട്ടാരത്തിൽ 170ലധികം മുറികളുള്ളതാണ്. അക്കാലത്ത് ഏകദേശം 180,000 ബ്രിട്ടൺ പൗണ്ടിനാണ് (1,90,97,985.08 രൂപ) കൊട്ടാരം പണിതത്. കൊട്ടാരത്തിൽ ഒരു ഗോൾഫ് കോഴ്‌സും ഉണ്ട്.
നിലവിൽ കുടുംബത്തിന്റെ ഏറ്റവും തലപ്പത്തുള്ളയാൾ രാധികരാജെയുടെ ഭർത്താവ് ഹിസ് റോയൽ ഹൈനസ് സമർജിത്സിംഗ് ഗെയ്‌ക്‌വാദാണ്. 2012ൽ ലക്ഷ്മി വിലാസ് കൊട്ടാരത്തിൽ നടന്ന പരമ്പരാഗത ചടങ്ങിലാണ് സമർജിത്‌സിംഗ് ഗെയ്‌ക്‌വാദ് ബറോഡ കിരീടം ചൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |